ചരിത്ര വിജയം കുറിച്ച് ഹൈദരാബാദ് സർവകലാശാല; യൂണിയൻ ഇനി ക്വീർ 
വിദ്യാർഥി പ്രജ്വൽ നയിക്കും

ചരിത്ര വിജയം കുറിച്ച് ഹൈദരാബാദ് സർവകലാശാല; യൂണിയൻ ഇനി ക്വീർ വിദ്യാർഥി പ്രജ്വൽ നയിക്കും

ത്രികോണ സഖ്യത്തിൻ്റെ നേതൃത്വത്തിൽ ഒൻപത് സ്ഥാനാർഥികളുള്ള പാനലിൽ ആറ് ദളിതരെയാണ് തിരഞ്ഞെടുപ്പിനായി നിർത്തിയത്

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിൻ്റെ കൂറ്റൻ വിജയത്തിനൊപ്പം വിദ്യാർഥി പ്രതിനിധി സ്ഥാനങ്ങളിൽ ട്രാൻസ് ക്വീർ വ്യക്തികളെത്തുന്ന ആദ്യ സർവകലാശാലയായി ചരിത്രം കുറിച്ച് ഹൈദരാബാദ്. കേന്ദ്ര സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ദളിത് വിമതർ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്. കൗൺസിലിലേയ്ക്ക് ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ പ്രതിനിധി എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. ഇടത് പാനലിലെ ദളിത് ബുദ്ധിസ്റ്റ് ക്വീർ വ്യക്തിയായ പ്രജ്വൽ ഗയ്ക്‌വാദ് 600 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാതിക്രമങ്ങൾക്കെതിരായ ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റിയുടെ സ്ഥാനാർഥിയായി 987 വോട്ടുകൾക്ക് ഋത്വിക് ലക്ഷ്മൺ ലാലൻ എന്ന ദളിത് ട്രാൻസ് വനിതയും തിരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലയിൽ ലിംഗ നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ലക്ഷ്മൺ ലാലൻ വ്യക്തമാക്കി.

മലയാളിയായ കൃപ മരിയ ജോർജാണ് ജനറല്‍ സെക്രട്ടറി. സർവ്വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ ജനറൽ സെക്രട്ടറിയാകുന്നതും. ശനിയാഴ്ച നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ 40 റൗണ്ട് നീണ്ട വോട്ടെണ്ണലിന് ശേഷമായിരുന്നു ഫലപ്രഖ്യാപനം. അംബേദ്ക്കർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ, എസ്എഫ്ഐ (സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ), ദളിത് സ്റ്റുഡൻ്റ്സ് യൂണിയൻ എന്നിവരുടെ സഖ്യമാണ് എബിവിപിയുടെ കോട്ടകൾ തകർത്തത്. ത്രികോണ സഖ്യത്തിൻ്റെ നേതൃത്വത്തിൽ ഒമ്പത് സ്ഥാനാർഥികളുള്ള പാനലിൽ ആറ് ദളിതരെയാണ് തിരഞ്ഞെടുപ്പിനായി ഇടത് സഖ്യം നിർത്തിയത്.

മൂന്നര വർഷത്തിന് ശേഷം സർവകലാശാലയിൽ നടന്ന ആദ്യത്തെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 76% പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 5000 ലധികം വിദ്യാർഥികൾ വോട്ട് ചെയ്യാനായി എത്തിച്ചേർന്നിരുന്നു. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം സർവ്വകലാശാല ഹോസ്റ്റലിന് സമീപത്തായി എബിവിപി എസ്എഫ്‌ഐ വിദ്യാർഥികൾ തമ്മിൽ ചെറിയ രീതിയിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. ദളിത് വിദ്യാർഥി രോഹിത് വെമുല അംഗമായിരുന്ന എഎസ്എയിലെ അംഗങ്ങളാണ് ഗയ്ക്‌വാദും ലക്ഷ്മൺ ലാലനും. ജാതി വിവേചനത്തിന്റെ പേരിൽ 2016ലാണ് വെമുല ആത്മഹത്യ ചെയ്തത്.

logo
The Fourth
www.thefourthnews.in