ലൈംഗികാതിക്രമം, ഭൂമിയേറ്റെടുക്കൽ; പ്രതിഷേധാഗ്നിയിൽ സന്ദേശ്ഖാലി, മുതലെടുക്കാൻ ബിജെപി

ലൈംഗികാതിക്രമം, ഭൂമിയേറ്റെടുക്കൽ; പ്രതിഷേധാഗ്നിയിൽ സന്ദേശ്ഖാലി, മുതലെടുക്കാൻ ബിജെപി

വിഷയത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്

പശ്ചിമബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ദിവസങ്ങളായി തുടർന്നുവരുന്ന അശാന്തി ദേശീയശ്രദ്ധ ആകർഷിച്ച് കഴിഞ്ഞു. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയതാണ് ഏറ്റവും പുതിയ സംഭവവികാസം.

ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂൽ നേതാക്കൾക്കെതിരെ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങൾ. വിഷയത്തിൽ പ്രധാന പ്രതിയെ ഇനിയും പിടികൂടാൻ സാധിക്കാത്തതിനാൽ പ്രദേശത്ത് സംഘർഷം അവസാനിച്ചിട്ടില്ല. അശാന്തമായ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മുതലെടുക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമങ്ങളും വിഷയത്തെ കൂടുതൽ രൂക്ഷമാക്കുന്നു. വിഷയത്തെ വർഗീയവത്കരിക്കാന്‍ ബിജെപി ഉള്‍പ്പെടെ ശ്രമിക്കുന്നു എന്നാണ് മറ്റൊരു ആക്ഷേപം.

എന്താണ് സന്ദേശ്ഖാലിയിലെ അസ്ഥിര കാലാവസ്ഥയ്‌ക്കുള്ള കാരണങ്ങൾ?

ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സന്ദേശ്ഖാലി എന്ന ഗ്രാമം. ഒരു പ്രമുഖ പ്രാദേശിക തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങളിൽനിന്നാണ് പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. ടിഎംസിയിലെ പ്രമുഖനും ശക്തനുമായ ഷെയ്ഖ് ഷാജഹാൻ്റെ വസതിയിൽ ജനുവരി അഞ്ചിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയിരുന്നു. കോടിക്കണക്കിന് രൂപയുടെ റേഷൻ വിതരണ കുംഭകോണത്തിൽ ഉൾപ്പെട്ടയാളാണ് ഷെയ്ഖ് ഷാജഹാൻ. ഷാജഹാന്റെ കൂട്ടാളികൾ ഇ ഡി റെയ്ഡ് തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇത് സംഘർഷാവസ്ഥയിലേക്ക് നയിച്ചതോടെ ഷെയ്ഖ് ഷാജഹാൻ ഒളവിൽ പോയി.

ഷെയ്ഖ് ഷാജഹാൻ
ഷെയ്ഖ് ഷാജഹാൻ

ഇതിനുശേഷം ഒരു മാസം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി ഏഴിനാണ്‌ പ്രതിഷേധം ആരംഭിക്കുന്നത്. ഷാജഹാനും കൂട്ടരും ചെമ്മീന്‍ കൃഷിക്കായി ഭൂമി ബലമായി പിടിച്ചെടുക്കുകയും തങ്ങളെ പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയമാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ മുന്നോട്ടുവന്നു. വർഷങ്ങളോളം അനുഭവിച്ച ചൂഷണത്തിന്റെയും ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന്റെയും കഥകളാണ് ഈ സ്ത്രീകൾ പങ്കുവെച്ചത്. ഉത്തം സർദാർ, ഷിബാപ്രസാദ് ഹസ്ര എന്നിവരുൾപ്പെടെ മറ്റ് ടിഎംസി നേതാക്കൾക്കെതിരെയും ആരോപണങ്ങളുണ്ട്.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ മുളവടികളും ചൂലുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാർ ഹസ്രയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമുകൾ കത്തിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. രാഷ്ട്രീയനേട്ടത്തിനായി ടി എം സി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിച്ചു. നീതിക്കായി കൂടുതൽ മുറവിളികൾ ഉയർന്നുവരികയും ചെയ്തു.

ബി ജെ പിയും ദേശീയ വനിതാ കമ്മീഷനും (എൻ സി ഡബ്ല്യു) ടി എം സിയും സംസ്ഥാന സർക്കാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് ആരോപിക്കുന്നു. വനിതാ കമ്മീഷൻ പ്രദേശം സന്ദർശിച്ച് നടത്തിയ റിപ്പോർട്ടിൽ ആളുകളെ ഭയപ്പെടുത്തിവച്ചിരുന്നുവെന്നും സ്ത്രീകളെ ആസൂത്രിതമായി ദുരുപയോഗം ചെയ്തുവെന്നും പറയുന്നു. ഇതാണ് പോലീസിനെയും ടിഎംസി നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്നത്.

സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് വിഷയത്തിൽ ഇടപെട്ടു. സന്ദേശ്ഖാലിയിലുണ്ടായ അതിക്രമങ്ങളിൽ അദ്ദേഹം ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു. സമ്മർദം വർധിച്ചതോടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും ഉത്തരവാദികൾ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി മമത ബാനർജി ഉറപ്പുനൽകി. അതേസമയം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും പ്രശ്നങ്ങൾ വഷളാക്കുന്നതും ബി ജെ പിയും ആർ എസ് എസുമാണെന്നും തൃണമൂൽ ആരോപിച്ചു. നിരോധന ഉത്തരവുകൾ പിൻവലിക്കാനും ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താനും കൽക്കട്ട ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

സന്ദേശ്ഖാലിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക തൃണമൂൽ നേതാക്കളായ ഷിബാപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരുൾപ്പെടെ 18 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രധാനപ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ വകുപ്പുകളും ചേർത്തിട്ടുണ്ട്. ടി എം സി നേതാവ് ഷാജഹാൻ ഷെയ്ഖിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രദേശത്ത് പ്രതിഷേധങ്ങൾ തുടരുന്നത്.

തൃണമൂലിന് തിരിച്ചടിയാകുമോ ലൈംഗികാരോപണങ്ങൾ?

ബംഗാളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേവലം പ്രഖ്യാപനങ്ങൾ മതിയാകില്ല. വേഗത്തിൽ സുതാര്യമായ അന്വേഷണം നടത്തുക, പ്രതികളെ പിടിക്കുക, അവരുടെ വേദനയിൽ ഒപ്പം നിൽക്കുക എന്നതാണ് ഇനി മമത ബാനർജിക്ക് മുൻപിലുള്ള വഴി. വോട്ടർമാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് സുതാര്യമായ അന്വേഷണം നടത്തുകയെന്നത് സുപ്രധാനമാണ്.

നീതിക്കായുള്ള ഈ സ്ത്രീകളുടെ മുറവിളികൾ അവഗണിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയ്ക്ക് തുല്യമാകും. സന്ദേശ്ഖാലി മമതയുടെ മാത്രമല്ല, പശ്ചിമ ബംഗാളിന്റെ മുഴുവൻ വിധിയും മാറ്റിയെഴുതാൻ കരുത്തുള്ള തീജ്വാലയാണെന്ന് പറയാം. സമാനമായ അപകടം ബംഗാൾ ചരിത്രത്തിൽ നേരത്തെയും ഉണ്ടയിട്ടുള്ളതും കൂടിയാണ്.

സംഭവത്തിൽ വർഗീയ പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലു വിഷയത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നാണ് ബിജെപി ഉള്‍പ്പെടെ ചിന്തിക്കുന്നത്. ഇതും തൃണമൂലിന് വെല്ലുവിളി ഉയർത്തുന്നതാണ്.

logo
The Fourth
www.thefourthnews.in