ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയപരിശോധനയ്ക്ക് 
അനുമതി; പ്രാർഥനയ്ക്ക് തടസമില്ലെന്ന് വാരണാസി ജില്ലാ കോടതി

ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയപരിശോധനയ്ക്ക് അനുമതി; പ്രാർഥനയ്ക്ക് തടസമില്ലെന്ന് വാരണാസി ജില്ലാ കോടതി

അംഗശുദ്ധി വരുത്തുന്ന ഇടം ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവേയ്ക്കാണ് അനുമതി

ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് പുരാവസ്തു വകുപ്പിന്റെ ശാസ്ത്രീയ പരിശോധന നടത്താൻ അനുമതി നൽകി വാരണാസി ജില്ലാ കോടതി. അംഗശുദ്ധി വരുത്തുന്ന ഇടം ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവേയ്ക്ക് അനുമതി.

ഗ്യാന്‍വാപി മസ്ജിദ് പരിസരം മുഴുവൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ എസ് ഐ)യുടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പട്ട് നാല് ഹിന്ദു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിലനിന്നിരുന്ന ഹിന്ദു ക്ഷേത്ര അടിത്തറയ്ക്കു മുകളിലാണോ പള്ളി നിർമിച്ചത് എന്ന് കണ്ടെത്താൻ ശാസ്ത്രീയപരിശോധന നടത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

സര്‍വേ നടത്തി ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. രാവിലെ എട്ടിനും 12നുമിടയിൽ സർവേ നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സർവേ സമയത്ത് നമസ്‌കാരത്തിന് യാതൊരു നിയന്ത്രണവുമില്ല. സര്‍വേയിൽ പള്ളിക്ക് കേടുപാടുകള്‍ വരുത്തരുതെന്നും ജില്ലാ ജഡ്ജി എ കെ വിശ്വേശ്വ നിർദേശിച്ചു.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം മുഴുവൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടത്തണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ മേയിലാണ് കോടതി സമ്മതിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഹിന്ദു പക്ഷം സമര്‍പ്പിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 14 ന് ഇരുപക്ഷത്തിന്റേയും വാദം കേട്ടശേഷം കോടതി കാര്‍ബണ്‍ ഡേറ്റിങ് പരിശോധന സംബന്ധിച്ച് വിധി പറയാന്‍ ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സര്‍വേ മസ്ജിദ് സമുച്ചയത്തിന് കേടുപാടുകള്‍ വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം പക്ഷം ഹര്‍ജിയെ എതിര്‍ത്തിരുന്നു.

ഹൈന്ദവ വിശ്വാസികള്‍ 'ശിവലിംഗം' എന്ന് അവകാശപ്പെടുന്ന വസ്തു നിലനില്‍ക്കുന്ന 'വസുഖാന' (അംഗശുദ്ധി വരുത്തുന്ന സ്ഥലം) സര്‍വേയുടെ ഭാഗമാകില്ല. ആ പ്രദേശം മുദ്രവച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്ന് കേസില്‍ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി വാരാണസി കോടതി തള്ളിയിരുന്നു.

logo
The Fourth
www.thefourthnews.in