ഷിൻഡെയെ ഉപേക്ഷിച്ചാൽ താക്കറെ ബി.ജെ.പിയെ വരിച്ചേനേ: ദീപക് കേസർക്കർ
Google

ഷിൻഡെയെ ഉപേക്ഷിച്ചാൽ താക്കറെ ബി.ജെ.പിയെ വരിച്ചേനേ: ദീപക് കേസർക്കർ

ഉന്നതപദവിയിൽ തുടരുന്നതിനേക്കാൾ താക്കറെക്ക് പ്രധാനമായിരുന്നത് മോദിയുമായുള്ള തന്റെ ബന്ധമായിരുന്നു : ബിജെപിയുമായുള്ള സഖ്യം ചേരുന്നതുമായി സംബന്ധിച്ച ഷിൻഡെ താക്കറെയെ പലതവണ കണ്ടിരുന്നു.

വിമതനീക്കം നടത്തി പാളയം വിട്ട ഏക്‌നാഥ ഷിന്‍ഡെയ്ക്ക് അഭയം നല്‍കാന്‍ ബി.ജെ.പി. തയാറായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ബാന്ധവും ഉപേക്ഷിച്ചു ഉദ്ധവ് താക്കറെ ബി.ജെ.പിയെ പിന്തുണയ്ക്കുമായിരുന്നെന്നു നിയമസഭാംഗമായ ദീപക് കേസർക്കർ

ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എം എൽ മാരുടെ വിമതവിഭാഗത്തിന്റെ വക്താവ് ആയ കേസർക്കർ വെള്ളിയാഴ്ചയാണ് ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഉദ്ധവ്‌ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ പദ്ധതിയിട്ടിരുന്നതായും ഉന്നതപദവിയിൽ തുടരുന്നതിനേക്കാൾ ഉദ്ധവിന്‌ പ്രധാനമായിരുന്നത് മോദിയുമായുള്ള തന്റെ ബന്ധമായിരുന്നു എന്നും കേസർക്കർ കൂട്ടിച്ചേർത്തു.

പാർട്ടിയിൽ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം വിമത എം എൽ മാർ ഷിൻഡെയെ ഉപേക്ഷിച്ച് പാർട്ടിയിലേക്ക് തിരിച്ചു വന്നാൽ മാത്രമേ ബിജെപിയുമായി ഒരു സഖ്യത്തിന് താല്പര്യമുള്ളു എന്ന് താക്കറെ പറഞ്ഞു. ഇത് വിമത എം എൽ മാർക്കും ബിജെപിക്കും സ്വീകാര്യമായിരുന്നില്ല. ബിജെപിയുമായി സഖ്യം ചേരാൻ ഉദ്ധവ്‌ പോലും തയ്യാറായപ്പോൾ ആദിത്യ താക്കറെയടക്കമുള്ള സേന നേതാക്കൾ വിമത എം എൽ എ മാരെ പ്രകോപിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

നരേന്ദ്രമോദിയെ കണ്ട 15 ദിവസത്തിനുള്ളിൽ തന്നെ രാജി വെക്കാൻ ഉദ്ധവ് താക്കറെ തയ്യാറായിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകരെ ബോധ്യപ്പെടുത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് മനസിലായത് കൊണ്ടാണ് അദ്ദേഹം കാത്തിരുന്നത്. താക്കറെയുടെ ഭാര്യ രശ്മി, സേന നേതാക്കളായ അനിൽ ദേശായി, സുഭാഷ് ദേശായി , മിലിങ് നർവേക്കാർ , ഷിൻഡെ എന്നിവർക്ക് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നു എന്നും കേസർക്കർ അവകാശപ്പെട്ടു.

കഴിഞ്ഞ വർഷം ജൂണിൽ അന്നത്തെ ഉപമുഖ്യമന്ത്രി അജിത് പവർ, കോൺഗ്രസ്സ് മന്ത്രി അശോക് ചവാൻ എന്നിവരോടൊപ്പം താക്കറെ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ താക്കറെയെ മോദി തന്റെ ഇളയ സഹോദരൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ന്യൂഡൽഹിയിൽ നടന്ന താക്കറെ- മോദി കൂടിക്കാഴ്ചക്ക് പിന്നാലെ 2021 ജൂലൈയിൽ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് ഒരു ഡസൻ ബിജെപി എം എൽ എ മാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇത് നേരത്തെ സഖ്യകക്ഷികൾ ആയിരുന്ന ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.

അതേസമയം താക്കറെ ക്യാമ്പിലെ അംഗമായ സേന വക്താവ് മനീഷ കായാൻഡെ കേസർക്കറുടെ അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് വക്താവായി നിയമിതനായ ശേഷം പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കേസർക്കർ ശ്രമിക്കുന്നത് എന്ന് പറഞ്ഞു.

logo
The Fourth
www.thefourthnews.in