സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യയ്ക്ക് ആറാം റാങ്ക്

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യയ്ക്ക് ആറാം റാങ്ക്

ഒന്നാം റാങ്ക് ഇഷിത കിഷോറിന്. ആദ്യ നാല് റാങ്കും പെണ്‍കുട്ടികള്‍ക്ക്

2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യയ്ക്കും രണ്ടും എന്‍ ഉമ ഹരതി മൂന്നും സ്മൃതി മിശ്ര നാലും റാങ്ക് നേടി.

ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസാണ് വിജയികളുടെ പട്ടികയിൽ ഇടംപിടിച്ച മലയാളികളിൽ മുൻപന്തിയിൽ. ആര്യ വി എം 36-ാം റാങ്കും അനൂപ് ദാസ് 38-ാം റാങ്കും കരസ്ഥമാക്കി. എസ് ഗൗതം രാജ് 63–ാം റാങ്ക് നേടി. ആദ്യ 10 റാങ്കുകളിൽ ഏഴും സ്വന്തമാക്കിയത് പെൺകുട്ടികളാണ്.

കോട്ടയം പാലാ മുത്തോലി സ്വദേശിയാണ് ഇരുപത്തിയഞ്ചുകാരിയായ ഗഹന. പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ ഗഹന എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ്പ് നേടിയിരുന്നു.

തനിച്ചായിരുന്നു തയാറെടുപ്പെന്നും പരിശീലനകേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും ഗഹന പറഞ്ഞു.

ഐഎഎസിലേക്ക്‌ 180 പേരുള്‍പ്പെടെ 933 പേരാണ് വിവിധി സർവീസുകളിലേക്കുള്ള അവസാന റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ജനറൽ വിഭാഗത്തിൽനിന്ന് 345 പേർക്കാണ് യോഗ്യത.

2022 ജൂണിലാണ് യുപിഎസ്‌സി പ്രിലിംസ് പരീക്ഷ നടത്തിയത്. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷയും നടത്തി. ഡിസംബറിലായിരുന്നു ഫലപ്രഖ്യാപനം. തുടർന്ന് ജനുവരി മുതല്‍ മെയ് വരെയുളള കാലയളവിലാണ് ഇന്റര്‍വ്യൂ അടക്കമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in മുഖേനെ ഫലം പരിശോധിക്കാം.

കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ ആദ്യ മൂന്നു റാങ്കും പെൺകുട്ടികൾക്കായിരുന്നു.

logo
The Fourth
www.thefourthnews.in