ശൈശവവിവാഹം മുതൽ സൈബര്‍ ബുള്ളിയിങ് വരെ; ലൈംഗികബന്ധ സമ്മതത്തിനുള്ള പ്രായം താഴ്ത്തുന്നത് നിയമകമ്മിഷൻ എതിർക്കാനുള്ള കാരണങ്ങൾ

ശൈശവവിവാഹം മുതൽ സൈബര്‍ ബുള്ളിയിങ് വരെ; ലൈംഗികബന്ധ സമ്മതത്തിനുള്ള പ്രായം താഴ്ത്തുന്നത് നിയമകമ്മിഷൻ എതിർക്കാനുള്ള കാരണങ്ങൾ

ലൈംഗികബന്ധത്തിന് സമ്മതം നൽകുന്നതിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നത്തിനെതിരെയാണ് 22 -ാമത് നിയമ കമ്മീഷൻ രംഗത്തെത്തിയത്

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് സമ്മതം നൽകാനുള്ള നിയമപ്രകാരമുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിൽ നിയമ കമ്മിഷന്‍ എതിർപ്പറിയിച്ചിരിക്കുകയാണ്. ബുധനാഴ്ച കേന്ദ്ര നിയമമന്ത്രാലയത്തിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. പോക്‌സോ നിയമത്തിൽ, ലൈംഗികബന്ധത്തിന് സമ്മതം നൽകുന്നതിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നത്തിനെതിരെയാണ് 22 -ാമത് നിയമ കമ്മിഷൻ എതിർപ്പ് അറിയിച്ചിരിക്കുന്നത്. പ്രായപരിധി കുറയ്ക്കരുതെന്ന് നിയമകമ്മിഷന്‍ പറയുന്നത് എന്തുകൊണ്ടാണ്? എന്തൊക്കെയാണ് കമ്മിഷന്റെ നിരീക്ഷണങ്ങൾ?

പ്രായപൂർത്തിയാകാത്ത 'കുട്ടിക്ക്' ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള മാനസിക വളർച്ചയുണ്ടാകില്ലെന്നതാണ് കമ്മീഷന്റെ പ്രധാന വാദം

ലൈംഗികസമ്മതത്തിനുള്ള പ്രായം 18ൽ തന്നെ നിലനിർത്തണമെന്നാണ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള ശിശുസംരക്ഷണ നിയമങ്ങളിലെ പ്രസക്തമായ പല വകുപ്പുകളും ശ്രദ്ധാപൂർവം അവലോകനം ചെയ്യുകയും ബാലപീഡനം, മനുഷ്യക്കടത്ത്, ബാലവേശ്യാവൃത്തി എന്നിവയുടെ ദോഷങ്ങൾ പരിഗണിക്കുകയും ചെയ്ത ശേഷമാണ് 18 വയസിൽനിന്ന് പ്രായപരിധി താഴ്ത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം കമ്മിഷൻ പ്രകടിപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത 'കുട്ടിക്ക്' ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള മാനസിക വളർച്ചയുണ്ടാകില്ലെന്നതാണ് കമ്മിഷന്റെ പ്രധാന വാദം. ലൈംഗിക ചൂഷണത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നത് പരമപ്രധാനമായതിനാൽ, പ്രായപരിധി താഴ്ത്തുന്നത് പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യത്തിന് എതിരാണെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

ദേശീയ ബാലാവകാശ കമ്മിഷൻ, മുൻ ജഡ്ജിമാർ, അഭിഭാഷകർ, ബാലാവകാശ പ്രവർത്തകർ, വിവിധ എൻജിഒകൾ, അക്കാദമിക് വിദഗ്‌ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയത്. ഹൈക്കോടതികളിൽ നിന്നും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും കമ്മിഷൻ പ്രസക്തമായ വിവരങ്ങൾ തേടിയിരുന്നു. പോക്സോ നിയമപ്രകാരമുള്ള ഉഭയസമ്മതത്തിന്റെ പ്രായത്തിൽ ഇടപെടരുതെന്ന തരത്തിൽ ഉയർന്നുവന്ന പല വാദങ്ങളും റിപ്പോർട്ടിൽ മുന്നോട്ടുവച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമസാധുതയുണ്ടായിരിക്കില്ലെന്ന് പോക്സോ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

"2011 ൽ പോക്സോ ബിൽ അവതരിപ്പിച്ചശേഷമുണ്ടായ പാർലമെന്റ് ചർച്ചകളും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും പ്രകാരം, ലൈംഗിക ചൂഷണങ്ങളിൽ കുട്ടിയുടെ സമ്മതത്തിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് പോക്സോ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സമ്മതം നൽകാനുള്ള അവകാശമുണ്ടെന്ന വാദം തികച്ചും അർഥശൂന്യമാണ്‌" റിപ്പോർട്ടിൽ പറയുന്നു.

നിയമപ്രകാരം "കുട്ടി" എന്നതിന്റെ നിർവചനം 18 വയസ്സിന് താഴെയുള്ളവരാണെന്ന് കമ്മിഷൻ പറഞ്ഞു. പ്രായപരിധി കുറയ്ക്കുന്നത് ശൈശവ വിവാഹത്തിന്റെ മറവിൽ പെൺകുട്ടിയെ ചൂഷണം ചെയ്യൽ, മനുഷ്യക്കടത്ത് എന്നീ സാഹചര്യങ്ങളിലേക്ക് നയിക്കും. പ്രായപൂർത്തിയാകാത്ത പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ പ്രശ്നങ്ങൾ നിർവചിച്ചിട്ടില്ലാത്തതിനാലാണ്, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം (പിസിഎംഎ) ദുർബലമാണെന്ന് പൊതുവെ അഭിപ്രായമുള്ളത്.

പ്രായപരിധി കുറയ്ക്കുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്ത് നൽകുന്നതിന് മാതാപിതാക്കൾക്ക് അവസരം നൽകും. ഇവയെല്ലാം ഇപ്പോൾ പോക്‌സോ നിയമ പ്രകാരം കുറ്റകരമാണ്. മറ്റൊരു പക്ഷത്ത്, പെൺകുട്ടികളുടെ വിവാഹപ്രായം, 18ൽനിന്ന് 21 ലേക്ക് ഉയർത്തുന്നതും പാർലമെന്റിന്റെ പരിഗണയിലാണെന്നത് ഓർക്കണമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

മനുഷ്യകടത്ത്, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹം എന്നിവയിൽ പെൺകുട്ടികൾക്ക് പോക്‌സോ ഉറപ്പാക്കുന്ന സംരക്ഷണം പ്രായപരിധി താഴ്ത്തുന്നതിലൂടെ നഷ്ടമാകും

മനുഷ്യക്കടത്തിലും തട്ടിക്കൊണ്ടുപോകലിലും നിർബന്ധിത വിവാഹത്തിലും മറ്റും പെൺകുട്ടികൾക്ക് പോക്‌സോ ഉറപ്പാക്കുന്ന സംരക്ഷണം ഉഭയസമ്മത പ്രായപരിധി താഴ്ത്തുന്നതിലൂടെ നഷ്ടമാകും. അതേസമയം, പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ശിക്ഷ ഉറപ്പാക്കുകയല്ല പോക്സോ നിയമത്തിന്റെ ഉദ്ദേശ്യമെന്ന് നിയമ കമ്മിഷൻ വ്യക്തമാക്കുന്നു. കൗമാരക്കാരായ രണ്ട് പേർ തമ്മിലുള്ള ബന്ധത്തിലോ, ചിലപ്പോൾ ഒരാൾ കൗമാരപ്രായത്തിലും മറ്റൊരാൾ പ്രായപൂർത്തിയും ആയ സാഹചര്യത്തിലോ പലപ്പോഴും ഇരുവരും വിവാഹം ചെയ്യുമെന്നാണ് കോടതിക്ക് മുൻപാകെ അപേക്ഷ നൽകാറുള്ളത്. ഇത്തരം കേസുകൾ, കൗമാര ഗർഭധാരണം പ്രോത്സാഹിപ്പിക്കുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.

"ഡിജിറ്റൽ യുഗം കുട്ടികൾക്ക് കൂടുതൽ അപകടങ്ങൾ വരുത്തിവയ്ക്കാനുള്ള പ്രധാന കാരണമാണ്. ഈ സാഹചര്യത്തിൽ പ്രായപരിധി താഴ്ത്തുന്നത് സൈബർ ബുള്ളിയിങ് മുതൽ ഓൺലൈൻ ലൈംഗിക ചൂഷണത്തിലേക്ക് വരെ നയിച്ചേക്കാം. ലൈംഗിക ബന്ധങ്ങളിലേക്ക് നിയമസാധുതയോടെ പ്രവേശിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നത്, കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ പോലും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശൈശവവിവാഹം മുതൽ സൈബര്‍ ബുള്ളിയിങ് വരെ; ലൈംഗികബന്ധ സമ്മതത്തിനുള്ള പ്രായം താഴ്ത്തുന്നത് നിയമകമ്മിഷൻ എതിർക്കാനുള്ള കാരണങ്ങൾ
ലൈംഗിക ബന്ധം: നിയമപ്രകാരം സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിൽ നിയമകമ്മീഷന് എതിർപ്പ്

ലൈംഗിക ബന്ധങ്ങളിലെ സമ്മതത്തിന്റെ പ്രാധാന്യവും അനന്തരഫലങ്ങളും മനസ്സിലാക്കാനുള്ള പക്വത ശാരീരികമായും മാനസികമായും കുട്ടികൾക്ക് ഇല്ലെന്നും റിപ്പോർട്ട് ഊന്നിപ്പറയുന്നു. 15-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾ പലപ്പോഴും സുഹൃത്തുക്കളുടെയും പ്രണയ പങ്കാളികളുടെയും ഭാഗത്തുനിന്നുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയാകുന്നുവെന്നും വനിതാ ശിശു വികസന മന്ത്രാലയവും കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷനും നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ഇത്തരം കേസുകളിൽ പ്രതിഭാഗത്തുള്ളവരെ ഇരയെ വിവാഹം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന നിയമത്തിലെ പോരായ്മകളും റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. ഇത്തരം കേസുകളിൽ ബാലനീതി നിയമത്തിന്റെ പരിധികള്‍ ശരിയായി പ്രയോഗിക്കുന്നത് നീതി നിഷേധം തടയാനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്നുമാണ് നിയമകമ്മിഷന്‍ അഭിപ്രായപ്പെടുന്നത്.

logo
The Fourth
www.thefourthnews.in