അമിത് ഷായും ഉദ്ധവ് താക്കറെയും
അമിത് ഷായും ഉദ്ധവ് താക്കറെയും

ഉദ്ധവ് താക്കറെ ബിജെപിയെ വഞ്ചിച്ചു; പാഠം പഠിപ്പിക്കുമെന്ന് അമിത് ഷാ

2019ൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് ശിവസേനയെ എൻഡിഎയുടെ വെളിയിലെത്തിച്ചത്.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ ബിജെപിയെ വഞ്ചിച്ചുവെന്നും താക്കറെയെ പാഠം പഠിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് മുംബൈയിൽ നടന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം താക്കറെയ്ക്കെതിരെ തുറന്നടിച്ചത്

പാർട്ടിയിലെ പിളർപ്പിനും തുടർന്നുള്ള സംഭവങ്ങൾക്കും കാരണക്കാരൻ താക്കറെയെന്നാണ് അമിത് ഷായുടെ ആരോപണം. "ഉദ്ധവ് താക്കറെ ബിജെപിയെ മാത്രമല്ല ഒറ്റിക്കൊടുത്തത്, പ്രത്യയശാസ്ത്രത്തെ തന്നെ ഒറ്റിക്കൊടുത്തു. മഹാരാഷ്ട്രയിലെ ജനവിധിയെ ഒന്നടങ്കം ഉദ്ധവ് അവഹേളിക്കുച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഞങ്ങൾക്ക് രാഷ്ട്രീയത്തിൽ എന്തും സഹിക്കാൻ കഴിയും പക്ഷേ ഞങ്ങൾ ആരെയും വഞ്ചിക്കാറില്ല.
അമിത് ഷാ

അധികാരത്തോടുള്ള അത്യാഗ്രഹം കൊണ്ടാണ് താക്കറെയുടെ പാർട്ടി ഇന്ന് ചുരുങ്ങിപ്പോയതെന്നും ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം ഞങ്ങൾ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഞങ്ങൾ ജനങ്ങൾക്കിടയിൽ ഇറങ്ങിയാണ് പ്രവർത്തിക്കുന്നതെന്നും അടഞ്ഞ മുറികളിൽ ഇരുന്നല്ല ഞങ്ങൾ രാഷ്ട്രീയം പറയുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ തട്ടിപ്പും വഞ്ചനയും നടത്തുന്നവർ ശിക്ഷിക്കപ്പെടണമെന്നും വരാനിരിക്കുന്ന മുംബൈയിലെ സിവിൽ തെരഞ്ഞെടുപ്പിനുള്ള 'മിഷൻ 150' വഴി ഇത് നേടിയെടുക്കാനാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ബിജെപി ഏറെക്കാലമായി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന രാജ്യത്തെ ഏറ്റവും സമ്പന്നമായ കോർപ്പറേഷനാണ് ബൃഹൻമുംബൈ കോർപ്പറേഷൻ. ബൃഹൻമുംബൈ കോർപ്പറേഷൻ തിരഞ്ഞടുപ്പിൽ 150 സീറ്റുകൾ നേടുകയാണ് ബിജെപിയുടെയും യഥാർത്ഥ ശിവസേനയുടെയും ലക്ഷ്യം. കൂടാതെ പൊതുജനങ്ങൾ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുക്കുന്ന ഉദ്ധവ് താക്കറെയുടെ പാർട്ടിക്കൊപ്പമല്ലെന്നും മോദിജി നയിക്കുന്ന ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ മോദിതരംഗം നൽകിയ ആത്മവിശ്വാസവും സീറ്റു വിഭജനത്തെച്ചൊല്ലിയുള്ള തർക്കവും മൂലമാണ് 25 വർഷത്തെ ബിജെപി- ശിവസേന ബന്ധം ആദ്യമായി തകർന്നത്. ആ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ബിജെപിയ്ക്ക് ആയെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെ ശിവസേനയെ വീണ്ടും എൻഡിഎ സഖ്യത്തിന്റെ ഭാഗമാക്കുകയായിരുന്നു.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തിൽ എൻഡിഎ കേവല ഭൂരിപക്ഷം മറികടന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേച്ചൊല്ലിയുള്ള തർക്കമാണ് ബിജെപി-ശിവസേന സഖ്യം വീണ്ടും വേർപിരിയാൻ ഇടയാക്കിയത്. തുടർന്ന് ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻസിപി) കോൺഗ്രസുമായും ചേർന്ന് മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചു.

എന്നാൽ മഹാരാഷ്ട്രയിൽ ശിവസേനയുടെ ചെലവിൽ ബിജെപി വളർന്നു വരുന്നു എന്നാണ് താക്കറെയുടെ ആരോപണം. കൂടാതെ ബിജെപിയുമായുള്ള സഖ്യത്തിൽ തന്റെ പാർട്ടി 25 വർഷം പാഴാക്കിയെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ബിജെപിയുടെ ദേശീയ അഭിലാഷങ്ങൾ നേടിയെടുക്കാൻ എക്കാലവും പൂർണ്ണഹൃദയത്തോടെ പിന്തുണച്ച പാർട്ടിയാണ് ശിവസേനയെന്നും എന്നാൽ അവർ ഞങ്ങളെ നശിപ്പിക്കാനാണ് ശ്രമിച്ച് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in