രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടകേസ്‌; സവര്‍ക്കറെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് ബന്ധുക്കള്‍

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടകേസ്‌; സവര്‍ക്കറെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് ബന്ധുക്കള്‍

രാഹുല്‍ ഗാന്ധി സവര്‍ക്കറെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു വിഡീയോ സത്യകി സവര്‍ക്കര്‍ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു

രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടകേസ്. വിഡി സവര്‍ക്കറുടെ സഹോദര പുത്രന്‍ സത്യകി സവര്‍ക്കറാണ് പൂനെ കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് നല്‍കിയത്. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നാണ് പരാതി. രാഹുല്‍ ഗാന്ധി ലണ്ടനില്‍ വച്ച് നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് നടപടി. രാഹുല്‍ ഗാന്ധി സവര്‍ക്കറെ പരാമര്‍ശിച്ച് സംസാരിക്കുന്ന വിഡീയോ നേരത്തെ സത്യകി സവര്‍ക്കര്‍ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

മുസ്ലീം സമുദായത്തില്‍പ്പെട്ട വ്യക്തിയെ അഞ്ചു പേര്‍ ചേര്‍ന്ന് തല്ലുകയും അതില്‍ സന്തോഷം അനുഭവിക്കുകയും ചെയ്തുവെന്ന് സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണം.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം വസ്തുതാ വിരുദ്ധവും സാങ്കല്‍പ്പികവുമാണെന്നാണ് സത്യകി സവര്‍ക്കര്‍ പറയുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ സവര്‍ക്കര്‍ ഒരു പുസ്തകത്തിലും എഴുതിയിട്ടില്ലെന്നും സത്യകി പറയുന്നു. കുറച്ച് വര്‍ഷങ്ങളായി സവര്‍ക്കറെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പറയുന്നതില്‍ യാതൊരു സത്യവുമില്ലെന്ന് രാഹുല്‍ ഗാന്ധിക്കും അറിയാം.

സവർക്കറുടെ കുടുംബത്തെ അപമാനിക്കൽ, രണ്ട് വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്നീ ലക്ഷ്യത്തോടെയാണ് രാഹുലിന്റെ പരാമര്‍ശം എന്നും പരാതി ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മോദി പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കഴിഞ്ഞ മാസം മാര്‍ച്ച് 23 ന് സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെ സമാനമായ മൂന്നോളം കേസുകളാണ് രാഹുലിന് എതിരെ വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

logo
The Fourth
www.thefourthnews.in