യുട്യൂബർ അഭ്രദീപ് സാഹ എന്ന ആംഗ്രി റാന്‍റ്മാന്‌ എന്താണ് സംഭവിച്ചത്? മരണ കാരണം എന്ത് ?

യുട്യൂബർ അഭ്രദീപ് സാഹ എന്ന ആംഗ്രി റാന്‍റ്മാന്‌ എന്താണ് സംഭവിച്ചത്? മരണ കാരണം എന്ത് ?

പ്രധാനമായും കായിക ഇനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളായിരുന്നു അഭ്രദീപ് നിർമിച്ചിരുന്നത്

യൂട്യുബിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വൈറലായ അഭ്രദീപ് സാഹയെന്ന ആംഗ്രി റാന്റ്മാൻ ഇന്നലെ രാത്രി അന്തരിച്ചതായി റിപ്പോർട്ട്. അഭ്രദീപിന്റെ കുടുംബം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ നിരവധി പോസ്റ്റുകൾ സാഹ ഇനിയില്ലെന്ന സത്യം ഉറപ്പിക്കുകയാണ്.

യൂട്യൂബർ അഭ്രദീപ് സാഹ എന്ന ആംഗ്രി റാന്റ്മാന് എന്താണ് സംഭവിച്ചത്?

അദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സമീപകാലത്ത് വന്ന കമ്മ്യൂണിറ്റി അപ്ഡേറ്റുകൾ പ്രകാരം, കഴിഞ്ഞ മാസം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആംഗ്രി റാന്റ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, ഹൃദയ ശസ്ത്രക്രിയയാണ് നടന്നതെന്നാണ് സൂചന. പതിനൊന്ന് ദിവസം മുമ്പ്, ആംഗ്രി റാന്റ്മാന്റെ പിതാവ് ആരാധകർക്ക് അവന്റെ ആരോഗ്യത്തിനെ കുറിച്ചുള്ള അപ്ഡേറ്റ് നൽകിയിരുന്നു, താൻ ഇപ്പോഴും ഐസിയുവിലാണെന്നും ആരോഗ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്നും അഭ്രദീപ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ രണ്ട് ദിവസം മുമ്പ് വന്ന അപ്‌ഡേറ്റ് പ്രകാരം അഭ്രദീപ് സാഹ അതീവ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണെന്നും സൂചന നൽകിയിരുന്നു. ഡോക്ടർമാർ ശ്രമിച്ചെങ്കിലും യുവ കണ്ടന്റ് ക്രിയറ്ററുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്നലെ രാത്രിയോടെ അഭ്രദീപിന്റെ മരണം സംഭവിക്കുകയായിരുന്നു.

ആരായിരുന്നു യൂട്യൂബർ അഭ്രദീപ് സാഹ എന്ന ആംഗ്രി റാന്റ്മാൻ?

ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹ ഒരു യുവ കണ്ടന്റ് ക്രിയേറ്റർ ആയിരുന്നു, പ്രധാനമായും കായിക ഇനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളായിരുന്നു അഭ്രദീപ് നിർമിച്ചിരുന്നത്. പ്രത്യേകിച്ച് ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ. ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 1996 ഫെബ്രുവരി 19 ന് ജനിച്ച അദ്ദേഹം കൊൽക്കത്ത സ്വദേശിയാണ്.

സാഹയുടെ യൂട്യൂബ് ചാനലായ Angry Rantman, 4.81 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആണ് ഈ ചാനലിനുള്ളത്. മാർച്ച് 8 നാണ് ഈ ചാനലിലെ അവസാന വീഡിയോ അപ്‌ലോഡ് ചെയ്തത്. അജയ് ദേവ്ഗൺ, ആർ മാധവൻ, ജ്യോതിക. എന്നിവർ അഭിനയിച്ച ഷൈത്താൻ എന്ന ചിത്രത്തിന്റെ റിവ്യു ആയിരുന്നു ഇത്. വീഡിയോ 1.05 ലക്ഷത്തിലധികം വ്യൂസ് നേടി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ഫോളോവേഴ്‌സിനെയും ഞെട്ടിച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in