വിജയ് നായര്‍
വിജയ് നായര്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; മലയാളി വിജയ് നായര്‍ അറസ്റ്റിൽ

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയാണ് വിജയ് നായര്‍

ഡല്‍ഹി സര്‍ക്കാറുമായി ബന്ധപ്പെട്ട മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയുടെ സഹായിയും വ്യവസായിയുമായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മനീഷ് സിസോദിയ അടക്കം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേരിലൊരാളാണ് മലയാളിയായ വിജയ് നായര്‍. ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു വിജയ് നായരെ അറസ്റ്റ് ചെയ്തത്. കേസിലെ ഗൂഢാലോചനയില്‍ വിജയ് നായര്‍ക്ക് പങ്കുണ്ടെന്നാണ് സിബിഐയുടെ വാദം.

കേസിലെ ഗൂഢാലോചനയില്‍ വിജയ് നായര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ

മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ എന്ന എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുന്‍ സിഇഒ ആണ് വിജയ് നായര്‍. ഇയാള്‍ വഴിയാണ് മദ്യവ്യവസായികളില്‍ നിന്നും കൈക്കൂലി വാങ്ങിയത് എന്നുമാണ് സിബിഐയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. വിജയ് നായരുടെ കോമഡി ഷോകളുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ ആളുകളിലേക്കും അന്വേഷണം നടത്തുകയാണ് സിബിഐ.

വിജയ് നായര്‍ വഴിയാണ് മദ്യവ്യവസായികളില്‍ നിന്നും കൈക്കൂലി വാങ്ങിയത് എന്നുമാണ് സിബിഐ

അതേസമയം, മദ്യനയഅഴിമതിയുമായി ബന്ധപ്പെട്ട് വിജയ് നായര്‍ക്ക് യാതൊരു ബന്ധമില്ലെന്നും കേസ് അടിസ്ഥാന രഹിതമാണെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ വിശദീകരണം. സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ആംആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് ഭയമാണെന്നും ആംആദ്മി ആരോപിക്കുന്നു.

വിജയ് നായര്‍ക്ക് യാതൊരു ബന്ധമില്ലെന്നും കേസ് അടിസ്ഥാന രഹിതമാണെന്നുമാണ് ആംആദ്മി പാര്‍ട്ടി

നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രാഷ്ട്രീയവുമായോ മദ്യ വ്യാപാരികളുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരേ ഒരു വ്യക്തിയാണ് മലയാളി കൂടിയായ വിജയ്‌നായര്‍. രാഷ്ടീയപാര്‍ട്ടികളുമായി ഒരു ബന്ധവുമില്ലാത്തയാള് എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും 2020 ലെ ഡല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നവരില്‍ വിജയ് ഉണ്ടായിരുന്നു. 2019 ല്‍ എഎപിയുടെ പാര്‍ട്ട് ടൈം വോളന്റിയറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 19 ന് നടത്തിയ റെയ്ഡില്‍ വിജയ് നായരെ കാണാനില്ലെന്നവിവരമായിരുന്നു സിബിഐ പുറത്തുവിട്ടിരുന്നത്. നായര്‍ ഉള്‍പ്പെടെ സിസോദിയയുടെ രണ്ട് സഹായികള്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രാജ്യം വിട്ടതായി ഡല്‍ഹി ബിജെപി എംപി പര്‍വേഷ് വര്‍മയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ രാജ്യം വിട്ടിട്ടില്ലെന്നും വ്യക്തിപരമായ ജോലികള്‍ കാരണം ആഴ്ചകളോളം വിദേശത്തായിരുന്നുവെന്നും വിജയ് നായര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.

നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാല തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കുന്നതിന് മനീഷ് സിസോദിയയുടെ കൂടെയുള്ളവര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്നാണ് സിബിഐ കേസ്. നാല് മുതല്‍ അഞ്ച് കോടി രൂപ വരെ കൈക്കൂലിയായി വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ആദ്യം ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍ ആദ്യമായാണ് ഒരു മലയാലി അറസ്റ്റിലാവുന്നത്.

logo
The Fourth
www.thefourthnews.in