പരോളിലുള്ളവർക്ക് ട്രാക്കിങ് സിസ്റ്റം, ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പ്രത്യേക സെൽ;  ജയിൽ നിയമം പരിഷ്കരിക്കാൻ കേന്ദ്രം

പരോളിലുള്ളവർക്ക് ട്രാക്കിങ് സിസ്റ്റം, ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പ്രത്യേക സെൽ; ജയിൽ നിയമം പരിഷ്കരിക്കാൻ കേന്ദ്രം

നിർദേശങ്ങള്‍ കൂടുതൽ പരിശോധനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് കൈമാറി

130 വർഷം പഴക്കമുള്ളവയ്ക്ക് പകരമായി പുതിയ ജയിൽ നിയമങ്ങൾക്കുള്ള നിർദേശങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. പരോളിലുള്ള കുറ്റവാളികൾക്കായി ഇലക്ട്രോണിക് ട്രാക്കിങ് സിസ്റ്റം, ട്രാൻസ്ജൻഡർ വ്യക്തികൾക്കായി പ്രത്യേക സെല്‍ തുടങ്ങിയ പരിഷ്കാരങ്ങളാണ് വരുത്തിയിരിക്കുന്നത്. നിർദേശങ്ങള്‍ കൂടുതൽ പരിശോധനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് കൈമാറി.

രാജ്യത്തെ ചില പ്രമുഖ ജയിലുകളിൽ തടവുകാർ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുകയും ചിലർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നത്. ജയിലിനുള്ളിലും കുപ്രസിദ്ധരായ ഗുണ്ടകൾ ക്രിമിനൽ സിൻഡിക്കേറ്റുകൾ പ്രവർത്തിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

തില്ലു താജ്പുരിയ എന്ന സുനിൽ ബലിയാൻ എന്നീ കുപ്രസിദ്ധ ഗുണ്ട അടുത്തിടെയാണ് തിഹാർ ജയിലിൽ സഹതടവുകാരുടെ കുത്തേറ്റ് മരിച്ചത്. ഇതിനുപിന്നാലെ തന്നെ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന സുരക്ഷാ വാർഡുകളിലെ സംവിധാനങ്ങളും ചർച്ചയായിരുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഈ രണ്ട് നിയമങ്ങളും പുതുക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചിട്ടുണ്ട്

1894-ലെ ജയിൽ നിയമം, 1900 പ്രിസണേഴ്സ് ആക്റ്റ് എന്നിവ പ്രകാരമാണ് നിലവിൽ ജയിലിൽ നിയന്ത്രണങ്ങൾ നിർണയിച്ചിട്ടുള്ളത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഈ രണ്ട് നിയമങ്ങളും പുതുക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചിട്ടുണ്ട്.

"കൊളോണിയൽ ആക്ടുകളിൽ പറഞ്ഞിട്ടുള്ള തടവുകാരുടെ പുനരധിവാസവും നവീകരണവും സംബന്ധിച്ച നിയമങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. അതിനാൽ ആധുനിക കാലത്തെ തിരുത്തലുകളും ആവശ്യങ്ങളും പരിഗണിച്ച് പുരോഗമനപരവും കൂടുതൽ ശക്തവുമായ നിയമങ്ങൾ നിർമിക്കേണ്ടത് ആവശ്യമാണ്" അജയ് ഭല്ല കത്തിൽ ചൂണ്ടിക്കാട്ടി.

പുതിയ നിയമത്തിലെ ചില വ്യവസ്ഥകൾ നിലവിലുള്ള പഴുതുകൾ പരിഹരിക്കുന്നുണ്ടെങ്കിലും, ചട്ടങ്ങൾ നടപ്പാക്കലും ദുരുപയോഗവും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ടെന്ന് ജയിൽ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പരോളിലിറങ്ങുന്ന തടവുകാരുടെ കണങ്കാലിൽ ആണ് ഇലക്ട്രോണിക് ട്രാക്കിങ് ഡിവൈസ് ഘടിപ്പിക്കുക. മറ്റ് പല രാജ്യങ്ങളിലും നേരത്തെ തന്നെ ഈ രീതി ഉപയോഗത്തിലുണ്ടെങ്കിലും ഇന്ത്യയിലെ ഒരു ജയിലുകളിലും ഇത് നടപ്പാക്കിയിട്ടില്ല. ട്രാക്കിങ് ഡിവൈസ് ധരിക്കാനുള്ള സന്നദ്ധതയും പരോൾ നൽകുമ്പോൾ പരിഗണിക്കും. പരോലിറങ്ങിയ തടവുപുള്ളികൾ തിരിച്ച് ജയിലിലെത്താതിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ ഇത്.

ട്രാക്കിങ് ഡിവൈസ് ധരിക്കാനുള്ള സന്നദ്ധതയും പരോൾ നൽകുമ്പോൾ പരിഗണിക്കും

2000 ത്തിലെ ഡൽഹി പ്രിസൺ ആക്ട് പ്രകാരം, തടവുകാർക്ക് നിരോധിത വസ്തുക്കൾ വിതരണം ചെയ്യുന്നതായി കണ്ടെത്തുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്താൽ ഉദ്യോഗസ്ഥന് ആറ് മാസം വരെ ശിക്ഷയോ 10000 രൂപ പിഴയോ ലഭിക്കും. എന്നാൽ പുതിയ നിയമത്തിൽ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള നിരോധിത വസ്തുക്കൾ എന്ന് പ്രത്യേകം പരാമർശിക്കുകയും ശിക്ഷ മൂന്ന് വർഷയും പിഴ 25000 രൂപയും ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

തടവുകാരുടെ പുനരധിവാസത്തിനും സാമൂഹിക പുനരൈക്യത്തിനും സഹായിക്കുന്ന ശിക്ഷാ പദ്ധതിയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in