2008 മുംബൈ ഭീകരാക്രമണം: പാകിസ്താന്‍ വംശജൻ തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ വിധിച്ച് യുഎസ് കോടതി

2008 മുംബൈ ഭീകരാക്രമണം: പാകിസ്താന്‍ വംശജൻ തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ വിധിച്ച് യുഎസ് കോടതി

26/11 ഭീകരാക്രമണം നടത്തിയ ലഷ്കർ തീവ്രവാദ സംഘടനയെ ആക്രമണത്തിനായി പിന്തുണച്ചു എന്നതാണ് റാണയ്ക്ക് എതിരായ കുറ്റം

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപെടുന്ന പാകിസ്താൻ വംശജനായ കനേഡിയന്‍ വ്യവസായിയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് യുഎസ് കോടതി. 2020 ജൂണ്‍2ന് തഹാവുര്‍ റാണയെന്ന പാക്കിസ്താന്‍ വംശജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാര്‍ മുഖേന നല്‍കിയ അപേക്ഷയിലാണ് കാലിഫോര്‍ണിയയിലെ യുഎസ് കോടതി റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ വിധിച്ചത്.

പാകിസ്താന്‍ ആസ്ഥാനമാക്കിയ ലഷ്‌കര്‍-ഇ-തായ്ബ എന്ന തീവ്രവാദ സംഘടന 2008 നവംബറില്‍ ഇന്ത്യയില്‍ നടത്തിയ ഭീകരാക്രമണത്തെ കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്നുണ്ട്. റാണയുടെ സുഹൃത്തായ പാകിസ്താന്‍ അമേരിക്കന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക് ലഷ്‌കര്‍ ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് റാണയ്ക്ക് അറിയാമായിരുന്നുവെന്നും ഹെഡ്‌ലിയെ സഹായിക്കുന്നതിനോടൊപ്പം അയാളുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയെന്നും യുഎസ് സര്‍ക്കാരിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കൂടാതെ ഇയാള്‍ ഭീകരവാദ സംഘടനയെയും അവരുടെ അനുയായികളെയും പിന്തുണയ്ക്കുന്നുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടികാട്ടി.

റാണയ്ക്ക് ഹെഡ്‌ലിയുടെ കൂടിക്കാഴ്ചകളെ കുറിച്ചും അതിലെ ചര്‍ച്ചാവിഷയങ്ങളും ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനം ഉള്‍പ്പെടെ അതിന് വേണ്ട പദ്ധതികളെ കുറിച്ച് വരെ അറിയാമായിരുന്നു വെന്നും അവര്‍ കോടതിയെ അറിയിച്ചു. റാണ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭീകരപ്രവര്‍ത്തനക്കുറ്റം അയാളിൽ ചുമത്താൻ തക്കതായ കാരണം ഉണ്ടെന്നും യുഎസ് സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് റാണയെ കൈമാറാനുള്ള കോടതി വിധി.

2008ൽ നടന്ന മുംബൈ ഭീകരാക്രണം രാജ്യത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ ഒന്നായിരുന്നു. 2008 നവംബര്‍ 26ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം നീണ്ട് നിന്നു. ദക്ഷിണ മുംബൈയില്‍ നടന്ന ആക്രമണത്തില്‍ വിദേശികളടക്കം ഏകദേശം 166 പേര്‍ കൊല്ലപ്പെട്ടു. മൂന്നുറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അന്ന് താജ് ഹോട്ടലില്‍ ഭീകരാവാദികളുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു.

ആക്രമണത്തിന് ആസൂത്രണമിട്ട ഭീകരവാദസംഘടനയില്‍ ജീവനോടെ പിടിയിലായത് മുഹമ്മദ് അജ്മല്‍ അമീര്‍ കസബ് എന്ന അജ്മല്‍ കസബ് മാത്രമാണ്. കസബ് ഒരു പാകിസ്താന്‍ പൗരനാണെന്ന കാര്യം പാകിസ്താന്‍ ആദ്യം നിഷേധിച്ചെങ്കിലും 2009 ജനുവരിയില്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

2010 മേയ് 3 ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേക കോടതി കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ ചുമത്തി കസബിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2010 മേയ് 6 ന് ഇതേ കോടതി നാല് കുറ്റങ്ങള്‍ക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം എന്നിങ്ങനെ ശിക്ഷ പ്രഖ്യാപിച്ചു. 2011 ഫെബ്രുവരി 21 ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. 2012 നവംബര്‍ 21 ന് രാവിലെ 7.30 ന് അജ്മല്‍ കസബിനെ പൂനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി.

logo
The Fourth
www.thefourthnews.in