അലി​ഗഢ്‌ മുസ്ലിം സർവകലാശാല
അലി​ഗഢ്‌ മുസ്ലിം സർവകലാശാല

അലിഗഢ് മുസ്ലീം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ചോദ്യം ചെയ്യപ്പെടുന്നത് എന്തുകൊണ്ട്?

പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ഭരണഘടനയുടെ അനുച്ഛേദം 30 (1) പ്രകാരമുള്ള ന്യൂനപക്ഷ സ്ഥാപനമെന്ന പദവിയിൽ തുടരാനാകുമോ എന്നതാണ് ചോദ്യം

അലിഗഢ് മുസ്ലീം സർവകലാശാലയ്ക്ക് ന്യൂനപക്ഷ സ്ഥാപനമായി തുടരാനാകുമോ എന്ന പതിറ്റാണ്ടുകൾ നീണ്ട തർക്കം ഒരു തീരുമാനത്തിലേക്കെത്തുകയാണ്. സുപ്രീംകോടതിയിൽ 2024 ജനുവരി പത്തിന് ആരംഭിച്ച വാദം ഫെബ്രുവരി ഒന്നിന് അവസാനിച്ചിരിക്കുന്നു. പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ഭരണഘടനയുടെ അനുച്ഛേദം 30 (1) പ്രകാരമുള്ള ന്യൂനപക്ഷ സ്ഥാപനം എന്ന പദവിയിൽ തുടരാനാകുമോ എന്നതാണ് നിലനിൽക്കുന്ന ചോദ്യം. എട്ടുദിവസം നീണ്ട വാദമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് കേട്ടത്.

1967ലെ അസീസ് ബാഷ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സർവകലാശാലയ്ക്ക് ന്യൂനപക്ഷ സ്ഥാപനമായി തുടരാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനെതിരെ കൂടിയാണ് നിലവിലെ കേസ്. എന്തുകൊണ്ടാണ് അലിഗഢ് മുസ്ലീം സർവകലാശാലയുടെ ന്യൂനപക്ഷ സ്ഥാപനം എന്ന പദവി ചോദ്യം ചെയ്യപ്പെട്ടത്? എന്തൊക്കെയാണ് പ്രധാനവാദങ്ങൾ?

പ്രധാന വാദങ്ങൾ

1920ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി ആക്ട് അടിസ്ഥാനപ്പെടുത്തിയാണ് സർവകലാശാല സ്ഥാപിതമായത്. ആയതിനാൽ സർവകലാശാല സ്ഥാപിച്ചത് അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരാണ്, അല്ലാതെ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരല്ല എന്നാണ് ന്യൂനപക്ഷ സ്ഥാപനമെന്ന പദവിയെ ചോദ്യം ചെയ്യുന്നവർ മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദം. എന്നാൽ നിയമനിർമാണത്തിലൂടെ നിലവിൽ വന്നതാണെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ളതാണെങ്കിലും അനുച്ഛേദം 30 (1) അടിസ്ഥാനപ്പെടുത്തിയുള്ള ന്യൂനപക്ഷ സ്ഥാപനം എന്ന പദവി സർവകലാശാലയ്ക്ക് ലഭിക്കുമെന്നാണ് മറുപക്ഷത്തിന്റെ വാദം.

 അലി​ഗഢ്‌ മുസ്ലിം സർവകലാശാല
അലിഗഡിനെ ഹരിഗഡാക്കും; അലഹബാദിനും ഫൈസാബാദിനും പിന്നാലെ യു പിയിൽ വീണ്ടും പേരുമാറ്റനീക്കം

എഎംയുവിനെയും എഎംയു ഓൾഡ് ബോയ്‌സ് അസോസിയേഷനെയും പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ ഡോ രാജീവ് ധവാൻ, കപിൽ സിബൽ, സൽമാൻ ഖുർഷിദ്, ഷദൻ ഫറസത്ത് എന്നിവരാണ് ഹാജരായത്. ഏതൊരു സർവകലാശാലയും ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായതാവണം എന്ന നിബന്ധന നിലനിൽക്കുകയും, പാർലമെന്റോ നിയമസഭകളോ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സർവകലാശാലകൾക്ക് ന്യൂനപക്ഷ സ്ഥാപനം എന്ന പദവി നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്ന 1967ലെ വിധിയും പരസ്പരം ഒത്തുപോകില്ല എന്നാണ് പരാതിക്കാർക്ക് വേണ്ടി ഹാജരായ രാജീവ് ധവാൻ ചൂണ്ടിക്കാട്ടുന്നത്. സർവകലാശാലകൾ ഏതെങ്കിലും നിയമനിർമാണസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന നിർദേശം നിലനിൽക്കുകയാണെങ്കിൽ അനുച്ഛേദം 30 പ്രകാരമുള്ള അംഗീകാരം ഒരു ന്യൂനപക്ഷ സ്ഥാപനത്തിനും ലഭിക്കില്ല എന്നും പരാതിക്കാർ വാദിച്ചു.

1981ൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി ആക്ട് പാർലമെന്റ് ഭേദഗതി ചെയ്തു. ഈ ഭേദഗതി, സർവകലാശാല മുസ്ലീം വിഭാഗംതന്നെ സ്ഥാപിച്ചതാണെന്നും അത് മുസ്ലീം വിഭാഗത്തെ സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗാമാണെന്നും പറയുന്നു

കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ ആവശ്യത്തെ പാടെ തള്ളിക്കളഞ്ഞു. ന്യൂനപക്ഷ സ്ഥാപനം എന്ന പദവി അലിഗഢ് മുസ്ലീം സർവകലാശാല ബ്രിട്ടീഷുകാർക്ക് മുന്നിൽ അടിയറവു വച്ചിട്ടാണ് ഇപ്പോഴുള്ള നിലയിലെത്തിയതെന്നാണ് കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ പറഞ്ഞത്. ഇത്തരത്തിൽ തന്നെയാണ് ഒരു ദേശീയ സ്ഥാപനമായി ജാമിയ മിലിയയും മാറിയത് എന്ന് തുഷാർ മേത്ത ചൂണ്ടിക്കാണിക്കുന്നു. അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ അനുമതിയോടെയാണ് അലിഗഢ് മുസ്ലീം സർവകലാശാല നിയമം പാർലമെന്റ് പാസാക്കുന്നത്. അതുകൊണ്ടുതന്നെ ഇത് മുസ്ലീം വിഭാഗം സ്ഥാപിച്ച ഒരു സ്ഥാപനമായി കണക്കാക്കാൻ സാധിക്കില്ല എന്നതാണ് കേന്ദ്രത്തിന്റെ വാദം.

1981ലെ ഭേദഗതി ബാധകമാകുമോ?

1981ൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി ആക്ട് പാർലമെന്റ് ഭേദഗതി ചെയ്തു. ഈ ഭേദഗതി, സർവകലാശാല മുസ്ലീം വിഭാഗംതന്നെ സ്ഥാപിച്ചതാണെന്നും അത് മുസ്ലീം വിഭാഗത്തെ സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗാമാണെന്നും പറയുന്നു. എന്നാൽ 2005ൽ അലഹബാദ് ഹൈക്കോടതി ഈ ഭേദഗതി റദ്ദാക്കി. 1967ലെ അസീസ് ബാഷ കേസിലെ വിധിയെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് ചൂണ്ടിക്കാട്ടി സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്കാൻ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി 2005ൽ ഭേദഗതി തള്ളിക്കളഞ്ഞത്. ശേഷം 2006ൽ കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ കേസ് രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന് കൈമാറുകയായിരുന്നു. 2019 ഫെബ്രുവരി 12ന് സുപ്രീംകോടതി, തർക്കവിഷയം ഏഴംഗ ബെഞ്ചിന് വിട്ടിരുന്നു.

പരാതിക്കാർക്കു വേണ്ടി ഹാജരായ കപിൽ സിബൽ പറയുന്നതനുസരിച്ച്, 1981ലെ ഭേദഗതി അംഗീകരിക്കുകയാണെങ്കിൽ സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ലഭിക്കും. ഇനി അസീസ് ബാഷ കേസ് ആണ് പരിഗണിക്കുന്നതെങ്കിൽ ഭേദഗതിയുടെ സാധ്യതയുൾപ്പെടെ അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പരിശോധിക്കേണ്ടി വരും.

കേന്ദ്ര സർക്കാർ ഈ ഭേദഗതിയെ പ്രതിരോധിച്ചുകൊണ്ട് നിലപാടെടുക്കാതെ ഈ ഭേദഗതി എങ്ങനെ പരിഗണിക്കും എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് അഡ്വ. ഷാദൻ ഫർസത്ത് പറയുന്നു. പാർലമെന്റ് പാസാക്കിയ ഒരു ഭേദഗതിയെ പിന്തുണച്ചുകൊണ്ടല്ലാതെ സർക്കാരിന് നിലപാടെടുക്കാൻ സാധിക്കുമോ എന്ന കാര്യവും പരിശോധിക്കണമെന്ന ആവശ്യമുയർന്നു. ഭരണഘടനാപരമായി പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെ പിന്തുണയ്ക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴിയൊന്നുമില്ല.

 അലി​ഗഢ്‌ മുസ്ലിം സർവകലാശാല
'ഭരണഘടനാവിരുദ്ധം;' സ്വകാര്യ മേഖലയിലെ 75 ശതമാനം സംവരണം റദ്ദാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

വിഷയത്തിൽ നിരവധി ഹിയറിങ്ങുകൾ ഒഴിവാക്കാൻ ആദ്യംതന്നെ ഏഴംഗ ബെഞ്ച് വാദം കേൾക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു. അസീസ് ബാഷ കേസിലെ കോടതി വിധിക്കു ശേഷം ആളുകൾ 1981ലെ ഭേദഗതി ഒരു രണ്ടാമൂഴമായി കണക്കാക്കുകയാണെന്ന് വിമർശിച്ചു. ഈ നിരീക്ഷണത്തിനു ശേഷം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും തുഷാർ മെഹ്‌തയും തമ്മിൽ ഒരു സംഭാഷണമുണ്ടായി. പാർലമെന്റ് പാസാക്കിയ ഒരു നിയമത്തെ എതിർത്തുകൊണ്ട് സർക്കാരിന് എങ്ങനെയാണ് ഒരു നിലപാട് സ്വീകരിക്കാൻ സാധിക്കുക എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 2005ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് സർക്കാരിന് ഭേദഗതിക്കെതിരെ നിലപാടെടുക്കാൻ അടിസ്ഥാനം നൽകുന്നതെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി.

1981ലെ ഭേദഗതി അസീസ് ബാഷ കേസിലെ കോടതി വിധിയെ മറികടക്കാനുള്ള ശ്രമമായിരുന്നുവെന്നും ഇത് സുപ്രീംകോടതിയുടെ മുൻകാല വിധികളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല എന്നും മുതിർന്ന അഭിഭാഷകനായ നീരജ് കിഷൻ കൗൾ അഭിപ്രായപ്പെട്ടു. എന്നാൽ അപ്പോഴും, സർവകലാശാലകൾ ഏതെങ്കിലും നിയമനിർമാണ സഭയിൽ പാസാക്കിയ നിയമത്തിന്റെ പിൻബലത്തിൽ സ്ഥാപിക്കപ്പെടേണ്ടതാണ് എന്ന നിബന്ധന നിലനിൽക്കുമ്പോൾ ന്യൂനപക്ഷ പദവി അവകാശപ്പെടാൻ ഒരു സർവകലാശാലയ്ക്ക് എങ്ങനെ സാധിക്കുമെന്ന ചോദ്യം ബാക്കി നിൽക്കും.

logo
The Fourth
www.thefourthnews.in