നിരോധനത്തെ ബജ്റംഗ് ദൾ ഭയക്കുന്നില്ല; കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി വിഎച്ച്പി

നിരോധനത്തെ ബജ്റംഗ് ദൾ ഭയക്കുന്നില്ല; കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി വിഎച്ച്പി

അധികാരത്തിലെത്തിയാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം വളർത്തുന്നവർക്കെതിരെ നിരോധനമടക്കമുളള ശക്തമായ നടപടിയെടുക്കുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു.

ഹിന്ദുക്കളോടുള്ള വിദ്വേഷം കാരണം കർണാടകയിൽ, കോൺഗ്രസ് ബജ്‌റംഗ്ദളിനെ നിരോധിക്കുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. നിരോധനത്തെ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക നിയമസഭയിൽ 135 സീറ്റുകളോടെ കോൺ​ഗ്രസ് പാർട്ടി തിരികെ അധികാരത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് മിലിന്ദ് പരാണ്ഡെയുടെ വെളിപ്പെടുത്തൽ.

വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് സംസ്ഥാനത്ത് തിരികെയെത്തിയതോടെ ഏറെ ചർച്ചയാകുന്നത് തിരഞ്ഞെടുപ്പ് സമയത്ത് കന്നഡികർക്ക് കോൺ​ഗ്രസ് നൽകിയിരിക്കുന്ന വാ​ഗ്ദാനങ്ങളെക്കുറിച്ചാണ്. അതിലൊന്നാണ് മതത്തിന്റെ പേരിൽ സംസ്ഥാനത്ത് വിദ്വേഷം വളർത്തുന്ന സംഘടനകളെ നിരോധിക്കുമെന്നത്. കോ​ൺ​ഗ്രസ് അധികാരത്തിലെത്തിയാൽ, ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം വളർത്തുന്ന ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പോലുളള വർ​ഗീയ സംഘടനകൾക്കെതിരെയും വ്യക്തികൾക്കെതിരെയും നിയമപ്രകാരം നിരോധനമടക്കമുളള ശക്തമായ നടപടിയെടുക്കുമെന്ന് പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, കോൺ​ഗ്രസിന്റെ ഈ നീക്കത്തെ മോദി തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വിഷയമാക്കി മാറ്റിയതോടെ വലിയ വിവാദമായി മാറിയിരുന്നു. വോട്ട് ചെയ്യുമ്പോൾ കോൺ​ഗ്രസിനുളള മറുപടിയായി 'ജയ് ബജ്‌റംഗ് ബലി' എന്ന് പറയണമെന്നും മോദി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ''ഹനുമാനെ പൂട്ടാനായി പ്രകടനപത്രികയിൽ കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ആദ്യം അവർ രാമനെ പൂട്ടിയിട്ടു. ജയ് ബജ്‌റംഗ് ബലി എന്ന് പറയുന്നവരെ പൂട്ടാനാണ് ഇപ്പോൾ അവർ ആഗ്രഹിക്കുന്നത്''. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയനഗര ജില്ലയിലെ ഹോസ്പേട്ടിൽ നടന്ന പൊതുയോഗത്തിൽ മോദി പറഞ്ഞു.

തൊട്ടുപിന്നാലെ, കർണാടകയിലെ ക്ഷേത്രങ്ങളിൽ ബിജെപി പ്രവർത്തകർ ഹനുമാൻ ചാലിസ കീർത്തന യജ്ഞവും നടത്തിയിരുന്നു. തിരഞ്ഞെടുപ്പിലുടനീളം കോൺ​ഗ്രസ് ഹനുമാന് എതിരാണെന്ന് വരുത്തിത്തീർക്കാനാണ് ബിജെപി ശ്രമിച്ചിരുന്നത്. എന്നാൽ വിഷയം വിവാദമായതോടെ ബജ്‌റംഗ് ബലിയെ ബജ്‌റംഗ്ദളുമായി ബിജെപി തുലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. കൂടാതെ, വിജയിച്ചു വന്നാൽ സംസ്ഥാനത്തുടനീളം ആഞ്ജനേയ ക്ഷേത്രം പണിയുമെന്നും യുവജനങ്ങൾക്കായി ഹനുമാന്റെ പേരിൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പ്രഖ്യാപിച്ചിരുന്നു.

കൊപ്പാലിൽ ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന അഞ്ജനാദ്രി ഹിൽസിന്റെ വികസനത്തിനായി ഒരു പ്രത്യേക ബോർഡ് തന്നെ രൂപവത്കരിക്കുമെന്നും കോൺഗ്രസ് കന്നഡികർക്ക് വാഗ്ദാനം നൽകി. ദിവസവും രണ്ട് തവണ ഹനുമാൻ ചാലീസാ ചൊല്ലുന്നയാളാണെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഷിംല ജാഖുവിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തുന്ന വിഡിയോയും കോൺ​ഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചു.

മൂന്ന് പതിറ്റാണ്ടിനിപ്പുറം സംസ്ഥാനത്ത് കോൺഗ്രസ് ഏറ്റവും വലിയ വോട്ട് വിഹിതവും സീറ്റുകളും നേടിയതോടെ, കഴിഞ്ഞ ദിവസം കോൺ​ഗ്രസ് പ്രവർത്തകർ ഹനുമാൻറെ വേഷം ധരിച്ച് ബിജെപിയെ രൂക്ഷമായി പരിഹസിക്കാനും മറന്നില്ല. ഹനുമാൻ ഭഗവാൻ കോൺഗ്രസിനൊപ്പമാണെന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പല മുതിർന്ന കോൺഗ്രസ് നേതാക്കളും ആഹ്ലാദപ്രകടനങ്ങൾ നടത്തിയത്.

logo
The Fourth
www.thefourthnews.in