'അവസാനത്തെ ചിരി എൻ്റേത്,
നിങ്ങളുടെ അടുത്ത ഗ്രനേഡിനായി കാത്തിരിക്കുന്നു'; ലൈംഗികപീഡന ആരോപണത്തില്‍ സി വി ആനന്ദ ബോസ്

'അവസാനത്തെ ചിരി എൻ്റേത്, നിങ്ങളുടെ അടുത്ത ഗ്രനേഡിനായി കാത്തിരിക്കുന്നു'; ലൈംഗികപീഡന ആരോപണത്തില്‍ സി വി ആനന്ദ ബോസ്

രാജ്‌ഭവന്‍ കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടക്കുന്നെന്ന് ജീവനക്കാർക്ക് ഗവർണറുടെ മുന്നറിയിപ്പ്

തനിക്കെതിരായ സ്ത്രീപീഡന ആരോപണത്തില്‍ അവസാനത്തെ ചിരി തൻ്റേതായിരിക്കുമെന്നാണ് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ആരോപണത്തെ നിസ്സാരമായി നേരിടുമെന്നും അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു.

വിഷയത്തിൽ ഗവർണർ എന്ന നിലയിൽ പ്രതികരിക്കുന്നത് ഉചിതമല്ല. കേസ് രാഷ്ട്രീയപ്രേരിതമാണ്. ഗവർണറായശേഷം ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിൽ തന്നോട് ദേഷ്യമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.

സന്ദേശ്ഖാലി ശൈലി മറ്റിടങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾ ബംഗാളിലെ ഭരണകക്ഷിയിൽനിന്ന് അകന്നുതുടങ്ങി. ഇത് ദോഷം ചെയ്യുമെന്ന ഭയം അവിടെയുണ്ട്. തനിക്കെതിരായ നീക്കത്തിൽ ബംഗാളിലെ ഭരണകക്ഷിയുടെ ഇടയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. ഇന്നത്തെ യാത്രയ്ക്ക് മുമ്പ് പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവ് വിളിച്ചിരുന്നു. പാർട്ടിയിൽ താങ്കൾക്കെതിരെ വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് പറഞ്ഞുതരാമെന്ന് പറഞ്ഞു. ആരോപണങ്ങൾ കേട്ട് പിന്നോട്ടില്ല.

ആരോപണമുന്നയിച്ച യുവതിക്കു ജോലി വാഗ്ദാനം ചെയ്തതല്ല. ജോലിയിലെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇത് അവരെ ധരിപ്പിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ പരാതിയെന്നും ആനന്ദബോസ് പറഞ്ഞു.

അതേസമയം, ആരോപണത്തില്‍ ഓഡിയോ സന്ദേശത്തിലൂടെയുള്ള ആനന്ദബോസിന്റെ പ്രതികരണം പുറത്തുവന്നു. നിങ്ങളുടെ അടുത്ത ഗ്രനേഡിനും ഒളിയമ്പുകള്‍ക്കുമായി കാത്തിരിക്കുന്നു, ദയവായി തൊടുക്കൂവെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. രാജ്‌ഭവന്‍ കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടക്കുന്നെന്ന് ജീവനക്കാർക്ക് ഗവർണർ മുന്നറിയിപ്പ് നല്‍കി.

"പ്രിയപ്പെട്ട രാജ്ഭവന്‍ ജീവനക്കാരെ. എനിക്കുനേരെ ഒരു രാഷ്ട്രീയശക്തി തൊടുത്ത ആരോപണങ്ങള്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇനിയും ആരോപണങ്ങളുണ്ടാകുമെന്ന് ഞാന്‍ മനസിലാക്കുന്നു. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. അഴിമതിയും അക്രമവും തടയാനുള്ള എന്റെ ശ്രമങ്ങളെ ഇത്തരം ആരോപണങ്ങള്‍കൊണ്ട് ഇല്ലാതാക്കാനാകില്ല. ദ്രോഹചിന്ത പുലർത്തുന്നവരുടെ അവസാന മാർഗമാണ് വ്യക്തിഹത്യ. ഇത്തരം വൃത്തികെട്ട വ്യാഖ്യാനങ്ങളുണ്ടാക്കുന്നവരുടെ സ്വഭാവം ഒരു രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്," ഗവർണറുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്‌ഭവന്‍ സന്ദർശിക്കാനിരിക്കെയായിരുന്നു ഗവർണർക്കെതിരെ ജീവനക്കാരി ലൈംഗികാരോപണം ഉന്നയിച്ച് പോലീസില്‍ പരാതി നല്‍കിയത്. വിഷയം തൃണമൂല്‍ നേതാക്കള്‍ ഏറ്റെടുത്തതോടെയാണ് ആനന്ദ ബോസ് പ്രതികരിച്ചത്. സത്യം വിജയിക്കുമെന്നായിരുന്നു ഗവർണറുടെ ആദ്യ വാക്കുകള്‍.

"വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ എന്റെ പക്കലുണ്ട്. കൂടുതല്‍ ഗുരുതരമായ ഗൂഢാലോചന രാജ്‌ഭവനില്‍ നടന്നതായി എനിക്ക് വിവരം ലഭിച്ചു. ഇതിന് പിന്നിലുള്ളവരെ ഞങ്ങള്‍ക്കറിയാം. സൂക്ഷിക്കുക," ആനന്ദ ബോസ് കൂട്ടിച്ചേർത്തു.

'അവസാനത്തെ ചിരി എൻ്റേത്,
നിങ്ങളുടെ അടുത്ത ഗ്രനേഡിനായി കാത്തിരിക്കുന്നു'; ലൈംഗികപീഡന ആരോപണത്തില്‍ സി വി ആനന്ദ ബോസ്
'ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് രാജ്ഭവനില്‍ സ്ത്രീയെ പീഡിപ്പിച്ചു'; ആരോപണവുമായി തൃണമൂല്‍ എംപി, സത്യം ജയിക്കുമെന്ന് മറുപടി

"1943ലെ ബംഗാള്‍ ക്ഷാമത്തിനും 1946ലെ കല്‍ക്കട്ട കൊലപാതകത്തിനും എന്നെ കുറ്റപ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല. അതാണ് ഈ സംസ്ഥാനത്തെ രാഷ്ട്രീയ ശക്തികളുടെ ശൈലി. ഞാന്‍ ബംഗാളിലേക്കു വന്നത് വിശ്രമിക്കാനല്ല. ബംഗാളിലേതു ഭാരിച്ച ജോലിയായിരിക്കുമെന്ന് എനിക്കറിയാം. ഞാനൊരു വലിയ പർവതം തന്നെയാണ് കയറുന്നത്. ജനങ്ങളുടെ സ്നേഹമാണ് എന്നെ നയിക്കുന്നതും പ്രോത്സാഹനമാകുന്നതും," ആനന്ദ ബോസ് വ്യക്തമാക്കി.

"നിങ്ങളുടെ പക്കലുള്ള എല്ലാ ആയുധങ്ങളും പുറത്തെടുക്കൂ, എനിക്കെതിരെ പ്രയോഗിക്കൂ. ഞാന്‍ തയാറാണ്. വിരോധികള്‍ ഒന്ന് ഓർക്കുക, ഞാന്‍ ഒളിച്ചോടാനല്ല, പോരാടാനാണ് പഠിച്ചത്. ബംഗാളിലെ സഹോദരി സഹോദരന്മാർക്കുവേണ്ടി എന്റെ പോരാട്ടം തുടരും," ആനന്ദ ബോസ് പറയുന്നു.

അതേസമയം, ഗവർണർക്കെതിരായ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങുകയാണ് തൃണമൂലിന്റെ വനിത വിഭാഗം. ധനമന്ത്രിക്കു രാജ്‌ഭവനിലേക്ക് പ്രവേശനം നിഷേധിച്ചതില്‍ വനിത ശിശുക്ഷേമ മന്ത്രി ശശി പഞ്ച വിമർശനം ഉന്നയിച്ചു. "ഗവർണർ ധാർഷ്ട്യത്തിലാണ്. രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍നിന്ന് നമ്മുടെ ധനമന്ത്രിയെ വിലക്കിയിരിക്കുന്നു. ഈ ആരോപണങ്ങളെല്ലാം ഉയർന്ന പശ്ചാത്തലത്തില്‍ ഞങ്ങള്‍ അങ്ങോട്ട് പോകുമെന്നാണോ കരുതിയത്," മന്ത്രി ചോദിച്ചു. പോലീസിനും രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്.

logo
The Fourth
www.thefourthnews.in