ആയുധം താഴെവച്ച് ഉള്‍ഫ; സമാധാനകരാറില്‍ ഒപ്പിട്ടു, ചരിത്ര തീരുമാനമെന്ന് അമിത് ഷാ, എതിര്‍പ്പുമായി പരേഷ് ബറുവ വിഭാഗം

ആയുധം താഴെവച്ച് ഉള്‍ഫ; സമാധാനകരാറില്‍ ഒപ്പിട്ടു, ചരിത്ര തീരുമാനമെന്ന് അമിത് ഷാ, എതിര്‍പ്പുമായി പരേഷ് ബറുവ വിഭാഗം

കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയുമായി ത്രികക്ഷി സമാധാനകരാറില്‍ ആണ് ഒപ്പിട്ടത്. ഇതോടെ വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ വിമത ഗ്രൂപ്പുകളിലൊന്നാണ് പൊതുസമൂഹത്തിന്റെ ഭാഗമാകുക

അസമില്‍ പ്രവര്‍ത്തിക്കുന്ന ഒരു സായുധ വിഘടനവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) സമാധാനത്തിന്റെ പാതയിലേക്ക്. കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയുമായി ത്രികക്ഷി സമാധാനകരാറില്‍ ആണ് ഒപ്പിട്ടത്. ഇതോടെ വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ വിമത ഗ്രൂപ്പുകളിലൊന്നാണ് പൊതുസമൂഹത്തിന്റെ ഭാഗമാകുക. 12 വര്‍ഷത്തിലേറെയായി അരബിന്ദ രാജ്‌ഖോവയുടെ നേതൃത്വത്തിലുള്ള സംഘവുമായി കേന്ദ്രസര്‍ക്കാര്‍ നിരുപാധിക ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. അതേസമയം, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ (സ്വതന്ത്ര) വിഭാഗം ചര്‍ച്ചകള്‍ക്ക് എതിരാണ്.

അസമിലെ ഏറ്റവും പഴയ വിമത സംഘവുമായുള്ള സമാധാന കരാര്‍ അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങള്‍ക്കുള്ള ഭൂമി അവകാശം, അസമിന്റെ വികസനത്തിനുള്ള സാമ്പത്തിക പാക്കേജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഉള്‍ഫയുടേത് ചരിത്രപരമായ തീരുമാനമാണെന്നും ഉള്‍ഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി നിറവേറ്റുമെന്ന് കേന്ദ്രം ഉറപ്പാക്കുമെന്നും സംഘടന എന്ന നിലയില്‍ ഉള്‍ഫയെ പിരിച്ചുവിടുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ആയുധം താഴെവച്ച് ഉള്‍ഫ; സമാധാനകരാറില്‍ ഒപ്പിട്ടു, ചരിത്ര തീരുമാനമെന്ന് അമിത് ഷാ, എതിര്‍പ്പുമായി പരേഷ് ബറുവ വിഭാഗം
അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാച്ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

സമാധാന പ്രക്രിയയുടെ വിജയം ഉറപ്പാക്കാന്‍ കേന്ദ്രത്തിലുള്ള അവരുടെ വിശ്വാസം മാനിക്കപ്പെടുമെന്ന് ഉള്‍ഫ നേതൃത്വത്തിന് ഉറപ്പ് നല്‍കുകയാണെന്നും അമിത് ഷാ. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്കുള്ള വിജയമാണിതെന്ന് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

1979 ഏപ്രില്‍ 7 ന് അസമിലെ ശിവസാഗറില്‍ സ്ഥാപിതമായ ഉള്‍ഫ, തദ്ദേശീയരായ അസമീസ് ജനതയ്ക്ക് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. പരേഷ് ബറുവ, അരബിന്ദ രാജ്‌ഖോവ, അനുപ് ചേതിയ തുടങ്ങിയ വ്യക്തികളുടെ നേതൃത്വത്തില്‍ 1980-കളുടെ അവസാനത്തില്‍ സംഘം സായുധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പാവങ്ങളെ സഹായിക്കുന്ന ഒരു ഗ്രൂപ്പായി തുടങ്ങിയ ശേഷം ഉള്‍ഫയുടെ പ്രവര്‍ത്തനം ഇന്ത്യന്‍ സര്‍ക്കാരുകള്‍ക്കെതിരായ സായുധ പോരാട്ടത്തിലേക്ക് വളര്‍ന്നു. തേയിലത്തോട്ട മുതലാളിയപും സ്വരാജ് പോളിന്റെ സഹോദരനുമായ സുരേന്ദ്ര പോളിനെ കൊലപ്പെടുത്തിയതും പിന്നീട് തേയിലത്തോട്ട ഉടമകള്‍ക്ക് നേരെയുള്ള ഭീഷണിയും ചൂഷണവുമാണ് ഉള്‍ഫയെ നിരോധിത ഭീകരസംഘടനയായി മുദ്രകുത്താന്‍ കാരണമായത്. ഈ സംഭവങ്ങളാണ് ഉള്‍ഫയ്ക്കെതിരെ നിര്‍ണായക നടപടിയിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരുകളെ പ്രേരിപ്പിച്ചത്. 2000 മുതല്‍ വിവിധ ഉള്‍ഫ ഗ്രൂപ്പുകള്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായിരുന്നു.

logo
The Fourth
www.thefourthnews.in