ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

എംഎൽഎമാർക്കു പിന്നാലെ എംപിമാരും ഷിന്‍ഡെ പക്ഷത്തേക്ക്; അപ്രതീക്ഷിത നീക്കത്തില്‍ പകച്ച് ഉദ്ധവ്

19 എംപിമാരിൽ 12 പേരാണ് ഏക്നാഥ് ഷിൻഡെയുമായി ബന്ധപ്പെട്ടത്

മഹാരാഷ്ട്രയില്‍, ശിവസേനാ എംഎല്‍എമാര്‍ കൂട്ടത്തോടെ കൂടുമാറിയതോടെയാണ് ഉദ്ധവ് താക്കറെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം സര്‍ക്കാരിന് താഴെയിറങ്ങേണ്ടിവന്നത്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് വിമതപക്ഷം ശിവസേനയെ പിളര്‍ത്തിയത്. ബിജെപി പിന്തുണയില്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍, സംസ്ഥാനത്തെ രാഷ്ട്രീയ ചുവടുമാറ്റം അവസാനിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ക്കു പിന്നാലെ, എംപിമാരും ഷിന്‍ഡെ പക്ഷത്തോട് അടുക്കുകയാണെന്നാണ് വിവരം. മന്ത്രിസഭയെ കുറിച്ച് ബിജെപി നേതൃത്വവുമായി ചർച്ച ചെയ്യുന്നതിനായി ഷിന്‍ഡെ നടത്തിയ ഡൽഹി സന്ദർശനത്തിനു പിന്നാലെയാണ് നിർണായക നീക്കം നടന്നത്. അപ്രതീക്ഷിത നീക്കത്തില്‍, ഉദ്ധവ് താക്കറെ കൂടുതല്‍ ഒറ്റപ്പെടുകയാണ്.

മഹാരാഷ്ട്രയില്‍ നിന്നുള്ള 18 പേര്‍ ഉള്‍പ്പെടെ 19 എംപിമാരാണ് ശിവസേനയ്ക്ക് ലോക്സഭയിലുള്ളത്. ഇവരില്‍ 12 പേരാണ് ഷിന്‍ഡെ പക്ഷത്തോട് അടുക്കുന്നത്. ഇവര്‍ വെർച്വൽ മീറ്റിംഗ് വഴി ഷിന്‍ഡെയുമായി ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിന്‍ഡെ പക്ഷത്തെ അനുകൂലിക്കുന്നവര്‍ ലോക്സഭയില്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിയേക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. മുംബൈ സൗത്ത് സെൻട്രൽ എംപി രാഹുൽ ഷെവാലെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പ്രത്യേക ഗ്രൂപ്പിനെക്കുറിച്ച് എംപിമാർ സ്പീക്കർ ഓം ബിർളയ്ക്ക് കത്തും അയച്ചിട്ടുണ്ട്.

പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കാനുള്ള അഭ്യർഥനയിൽ സ്പീക്കർ തീരുമാനമെടുത്ത ശേഷമാകും എംപിമാർ ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനുവേണ്ടി അവകാശവാദമുന്നയിക്കുക. ശിവസേനയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ അമ്പും വില്ലും അവകാശപ്പെട്ട്‌ ഷിൻഡെ പക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ബാൽ താക്കറെ രൂപപ്പെടുത്തിയ ചിഹ്നത്തിൽ വിമതർക്ക്‌ അവകാശമില്ലെന്നാണ് ഉദ്ധവ്‌ പക്ഷക്കാരനായ സിന്ധുദുർഗ്‌ എംപി വിനായക്‌ റാവത്ത്‌ പ്രതികരിച്ചത്.

 ഭാവന ഗാവ്‌ലി എംപി
ഭാവന ഗാവ്‌ലി എംപി

പുതിയ സംഘത്തിന് ചീഫ് വിപ്പിനെയും നിയമിക്കാമെന്നിരിക്കെ യവത്മാൽ എംപി ഭാവന ഗാവ്‌ലി ആ സ്ഥാനത്തേക്ക് എത്താനാണ് സാധ്യത. നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ഭാവനയെ നീക്കിയ ഉദ്ധവ്‌ പകരം രാജൻ വിചാരെയെ നിയമിച്ചിരുന്നെങ്കിലും സ്പീക്കർ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിരുന്നില്ല. ഷിൻഡെ വിഭാഗവുമായി ധാരണയിൽ എത്താനും ബിജെപിക്കൊപ്പം നീങ്ങാനും അഭ്യർഥിച്ചതിന്റെ പേരിലാണ് ഭാവനയെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും ഉദ്ധവ് നീക്കിയത്.

രാഹുൽ ഷെവാലെ എംപി
രാഹുൽ ഷെവാലെ എംപി

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാൻ ഉദ്ധവിനോട്‌ ആവശ്യപ്പെട്ടയാളാണ് രാഹുൽ ഷെവാലെ. ബിജെപിയുമായി സഹകരിക്കാൻ അഭ്യർഥിച്ച്‌ കത്തയച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട ആളാണ് ഭാവന. ഇരുവര്‍ക്കുമൊപ്പം ഭൂരിപക്ഷം എംപിമാരും മറുപക്ഷം ചാടിയതോടെ, പാര്‍ലമെന്‍റിലും ഉദ്ധവ് പക്ഷം ദുര്‍ബലമാകുകയാണ്.

logo
The Fourth
www.thefourthnews.in