വിയോജിച്ചവർക്കും സാമ്പത്തിക സംവരണത്തോട് എതിർപ്പില്ല, ഭിന്നത എസ് സി,  എസ് ടിക്കാരെ ഒഴിവാക്കിയതിൽ മാത്രം

വിയോജിച്ചവർക്കും സാമ്പത്തിക സംവരണത്തോട് എതിർപ്പില്ല, ഭിന്നത എസ് സി, എസ് ടിക്കാരെ ഒഴിവാക്കിയതിൽ മാത്രം

സാമ്പത്തിക സംവരണമെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്ന് വിയോജിപ്പ് രേഖപ്പെടുത്തിയവരും പറയുന്നില്ല; സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരെ മാറ്റിനിർത്തിയതിലാണ് വിയോജിപ്പ്

സംവരണം സംബന്ധിച്ച് ഇതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകൾ തിരുത്തുന്നതാണ് ഇന്നത്തെ സുപ്രീം കോടതി വിധി. സംവരണമെന്നത് ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയല്ലെന്നും അത് സാമൂഹ്യമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധ്യം ഉയർത്താനുള്ള സർക്കാറിൻ്റെ ബോധപൂർവമായ ഇടപെടലായും ആണ് ഭരണഘടനാ നിയമനിർമ്മാണ സഭയിലെ ഭൂരിപക്ഷം പേരും കണ്ടത്. എന്നാൽ സാമ്പത്തിക അസമത്വത്തെയും ദാരിദ്ര്യത്തെയും ഇല്ലാതാക്കാനുള്ള മാർഗമെന്ന നിലയിൽ സംവരണത്തെ കാണണമെന്ന വാദവും നേരത്തെ മുതൽ സജീവമായിരുന്നു. ഈ വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഇന്നത്തെ കോടതി വിധി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രത്യേക സംവരണ വിഭാഗമായി കണക്കാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാകില്ലെന്നാണ് വിയോജിപ്പ് രേഖപ്പെടുത്തിയവർ അടക്കം പറയുന്നത്. വിയോജിപ്പ് രേഖപ്പെടുത്തിയവരുടെ എതിർപ്പ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്ന് പട്ടികജാതി-വർഗ വിഭാഗത്തെയും പിന്നാക്ക വിഭാഗത്തെയും മാറ്റി നിർത്തിയതിൽ മാത്രമാണ്.

വിധിന്യായത്തിലെ പ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ:

103-ാം ഭേദഗതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഭരണകൂടത്തിന്റെ ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രത്യേകമായി കാണുന്നത് യുക്തിരഹിതമായ വേര്‍തിരിവാണെന്ന് പറയാന്‍ കഴിയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേക വിഭാഗമാക്കുന്നതില്‍ യുക്തിയുണ്ട് . തുല്യരല്ലാത്തവരെ തുല്യരായി കണക്കാക്കുന്നത് ഭരണഘടനയുടെ തുല്യതയെന്ന സങ്കല്‍പത്തിന് എതിരാണ്. 103-ാം ഭേദഗതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേക വിഭാഗമായി കാണുന്നു. ഇതില്‍നിന്ന് സാമൂഹ്യവും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ മാറ്റി നിര്‍ത്തുന്നത് വിവേചനപരമാണെന്ന് പറയാന്‍ കഴിയില്ല' ജസ്റ്റിസ് ദിനേഷ് മഹേശ്വരി വിധി ന്യായത്തില്‍ പറഞ്ഞു.

സംവരണത്തിന്റെ പരിധി 50 ശതമാനമാക്കിയത് സാമ്പത്തിക സംവരണത്തെ ബാധിക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധിന്യായത്തില്‍ വ്യക്തമാക്കി. പരമാവധി സംവരണം 50 ശതമാനമാക്കിയത് സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ മാത്രമാണ് ബാധകമാവുകയെന്നും ജസ്റ്റിസ് മഹേശ്വരി പറഞ്ഞു. ഇന്ദിരാ സ്വാഹ്നി കേസിലാണ് സംവരണം പരമാവധി 50 ശതമാനമായി സുപ്രീംകോടതി നിശ്ചയിച്ചത്.

സാമ്പത്തിക സംവരണമെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതല്ലെന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് എസ് രബീന്ദ്ര ഭട്ട് പറഞ്ഞു

ജസ്റ്റിസ് ബേല എം ത്രിവേദിയും ഇതിനോട് യോജിച്ചു. ജനങ്ങളുടെ ആവശ്യം നിയമനിര്‍മ്മാണ സഭ മനസ്സിലാക്കുന്നു. സംവരണത്തിന്റെ പരിധിയില്‍നിന്ന് സാമ്പത്തിക മാനദണ്ഡത്തെ മാറ്റി നിര്‍ത്തിയതും അവര്‍ പരിഗണിച്ചു' ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു. സാമ്പത്തിക സംവരണമെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതല്ലെന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് എസ് രബിന്ദ്ര ഭട്ട് പറഞ്ഞു. എന്നാല്‍ എസ് സി- എസ് ടി, ഒബിസി വിഭാഗത്തെ ഇതില്‍നിന്ന് മാറ്റി നിര്‍ത്തിയത് വിവേചനപരമാണ്.

75 വര്‍ഷത്തിന് ശേഷം നമ്മള്‍ സംവരണത്തെ സംബന്ധിച്ച് ഒരു പുനരാലോചന നടത്തേണ്ടതാണ്. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളുന്ന ഭരണഘടനാ സമ്പ്രദായത്തില്‍ അത് ആവശ്യമാണ്.

സംവരണത്തെ സംബന്ധിച്ച് കാലോചിതമായ ആലോചനകള്‍ വേണമെന്നും ജസ്റ്റിസ് ത്രിവേദി പറഞ്ഞു. ഇന്ത്യയില്‍ പുരാതന കാലം മുതല്‍ നില നിന്ന ജാതി സമ്പ്രദായം മൂലമാണ് പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി സംവരണം ഏര്‍പ്പെടുത്തേണ്ടിവന്നത്. 75 വര്‍ഷത്തിന് ശേഷം നമ്മള്‍ സംവരണത്തെ സംബന്ധിച്ച് ഒരു പുനരാലോചന നടത്തേണ്ടതാണ്. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളുന്ന ഭരണഘടനാ സമ്പ്രദായത്തില്‍ അത് ആവശ്യമാണ്.

ഇതേക്കാര്യം ജെ ബി പര്‍ദിവാലയും വിധിന്യായത്തില്‍ ആവര്‍ത്തിച്ചു.

പുരോഗതിയുണ്ടായവരെ പിന്നാക്ക വിഭാഗത്തില്‍നിന്ന് മാറ്റേണ്ടതുണ്ട്. അങ്ങനെയായാല്‍ സഹായം വേണ്ടവരെ കൂടുതലായി ഉള്‍പ്പെടുത്താന്‍ കഴിയും. പിന്നാക്ക വിഭാഗത്തെ നിശ്ചയിക്കാനുള്ള മാനദണ്ഡം ഇന്നത്തെ കാലത്തിനനുസരിച്ച് പുനര്‍നിര്‍വചിക്കണം. സംവരണം അനിശ്ചിതകാലത്തേക്ക് തുടരരുത്. അങ്ങനെയായാല്‍ അത് സ്ഥാപിത താല്‍പര്യത്തിന് വഴിവെയ്ക്കും' അദ്ദേഹം വിധി ന്യായത്തില്‍ എഴുതി

logo
The Fourth
www.thefourthnews.in