കാനഡ വിഷയം 'മിണ്ടാതെ' ഇന്തോ-അമേരിക്കന്‍ നയതന്ത്ര ചര്‍ച്ച; ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എസ് ജയ്‌ശങ്കര്‍

കാനഡ വിഷയം 'മിണ്ടാതെ' ഇന്തോ-അമേരിക്കന്‍ നയതന്ത്ര ചര്‍ച്ച; ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എസ് ജയ്‌ശങ്കര്‍

നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കാന്‍ ബ്ലിങ്കന്‍ ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഉടലെടുത്ത ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിക്കിടെ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്നു പുലര്‍ച്ചെ കൂടിക്കാഴ്ച നടത്തി. വാഷിങ്ടണിലെ ഫോഗിബോട്ടം ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ കാനഡ വിഷയം ചര്‍ച്ചയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം വാഷിങ്ടണില്‍ എത്തിയതായിരുന്നു ജയ്‌ശങ്കര്‍. കാനഡ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തില്‍ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ കാനഡ വിഷയം ഒഴിച്ചു നിര്‍ത്തി ഇന്തോ-അമേരിക്കന്‍ നയതന്ത്ര വിഷയങ്ങള്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ വിഷമായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തല്‍ക്കാലം തയാറല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-കാനഡ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കാനും ഇന്ത്യയോട് ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായും മില്ലര്‍ പറഞ്ഞു.

വിഷയത്തില്‍ യുഎസ് പക്ഷം ചേരാതെ നില്‍ക്കുമെന്ന പ്രചാരണങ്ങളെ മില്ലര്‍ തള്ളിക്കളഞ്ഞു. ഇരുരാജ്യങ്ങളുമായി യുഎസിന് അടുത്ത ബന്ധമാണുള്ളതെന്നും അതുകൊണ്ടു തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സജീവമായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുഎന്‍ പൊതുസഭയില്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടരുതെന്ന സന്ദേശമാണ് ജയ്‌ശങ്കര്‍ നല്‍കിയത്. എന്നാല്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ രണ്ടു സുഹൃദ് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കപ്പുറം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ അമേരിക്ക കര്‍ശന നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in