വിസ്താര പറക്കാത്തത് എന്തുകൊണ്ട്?; പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെ?

വിസ്താര പറക്കാത്തത് എന്തുകൊണ്ട്?; പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെ?

എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ ഉണ്ടായ പ്രശ്‌നങ്ങളാണ് സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലേക്ക് വിസ്താരയെ കൊണ്ടെത്തിച്ചത്‌

ഇന്ത്യയിലെ ആഭ്യന്തര സർവീസ് റൂട്ടുകളിൽ ആദ്യമായി പ്രീമിയം എക്കണോമി സീറ്റുകൾ കൊണ്ടുവന്ന എയർലൈൻ സർവീസാണ് വിസ്താര. ടാറ്റ ഗ്രൂപ്പും എയർ സിങ്കപ്പൂരും ഒരുമിച്ച് ചേർന്ന് ആരംഭിച്ച വിസ്താര ചുരുങ്ങിയ സമയം കൊണ്ട് തന്നെ യാത്രക്കാരുടെ പ്രിയ സേവനദാതാക്കളായി മാറി.

പക്ഷെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി എയർ വിസ്താര നേരിടുന്നത് സമാനതകൾ ഇല്ലാത്ത വെല്ലുവിളികളാണ്. ദിവസങ്ങൾക്കിടെ വിസ്താരയുടെ നിരവധി വിമാനങ്ങളാണ് റദ്ദാ ക്കിയത്. വിസ്താരയുടെ പൈലറ്റുമാർ കൂട്ടമായി അസുഖാവധി എടുത്തതോടെയാണ് വിമാന സർവീസുകൾ താറുമാറായത്.

എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ ഉണ്ടായ പ്രശ്‌നങ്ങളാണ് സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലേക്ക് വിസ്താരയെ തള്ളിവിട്ടത്.

എന്താണ് വിസ്താര, പ്രതിസന്ധിക്ക് കാരണമെന്ത് ?

2015-ലാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി വിസ്താര എയർലൈൻ ആരംഭിച്ചത്. ടാറ്റാ സൺസ്, സിങ്കപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമായി തുടങ്ങിയ വിസ്താരയിൽ 51 ശതമാനം ഓഹരികൾ ടാറ്റയ്ക്കും 49 ശതമാനം ഓഹരികൾ സിങ്കപ്പൂർ എയർലൈനുമാണ് ഉള്ളത്. പിന്നീടാണ് ഇന്ത്യയുടെ വിമാന സർവീസ് ആയ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തെത്. ഇതോടെ വിസ്താരയും എയർ ഇന്ത്യയും ലയിക്കാൻ തീരുമാനിക്കുകയും ചെയ്തു.

പിന്നാലെ,തൊഴിലാളികളുടെ പ്രതിഫലത്തിന് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ വിസ്താര തീരുമാനിച്ചു. എയർ ഇന്ത്യയ്ക്ക് സമാനമായി വിസ്താരയിലെ തൊഴിലാളികളുടെ പ്രതിഫലം പുനർക്രമീകരിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ലയനത്തിന്റെ ഭാഗമായി പൈലറ്റിന്റെ വിമാന സമയം 70 മുതൽ 40 മണിക്കൂർ വരെ പരിമിതപ്പെടുത്തി, ശമ്പളം കുറച്ച സാഹചര്യത്തിലാണ് വിസ്താരയിലെ പൈലറ്റുമാർ കൂട്ടത്തോടെ ലീവിലേക്ക് മാറി സമരം തുടങ്ങിയത്. പ്രതിമാസം 80,000 നും 1,40,000 നും ഇടയിൽ ശമ്പളത്തിൽ കുറവുകൾ തൊഴിലാളികൾക്ക് ഉണ്ടായി.

ഭുരിപക്ഷം പൈലറ്റുമാരും അസുഖാവധിയെടുത്ത് മാറി നിന്നതോടെ സർവീസുകൾ സ്തംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറിലധികം വിസ്താര വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ആഭ്യന്തരമായും അന്തർദേശീയമായും 300-ലധികം പ്രതിദിന വിമാന സര്‍വീസുകള്‍ നടത്തുന്ന വിസ്താര, ക്രൂ ലഭ്യമല്ലാത്തതിനാൽ, പ്രതിദിനം 60 മുതൽ 70 വരെ ഫ്‌ളൈറ്റുകൾ റദ്ധാക്കുകയോ വൈകുകയോ ചെയ്തു. ഏപ്രിൽ 1 ന് വിസ്താരയുടെ 125 ലധികം വിമാനങ്ങൾ റദ്ദാക്കി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിസ്താരയോട് സര്‍വീസ് തടസ്സങ്ങളെക്കുറിച്ചുള്ള ദൈനംദിന റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദ്ദേശിച്ചു. വ്യോമയാന മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിനിടെ പതിനഞ്ചോളം മുതിർന്ന ഫസ്റ്റ് ഓഫീസർമാരെങ്കിലും എയർലൈനിൽ നിന്ന് അടുത്തിടെ രാജിവെച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇതിനിടെ തടസങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി വിസ്താര പ്രഖ്യാപിച്ചു. ഫ്‌ളൈറ്റ് ഓപ്പറേഷനുകളിൽ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനായി ചില ആഭ്യന്തര റൂട്ടുകളിൽ ബോയിംഗ് 787-9 ഡ്രീംലൈനർ, എയർബസ് എ 321 നിയോ തുടങ്ങിയ വലിയ വിമാനങ്ങളുടെ വിന്യാസം, നെറ്റുവര്‍ക്കില്‍ ഉടനീളം തുടർച്ചയായ കണക്റ്റിവിറ്റി ഉറപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിസ്താരയുടെ വിശദീകരണം

പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വിസ്താര പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ചെറുവിമാനങ്ങള്‍ വെട്ടിചുരുക്കി വലിയ വിമാനങ്ങളുടെ സര്‍വീസ് കൂട്ടി അടിയന്തരമായി പ്രതിസന്ധി പരിഹരിക്കാനാണ് വിസ്താരയുടെ തീരുമാനം. ഇതിന് പുറമെ റീഫണ്ടുകളും നഷ്ടപരിഹാരവും വിസ്താര പ്രഖ്യാപിച്ചിട്ടുണ്ട്.

''ഞങ്ങളുടെ ഉപഭോക്താക്കളുടെ സമീപകാല അനുഭവം ഞങ്ങൾ പാലിക്കുന്ന നിലവാരത്തേക്കാൾ കുറവാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു, അതിനായി ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

വിവിധ കാരണങ്ങളാൽ ഞങ്ങൾക്ക് ഗണ്യമായി ഫ്‌ളൈറ്റുകൾ റദ്ദാക്കേണ്ടി വരികയും കാലതാമസം നേരിടേണ്ടി വരികയും ഉണ്ടായിട്ടുണ്ട്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുകയാണ്. ഒന്നാമതായി, ഞങ്ങൾ പ്രവർത്തിപ്പിക്കുന്ന വിമാനങ്ങളുടെ എണ്ണം താൽക്കാലികമായി കുറയ്ക്കുകയും, സാധ്യമാകുന്നിടത്തെല്ലാം കൂടുതൽ ഉപഭോക്താക്കളെ ഉൾക്കൊള്ളുന്നതിനായി തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ ഞങ്ങളുടെ ബോയിംഗ് 787-9 ഡ്രീംലൈനർ, എയർബസ് എ 321 നിയോ എന്നിവ പോലുള്ള വലിയ വിമാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

വിമാനങ്ങളുടെ കൃത്യസമയം പാലിക്കൽ രണ്ട് ദിവസമായി 80 ശതമാനം ആയി വർധിച്ചതോടെ സ്ഥിതി മെച്ചപ്പെട്ടു. ഈ വാരാന്ത്യത്തോടെ, ഏപ്രിൽ മാസത്തെ പ്രവർത്തനം സാധാരണ ഗതിയിലാകുമെന്ന് പ്രതീക്ഷിക്കുവന്നു. ഉപഭോക്താക്കൾ വർഷങ്ങളായി ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന സർവീസിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ തുടർച്ചയായ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു, ഇത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്നതിനൊപ്പം ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയാണ്'' - വിസ്താരയുടെ വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in