'പുകവലി ആരോഗ്യത്തിന് ഹാനികരം'; മുന്നറിയിപ്പ് ഒടിടിയിലും നിർബന്ധമാക്കി കേന്ദ്ര സർക്കാർ

'പുകവലി ആരോഗ്യത്തിന് ഹാനികരം'; മുന്നറിയിപ്പ് ഒടിടിയിലും നിർബന്ധമാക്കി കേന്ദ്ര സർക്കാർ

നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ആരോഗ്യ മന്ത്രാലയത്തിനും പ്രക്ഷേപണ മന്ത്രാലയത്തിനും കര്‍ശന നടപടികൾ സ്വീകരിക്കാവുന്നതാണ്

ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തീയേറ്ററുകളിലും ചാനലുകളിലും കാണിക്കുന്നത് പോലെ OTT പ്ലാറ്റ്‌ഫോമുകളിൽ പുകവലി വിരുദ്ധ മുന്നറിയിപ്പുകൾ കാണിക്കണമെന്നാണ് നി‍ർദേശം. ലോക പുകയില വിരുദ്ധ ദിനത്തിലാണ് 2004ലെ സിഗരറ്റ്സ് ആൻഡ് അദർ ടൊബാക്കോ പ്രോഡക്ട്സ് ആക്ടിൽ ഭേദഗതി വരുത്തി കേന്ദ്രം ഉത്തരവിറക്കിയിരിക്കുന്നത്.

13നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളിൽ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

ഒടിടി പ്ലാറ്റ്ഫോമുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിജ്ഞാപനമനുസരിച്ച്, പുകയില ഉത്പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്‌ക്രീനിന്റെ അടിയില്‍ പുകയില വിരുദ്ധ മുന്നറിയിപ്പ് ഉൾപ്പെടുത്തണം. പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കൻഡ് വീതം പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശം ഉൾപ്പെടുത്തണം. കൂടാതെ, പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുറഞ്ഞത് 20 സെക്കൻഡിന്റെ ഓഡിയോ-വിഷ്വൽ സന്ദേശവും പരിപാടിയുടെ തുടക്കത്തിലും അവസാനവും പ്രദർശിപ്പിക്കണം. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ആരോഗ്യ മന്ത്രാലയത്തിനും പ്രക്ഷേപണ മന്ത്രാലയത്തിനും കര്‍ശന നടപടികൾ സ്വീകരിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

രാജ്യത്തെ തീയേറ്ററുകളിലും ടെലിവിഷനുകളിലും ലഹരിക്കെതിരായ മുപ്പത് സെക്കന്റ് വീഡിയോ പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും നിലവിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇത് പിന്തുടരുന്നില്ല. രാജ്യത്ത് പ്രായപൂർത്തി ആകാത്ത കുട്ടികളിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നു എന്ന 2019 ലെ ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തരം ഉള്ളടക്കടങ്ങൾ യുവതലമുറയെ ലക്ഷ്യമിടുന്നതായി പൊതുജനാരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. 13നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളിൽ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിലുള്ള പുകയില ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വെളുത്ത പശ്ചാത്തലത്തിൽ കറുത്ത നിറത്തിലുള്ള ഫോണ്ടിൽ 'പുകയില ക്യാൻസറിന് കാരണമാകുന്നു' 'പുകയില ആരോഗ്യത്തിന് ഹാനികരം' എന്ന് കാണിക്കണം.

"വിജ്ഞാപനത്തിലെ സബ് റൂൾ (1) ന്റെ ക്ലോസ് (ബി) ൽ വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശം വ്യക്തമായതും വായിക്കാൻ സാധിക്കുന്നതുമാകണം. വെളുത്ത പശ്ചാത്തലത്തിൽ കറുത്ത നിറത്തിലുള്ള ഫോണ്ടിൽ 'പുകയില ക്യാൻസറിന് കാരണമാകുന്നു', 'പുകയില ആരോഗ്യത്തിന് ഹാനികരം' എന്ന് കാണിക്കണം. ഉള്ളടക്കം ഏത് ഭാഷയിൽ ഉള്ളതാണോ അതേ ഭാഷയിൽ തന്നെ ഈ മുന്നറിയിപ്പുകളും പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. സിഗരറ്റിന്റെയോ മറ്റ് പുകയില വസ്തുക്കളുടെയോ ബ്രാൻഡുകളുടെ പേരുകളും പ്രദർശിപ്പിക്കാൻ പാടില്ല. വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്നോടിയായി നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഹോട്‌സ്റ്റാർ എന്നിവരോട് ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ റിപ്പോ‍ർട്ട് തേടിയിരുന്നു.

logo
The Fourth
www.thefourthnews.in