ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

ത്രിശൂലം, ഉദയ സൂര്യന്‍, ടോര്‍ച്ച്: പുതിയ ചിഹ്നം പരിഗണിച്ച് ഉദ്ധവ് താക്കറെ

ശിവസേനയില്‍ വിമതര്‍ നടത്തിയ നീക്കത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍

മുംബൈയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം പുതിയ മൂന്ന് പേരുകളും ചിഹ്നങ്ങളും നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശിവസേന ബാലാസാഹേബ് താക്കറെ, ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ, ശിവസേന ബാലാസാഹേബ് പ്രബോധങ്കര്‍ താക്കറെ എന്നീ മൂന്ന് പേരുകള്‍ക്കാണ് പരിഗണന നല്‍കുന്നത്. ത്രിശൂലം, ഉദയ സൂര്യന്‍, ടോര്‍ച്ച് എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ നല്‍കിയിരിക്കുന്ന ചിഹ്നങ്ങള്‍.

ത്രിശൂലം, ഉദിക്കുന്ന സൂര്യന്‍, ടോര്‍ച്ച് എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ നല്‍കിയിരിക്കുന്ന ചിഹ്നങ്ങള്‍.

ചിഹ്നങ്ങളെ ചൊല്ലി താക്കറെ-ഷിന്‍ഡേ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പുതിയ പേരുകള്‍ അടങ്ങിയ പട്ടിക സമര്‍പ്പിക്കാന്‍ രണ്ട് പക്ഷത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ശിവസേനയില്‍ വിമതര്‍ നടത്തിയ നീക്കത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. പാര്‍ട്ടിയില്‍ ജനപിന്തുണയില്ലാത്ത താക്കറെ വിഭാഗമാണ് ന്യൂനപക്ഷമെന്ന് ഷിന്‍ഡെ വിഭാഗം ആരോപിക്കുകയും, പാര്‍ട്ടിക്ക് മേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

ശിവസേനയിലെ എംഎൽഎയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ് പ്രകാരം ഇരു കൂട്ടരും ഇനി പുതിയ പേരുകള്‍ തിരഞ്ഞെടുക്കണം. അതിന്റെ ഫലമായാണ് ഉദ്ധവ് താക്കറെ പക്ഷം ചിഹ്നങ്ങളുടെയും പാര്‍ട്ടിയുടെ പേരുകളുടെയും പട്ടിക നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന രേഖകള്‍ ഓഗസ്റ്റ് 8 നകം സമര്‍പ്പിക്കാന്‍ ഇരുകൂട്ടരോടും കമ്മീഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശിവസേനയിലെ എംഎല്‍എ ആയിരുന്ന രമേഷ് ലട്‌കെയുടെ മരണത്തെ തുടര്‍ന്നാണ് മുബൈ സബര്‍ബനിലെ അന്ധേരി ഈസ്റ്റ് അസംബ്ലി സീറ്റിലേക്ക് നവംബര്‍ 3 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

logo
The Fourth
www.thefourthnews.in