കെജിഎഫിനെ പ്രേത ഭൂമിയാക്കുന്നത് ആർക്ക് വേണ്ടി?

കെജിഎഫിനെ പ്രേത ഭൂമിയാക്കുന്നത് ആർക്ക് വേണ്ടി?

ലോകത്തിലെ തന്നെ രണ്ടാമത്തെ ആഴമേറിയ ഖനിക്കുള്ളിൽ അന്ന് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ഇന്നത്തെ ജീവിതമെങ്ങനെയാണ് ?

രണ്ട് ചാപ്റ്ററുകളായി സിനിമ കൊട്ടകകൾ അടക്കി വാണ കെജിഎഫ് എന്ന മാസ് എന്റർടൈനറിന്റെ കഥാ പരിസരമായ കർണാടകയിലെ കെജിഎഫിലൂടെയുള്ള ഒരു യാത്രയാണ്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വർണ ഖനി ആയിരുന്ന കോലാർ ഗോൾഡ് ഫീൽഡിൽ ഖനനം നിർത്തിവെച്ചിട്ട് 23 വർഷമായി. ലോകത്തിലെ തന്നെ രണ്ടാമത്തെ ആഴമേറിയ ഖനിക്കുള്ളിൽ അന്ന് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ഇന്നത്തെ ജീവിതമെങ്ങനെയാണ് ?

ബെംഗളൂരുവിൽ നിന്ന് കെജിഎഫ് എന്ന് ചുരുക്കപ്പേരുള്ള കോലാർ ഗോൾഡ് ഫീൽഡിലേക്ക് ട്രെയിൻ വഴിയും റോഡ് മാർഗവും എളുപ്പത്തിൽ എത്തിച്ചേരാം. സ്വർണ ഖനിയുടെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ വായിച്ചറിഞ്ഞ് യാഷ് ചിത്രമായ കെജിഎഫിലെ കുറച്ച് സീനുകളും മനസിലിട്ടായിരിക്കും മിക്കവരും ഗോൾഡ് ഫീൽഡിൽ വന്നിറങ്ങുക. എന്നാൽ റോക്കി ഭായിമാർ വാഴുന്ന അദ്ഭുത ലോകമല്ല അവിടെ നിങ്ങൾക്ക് മുന്നിൽ തുറക്കുക. അതിജീവന പോരാട്ടത്തിന്റെ വഴിയിലാണ് കഴിഞ്ഞ 23 വർഷമായി കെജിഎഫിലെ ഒരുപറ്റം മനുഷ്യർ.

കോലാർ ഗോൾഡ് ഫീൽഡിലേക്ക് അടുക്കുമ്പോൾ ദൂരെ നിന്നേ കാണാം ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ദ്രവിച്ച കുറെ ഇരുമ്പ് ഷാഫ്റ്റുകൾ. സ്വർണ ഖനിയിലേക്കുള്ള തുരങ്ക പാതയിലേക്ക് തൊഴിലാളികളെ ഇറക്കുകയും തിരികെ, ഖനനം ചെയ്‌തെടുക്കുന്ന സ്വർണമടങ്ങിയ പദാർഥങ്ങൾ എത്തിക്കുകയും ചെയ്തുപോന്നിരുന്ന സംവിധാനം. ഇങ്ങനെ എട്ടോളം വലിയ ഷാഫ്റ്റുകൾ ഗോൾഡ് ഫീൽഡ് അടുക്കുമ്പോൾ കണ്ടുതുടങ്ങും. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഖനനത്തോളം പഴക്കമുണ്ട് ഈ ഷാഫ്റ്റുകൾക്ക്.

1802ൽ ഇംഗ്ലീഷ് ഈസ്ററ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ലഫ്റ്റനന്റ് ജോൺ വാറന്റ് നടത്തിയ സർവേയിലായിരുന്നു കോലാറിലെ സ്വർണ നിക്ഷേപത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഉണ്ടായിരുന്നത്. അദ്ദേഹം 1804ൽ ഇക്കാര്യങ്ങൾ വിശദമാക്കി ഏഷ്യാറ്റിക് ജേർണലിൽ ഒരു ലേഖനം എഴുതി. അന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിൽക്കാലത്ത് ഈ ജേർണൽ വായിക്കാനിടയായി മൈക്കിൾ ഫിഡ്സ് ലവല്ലേ എന്ന പട്ടാള ഉദ്യോഗസ്ഥൻ മഞ്ഞ ലോഹം തേടി കോലാറിലെത്തി. മൈസൂർ സ്റ്റേറ്റിൽ നിന്ന് ലൈസൻസ് തരപ്പെടുത്തിയ അദ്ദേഹം ഖനനത്തിനുള്ള പ്രാഥമിക സജ്ജീകരണങ്ങൾ ഒരുക്കി. എന്നാൽ ഖനനത്തിന് ആവശ്യമായ യന്ത്രസാമഗ്രികളോ സാങ്കേതികവിദ്യയോ ഒന്നും തന്നെ സഹായമായി ലഭിക്കാതായതോടെ അദ്ദേഹം മറ്റൊരു ഇംഗ്ലീഷ് കമ്പനിക്ക് ലൈസൻസ് വിറ്റു. ലൈസൻസ് സ്വന്തമാക്കിയ ജോൺ ടൈലർ ആൻഡ് സൺസ് എന്ന കമ്പനി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താലും യന്ത്രസാമഗ്രികളുടെ പിൻബലത്തോടും 1833ൽ കോലാറിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങി.

1947ൽ ഇന്ത്യ സ്വതന്ത്രമായതോടെ ബ്രിട്ടീഷുകാർ സ്ഥലം വിട്ടു. ലൈസൻസ് കാലാവധി അവസാനിക്കുംവരെ തുടർന്ന ബ്രിട്ടീഷ് കമ്പനി 1956ൽ കപ്പൽ കയറി. പി 1972ൽ കേന്ദ്ര സർക്കാരിനായി ഭാരത് ഗോൾഡ് മൈനസ് ലിമിറ്റഡ് (BGML )എന്ന കമ്പനി ഖനനം ഏറ്റെടുത്തു. ബ്രിട്ടീഷ് കമ്പനിയുടെ കീഴിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ മൂന്നാമത്തെ തലമുറ ബിജിഎംഎല്ലിൽ തൊഴിലാളികളായി. പണ്ട് ബ്രിട്ടീഷുകാർ കെട്ടിക്കൊടുത്ത 200 ചതുരശ്ര അടി വിസ്‌തീർണമുള്ള ഒറ്റമുറി വീടുകളുള്ള ലയങ്ങളിൽ അവർ താമസം തുടർന്നു. ഒടുക്കം 2000 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ ഖനനം നിർത്തി. ഖനനത്തിന് ചെലവഴിക്കുന്ന പണത്തിനനുസരിച്ച് സ്വർണം ലഭിക്കുന്നില്ലെന്നതായിരുന്നു കാരണം.

കഴിഞ്ഞ 23 വർഷമായി കോലാർ ഗോൾഡ് ഫീൽഡ് അടഞ്ഞ് കിടക്കുന്നു. ഈ ഭൂമിയിൽ ഇന്ന് അവശേഷിക്കുന്നത് സയനൈഡിന്റെ അംശമുള്ള കുറെ മലകളാണ്. അതിൽ നിന്ന് കാറ്റിൽ പറന്നെത്തുന്ന പൊടി ശ്വസിച്ച് അസുഖ ബാധിതരായി മരിച്ച് ജീവിക്കുന്ന കുറെ മനുഷ്യരാണ്. കെജിഎഫിൽ എവിടെ തിരിഞ്ഞാലും കാണാം വലിയ സ്വർണ ഖനിയിലെ അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടി രൂപപ്പെട്ട വലിയ മല മടക്കുകൾ. ഈ മലകളിൽ ഇപ്പോഴും സ്വർണമുണ്ട്. 25000 കോടി രൂപ വിലമതിക്കുന്ന സ്വർണ നിക്ഷേപമുണ്ടെന്നാണ് വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട്. സ്വർണം വേർതിരിച്ചെടുക്കുന്നത് ശ്രമകരമായ കാര്യമാണ്. കാര്യക്ഷമമായി ഇത് നിർവഹിക്കാൻ കഴിയുന്ന കമ്പനികളെ തേടുകയാണ് കേന്ദ്ര സർക്കാർ. നടപടി ക്രമങ്ങൾക്ക് വേഗം വയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

തുരങ്കം നിർമിച്ചുള്ള ഖനനത്തിന് പകരം ഓപ്പൺ കാസ്റ്റ് മൈനിങ് രീതിയോടാണ് കേന്ദ്ര സർക്കാരിന് താല്പര്യം. അതിന് ആദ്യം ഇവിടത്തെ മുൻ ഖനി തൊഴിലാളികളെ കുടിയൊഴിപ്പിക്കണം. ഭൂമി മുഴുവനായി ഏറ്റെടുക്കണം. ഒരു വികസന പദ്ധതികളും കെജിഎഫിൽ നടപ്പിലാക്കാറില്ല. കുടിവെള്ള ദൗർലഭ്യമടക്കം ഒരു പൊതുജന പ്രശ്നത്തിനും ഇവിടെ പരിഹാരമില്ല. ജീവിതം വഴിമുട്ടി മനസ് മടുത്ത് ഇവിടെ കഴിയുന്ന 3000ത്തോളം ഖനി തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഈ ഭൂമി വിട്ടുപോകണം. അതാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾക്ക് വേണ്ടത്. അതിനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് ഖനനം നിർത്തി വച്ചപ്പോൾ പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് ഇതുവരെ നഷ്ടപരിഹാര തുക നൽകിയിട്ടില്ല. ഇപ്പോൾ താമസിക്കുന്ന വീടുകൾക്ക് പട്ടയം നൽകുമെന്ന വാഗ്ദാനവും നിറവേറ്റപ്പെട്ടില്ല. കഴിഞ്ഞ 23 വർഷമായി ഖനി തൊഴിലാളികൾ മുട്ടാത്ത വാതിലുകളില്ല. വീടുകൾക്ക് പട്ടയമില്ലെങ്കിലും നമ്പറുള്ളതിനാൽ ഇവർ കെജിഎഫ് നിയമസഭ മണ്ഡലത്തിലെ വോട്ടർമാരാണ്. അതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് ഇവർ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വിലപ്പെട്ട സമ്മതിദായകരാകും.  

ഇത്തവണ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ പണിപ്പുരയിലാണ് കെജിഎഫിലെ തൊഴിലാളി യൂണിയൻ. ഖനിത്തൊഴിലാളികളുടെ കൂട്ടത്തിൽ നിന്ന് ഒരാളെ ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കാനൊരുങ്ങുകയാണ് അവർ. കെജിഎഫ് എന്ന മാസ് എന്റർടൈനറിന്റെ ഒരു പോസ്റ്റർ പോലും കാണാത്ത കർണാടകയിലെ ഇടം കൂടിയാണ് കോലാർ ഗോൾഡ് ഫീൽഡ്. യാഷ് ചിത്രത്തിന് ലോകം മുഴുവൻ ആസ്വാദകരുണ്ടായപ്പോഴും സിനിമ ആഘോഷിക്കപ്പെട്ടപ്പോഴും സമരമുഖത്തായിരുന്നു കെജിഎഫുകാർ. ജനിച്ച് വളർന്ന മണ്ണിൽ അന്തസോടെ ജീവിച്ച് മരിക്കാൻ അതിജീവന പോരാട്ടത്തിനിറങ്ങുകയാണ് വരുന്ന മാർച്ച് ഒൻപത് മുതൽ ഖനി തൊഴിലാളികൾ.

logo
The Fourth
www.thefourthnews.in