സുപ്രീംകോടതി
സുപ്രീംകോടതി

ഇസ്ലാമിലും ക്രിസ്തുമതത്തിലും തൊട്ടുകൂടായ്മ ഇല്ല; പരിവര്‍ത്തിത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാനാവില്ലെന്ന് കേന്ദ്രം

വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രം

ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. തൊട്ടുകൂടായ്മ പോലുള്ള അടിച്ചമര്‍ത്തല്‍ അനുഭവിച്ചതിനാലാണ് ദളിതര്‍ മതം മാറിയത്. ഇത്തരം സാമുഹ്യതിന്മകള്‍ ഇസ്ലാമിലോ ക്രിസ്തു മതത്തിലോ നിലനില്‍ക്കുന്നില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. ദളിത് ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന സംവരണവും ആനുകൂല്യങ്ങളും ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്ക് മാറിയവര്‍ക്കും നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഹിന്ദുക്കള്‍ക്കിടെ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയുമാണ് ഒരു ജാതി/സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ പിന്തുടര്‍ന്നിരുന്ന മാനദണ്ഡം. 1950ലെ ഭരണഘടനാ (പട്ടികജാതികള്‍) ഉത്തരവില്‍ തിരിച്ചറിഞ്ഞിട്ടുള്ള സമുദായങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സാമുഹ്യ അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് പട്ടികജാതിക്കാരെ നിശ്ചയിക്കുന്നത്. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകളില്‍നിന്ന് മോചനം തേടിയാണ് ദളിതര്‍ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തത്. എന്നാല്‍, ഇസ്ലാമിലും ക്രിസ്തുമതത്തിലും അത്തരം സാമുഹ്യതിന്മകള്‍ നിലനില്‍ക്കുന്നില്ലെന്നും കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ ബുദ്ധ, സിഖ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് മാത്രമാണ് പട്ടികജാതി പദവി നല്‍കി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്.

മത, ഭാഷാ ന്യൂനപക്ഷത്തിനായുള്ള ദേശീയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിയോജിപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ഇസ്ലാമും ക്രിസ്തുമതവും വൈദേശികമാണ്. അതിനാല്‍ അവ ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നില്ല. അതിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് ആ മതങ്ങളിലേക്കും ജാതി വ്യവസ്ഥ പടരാന്‍ കാരണമാകും. ബുദ്ധ, സിഖ് മതങ്ങളിലേക്ക് മാറുന്നതിനെ ക്രിസ്തുമതത്തിലേക്കോ ഇസ്ലാമിലേക്കോ പരിവര്‍ത്തനം ചെയ്യുന്നതുമായി താരതമ്യപ്പെടുത്താനാവില്ലെന്നും സത്യവാങ്മൂലം പറയുന്നു.

ഏത് മതങ്ങളിലേക്കും പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷനെയും തള്ളിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പശ്ചാത്തല പഠനങ്ങളൊന്നും ഇല്ലാത്തതാണ്. അതിനാല്‍ അടിസ്ഥാന സാഹചര്യങ്ങളുമായി അതിനെ ബന്ധപ്പെടുത്താനാവില്ല. രാജ്യത്തെ സാമുഹ്യ അന്തരീക്ഷത്തെക്കുറിച്ച് ദീര്‍ഘവീക്ഷണമില്ലാത്തതാണ് റിപ്പോര്‍ട്ട്. എല്ലാ മതത്തിലുമുള്ള ദളിതരെ ഉള്‍പ്പെടുത്തുന്നതോടെ, നിലവില്‍ പട്ടികജാതിയില്‍ പെടുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യം പരിഗണിച്ചിട്ടില്ല. അതിനാല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും മാറിയ ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള 27 ശതമാനം സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം പറഞ്ഞു. ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്കും ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യത്തിനും അര്‍ഹതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in