ജയലളിതയുടെ വിശ്വസ്തനിൽ നിന്ന് ഡിഎംകെയുടെ നേതൃനിരയിലേക്ക്:  ആരാണ് സെന്തിൽ ബാലാജി ?

ജയലളിതയുടെ വിശ്വസ്തനിൽ നിന്ന് ഡിഎംകെയുടെ നേതൃനിരയിലേക്ക്: ആരാണ് സെന്തിൽ ബാലാജി ?

2016 ൽ ജയലളിതയുടെ മരണത്തോടെ പാർട്ടിയിലുണ്ടായ തർക്കങ്ങളിൽ അദ്ദേഹം വികെ ശശികല-ടിടിവി ദിനകരൻ വിഭാഗത്തെ പിന്തുണച്ചു

തമിഴ്‌നാട് വൈദ്യുതി - എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് മെഡിക്കൽ ബുള്ളറ്റിനുകൾ സൂചിപ്പിക്കുന്നത്. 17 മണിക്കൂർ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം ഇന്ന് പുലർച്ചെയോടെയാണ് ബാലാജിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. സ്റ്റാലിന്‌റെ വിശ്വസ്തനും ഡിഎംകെയിലെ പ്രമുഖനുമായ സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

2011 മുതൽ 2015 വരെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു സെന്തിൽ ബാലാജി. അക്കാലം മുതലുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇഡിയുടെ ഇപ്പോഴത്തെ നടപടി. കഴിഞ്ഞ മാസം 16ന് ബാലാജി പ്രതിയായ തൊഴിൽ തട്ടിപ്പ് കേസിൽ പുതിയ അന്വേഷണം നടത്താൻ സംസ്ഥാന പോലീസിനോട് നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. കേസിൽ അന്വേഷണം തുടരാനും ഇഡിക്ക് സുപ്രീംകോടതി അനുമതി നൽകി. ഇതിനെ പിന്തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്.

ആരാണ് സെന്തിൽ ബാലാജി ?

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു സെന്തിൽ ബാലാജി. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് വളർന്നയാൾ. നാലു തവണ എംഎൽഎയായ അദ്ദേഹം 2006ൽ എഐഎഡിഎംകെ ടിക്കറ്റിലാണ് തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്. 2011-16 കാലഘട്ടത്തിൽ ജയലളിതയുടെ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി.

എഐഎഡിഎംകെ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ജയലളിതയോടുള്ള കൂറ് കാണിക്കുന്നതായിരുന്നു. വിശേഷ പൂജകൾ നടത്തിയും പാർട്ടി ചിഹ്നത്തെ സൂചിപ്പിക്കുന്ന ശിരോവസ്ത്രം ധരിച്ചും, പാർട്ടിയേയും നേതാവിനെയും ആദരിക്കാൻ നാളികേരം പൊട്ടിച്ചും അദ്ദേഹം അക്കാലത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മിതമായ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് 2013 ൽ നടത്തിയ അമ്മ വാട്ടർ പദ്ധതിയുടെ പിന്നിലെ തന്ത്രജ്ഞനായിരുന്നു ബാലാജി.

എന്നാൽ പിന്നീട് ജയലളിതയും സെന്തിൽ ബാലാജിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായി. 2015-ൽ ക്യാബിനറ്റ് സ്ഥാനവും പാർട്ടിയുടെ കരൂർ ജില്ലാ സെക്രട്ടറി എന്ന ചുമതലയും അദ്ദേഹത്തിന് നഷ്ടമായി. 2016 ൽ ജയലളിതയുടെ മരണത്തോടെ പാർട്ടിയിലുണ്ടായ തർക്കങ്ങളിൽ അദ്ദേഹം വികെ ശശികല-ടിടിവി ദിനകരൻ വിഭാഗത്തെ പിന്തുണച്ചു.

2018 ലാണ് ബാലാജി ഡിഎംകെയിലേക്ക് മാറുന്നത്. ഡിഎംകെയിൽ അദ്ദേഹത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ സ്റ്റാലിൻ മന്ത്രിസഭയിൽ ഒരു പ്രധാന അംഗമായി മാറാനും അദ്ദേഹത്തിന് സാധിച്ചു.

കാരൂരിലെ സ്വന്തം തട്ടകത്തിലാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതൽ അനുയായികൾ ഉള്ളത്. തൊഴിൽ മേളകളും രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ച് കൂടുതൽ ജനകീയനായി. അനുയായികളിൽ വലിയൊരു പങ്കും യുവാക്കളാണ്. പൊതുജനങ്ങൾക്ക് സൗജന്യ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന ഇ-സേവാ കേന്ദ്രങ്ങൾ കരൂരിൽ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഒന്നാണ്.

"പിന്തുണയ്ക്കുന്നവരെ ഒപ്പം നിർത്താൻ പദ്ധതികൾ പ്രധാനമാണ്.ആളുകൾക്ക് എന്നെ നേരിട്ട് ബന്ധപ്പെടാൻ കഴിയണം," 2021-ൽ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

logo
The Fourth
www.thefourthnews.in