'നാരീ ശക്തി വന്ദന്‍', വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, ദൈവ നിയോഗമെന്ന് പ്രധാനമന്ത്രി

'നാരീ ശക്തി വന്ദന്‍', വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, ദൈവ നിയോഗമെന്ന് പ്രധാനമന്ത്രി

128ാം ഭരണഘടനാ ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്

നിയമ നിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 'നാരീ ശക്തി വന്ദന്‍ അധിനിയാം' എന്ന പേരിലുള്ള ബില്‍ നിയമ മന്ത്രി അര്‍ജുന്‍ രാാം മേഖ്വാള്‍ ലോകസഭയുടെ മേശപ്പുറത്തുവച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറിയതിന് ശേഷം ആദ്യമായി അവതരിപ്പിച്ച ബില്ലെന്ന ഖ്യാതിയോടെയാണ് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്.

പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറിയതിന് ശേഷം ആദ്യമായി അവതരിപ്പിച്ച ബില്ല്.

അതേസമയം, സംവരണ ബില്ലിന്റെ പാരമ്പര്യത്തിന്റെ പേരില്‍ ലോക്‌സഭയില്‍ ബഹളം അരങ്ങേറി. കോണ്‍ഗ്രസാണ് ബില്ല് ആദ്യം കൊണ്ടുവന്നത് എന്ന് കോണ്‍ഗ്രസ് ആണെന്ന അധീര്‍ രജ്ഞന്‍ ചൗധരിയുടെ പ്രസ്താവനയാണ് ബഹളത്തിന് വഴിവച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ദൈവ നിയോഗം എന്നായിരുന്നു വനിതാ സംവരണ ബില്‍ അവതരണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. 'വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച ദീര്‍ഘകാലമായി നടന്നുവന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് നിരവധി തവണ ബില്‍ അവതരിപ്പിച്ചു. എന്നാല്‍ ബില്‍ പാസാക്കാന്‍ വേണ്ടത്ര ഭൂരിപക്ഷമുണ്ടായില്ല. ആ സ്വപ്നം അപൂര്‍ണ്ണമായി തുടര്‍ന്നു. ഇന്ന് ദൈവം എനിക്ക് അവസരം തന്നിരിക്കുന്നു. നിയമ നിര്‍മാണ സഭകളിലെ സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ ഇന്ന് ഒരു പുതിയ ബില്‍ കൊണ്ടുവരുന്നു...' എന്ന് മുഖവുരയോടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

എന്നാല്‍, ബില്‍ നിയമമായാലും 2027ല്‍ നടക്കുമെന്ന് കരുതുന്ന സെന്‍സസിന് ശേഷം നടക്കുന്ന മണ്ഡല പുനഃക്രമീകരണത്തിന് ശേഷമായിരിക്കും പ്രാബല്യത്തില്‍ വരിക. അതിനാല്‍ 2029ലെ പൊതുതിരഞ്ഞെടുപ്പിലായിരിക്കും സംവരണം പൂര്‍ണത്തോതില്‍ നടപ്പാവുകയുള്ളു.

ആറ് പേജുള്ള ബില്ലില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ഉപ സംവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ഒബിസി വിഭഗങ്ങള്‍ക്ക് (മറ്റ് പിന്നാക്കവിഭാഗം) സംവരണം ഇല്ല. അത്തരമൊരു വ്യവസ്ഥ നിയമസഭയ്ക്ക് നിലവിലില്ലാത്തതാണ് ഇതിന് പിന്നിലെ കാരണം. വനിതാ സംവരണം രാജ്യസഭയിലോ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലോ ഉണ്ടായിരിക്കുന്നതല്ല.

ലോക്സഭയിലെയും അസംബ്ലികളിലെയും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതാണ്. നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെയായിരിക്കും ഇവരെ തിരഞ്ഞെടുക്കുക എന്നും ബില്ലില്‍ പറയുന്നു. സംവരണ ക്വാട്ടയില്‍ മൂന്നിലൊന്ന് സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളതായിരിക്കും. കൂടാതെ എല്ലാ തവണയും ലോക്‌സഭാ, സംസ്ഥാന നിയമസഭാ, ഡല്‍ഹി നിയമസഭാ എന്നിവയിലേക്കുള്ള സംവരണ മണ്ഡലം പാര്‍ലമെന്റ് നിശ്ചയിക്കുന്നതിന് അനുസരിച്ച് മാറ്റാവുന്നതാണ്.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തില്‍ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2010ല്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ തയ്യാറാക്കിയ വനിതാ സംവരണ ബില്ലിന് സമാനമാണ് സഭകളിലെ വനിതാ സംവരണ ബില്ലും. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് സംവരണം ഉള്‍പ്പെടുത്തുന്നതിനുള്ള രണ്ട് ആര്‍ട്ടിക്കിളുകളിലെ ഭേദഗതി മാത്രമാണ് പുതിയ പതിപ്പില്‍ നിന്ന് ഒഴിവാക്കിയത്.

logo
The Fourth
www.thefourthnews.in