മിഗ് 21
മിഗ് 21

60 കൊല്ലത്തെ പഴക്കം, അപകടത്തിൽ കൊല്ലപ്പെട്ടത് 170ലധികം പൈലറ്റുമാർ; ഇനിയും പിൻവലിക്കാത്ത മിഗ് 21, കാരണങ്ങളറിയാം

'പറക്കുന്ന ശവപ്പെട്ടി' എന്ന അപരനാമത്തിലാണ് മിഗ് 21 അറിയപ്പെടുന്നത്. അറുപത് വർഷം പഴക്കമുള്ള മിഗ് വിമാനങ്ങളുടെ ഉയർന്ന അപകട കണക്കുകളാണ് ഈ പേര് നേടിക്കൊടുത്തത്

രാജസ്ഥാനിലെ സൂറത്ത്ഗഡിൽ പരിശീലന പറക്കലിനിടെ വീണ്ടുമൊരു മിഗ് 21 യുദ്ധവിമാനം തിങ്കളാഴ്ച തകർന്നുവീണിരുന്നു. പൈലറ്റുമാർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും പ്രദേശവാസികളായ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും പഴക്കം ചെന്ന യുദ്ധവിമാനമായിട്ടും മിഗ് 21 എന്തുകൊണ്ട് ഒഴിവാക്കുന്നില്ല എന്ന വിമർശനം ഏറെക്കാലമായി ഉയരുന്നുണ്ട്.

പുതിയൊരു യുദ്ധവിമാനത്തെ വ്യോമസേനയുടെ ഭാഗമാക്കാനെടുക്കുന്ന കാലതാമസമാണ് മിഗിന്റെ സേവനം ഇന്നും ഇന്ത്യൻ സേന തുടരുന്നതിനുള്ള പ്രധാന കാരണം

'പറക്കുന്ന ശവപ്പെട്ടി' എന്ന അപരനാമത്തിലാണ് മിഗ് 21 അറിയപ്പെടുന്നത്. അറുപത് വർഷം പഴക്കമുള്ള മിഗ് വിമാനങ്ങളുടെ ഉയർന്ന അപകടക്കണക്കുകളാണ് ഈ പേര് നേടിക്കൊടുത്തത്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 170-ലധികം മിഗ് വിമാനങ്ങളുടെ പൈലറ്റുമാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 2010ന് ശേഷം മാത്രം ഇരുപതിലധികം അപകടങ്ങളാണ് മിഗ് ഉണ്ടാക്കിയത്. 2003-നും 2013-നുമിടയിൽ 38 വിമാനങ്ങളും തകർന്നുവീണിരുന്നു. ഇവയുടെ പല ഭാഗങ്ങളും കാലാനുസൃതമല്ലാത്തതിനാൽ സർവീസിൽ വീണ്ടും തുടരാൻ അനുവദിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് 2014 ഒക്ടോബറിൽ വ്യോമസേനാ മേധാവി തന്നെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

സൂപ്പർസോണിക് ജെറ്റ് വിഭാഗത്തിലുള്ള ഇന്ത്യൻ വ്യോമസേനയുടെ ആദ്യ യുദ്ധവിമാനമാണ് മിഗ് 21 ബൈസൺ. 1960കളിലാണ് മിഗ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. 1990കളുടെ പകുതിയോടെ കാലാവധി അവസാനിച്ചുവെങ്കിലും ഇന്ത്യ ഇപ്പോഴും സർവീസ് തുടരുന്നുണ്ട്. യുദ്ധവിമാനമെന്ന നിലയിൽ വളരെ പരിമിതമായ റോൾ മാത്രമേ ഉള്ളുവെങ്കിലും പരിശീലനങ്ങൾക്കായി ഇന്ത്യ മിഗ് ഉപയോഗിച്ച് പോരുന്നു. സിംഗിൾ എഞ്ചിൻ വിമാനമായതുകൊണ്ട് തന്നെ അപകട സാധ്യത വളരെ കൂടുതലാണ്. എൻജിൻ തകരാറോ പക്ഷികളുമായി കൂട്ടിയിടിക്കുകയോ ചെയ്താൽ വിമാനം തകരും. ഇതൊക്കെ കൊണ്ടുകൂടിയാണ് 'പറക്കുന്ന ശവപ്പെട്ടി'യെന്നും 'വിധവ മേക്കർ' എന്നീ പേരുകളാൽ മിഗ് അറിയപ്പെടുന്നത്. വിമാനം രൂപകൽപന ചെയ്ത സോവിയറ്റ് എയർഫോഴ്സ് 1985ൽ മിഗ് പിൻവലിച്ചിരുന്നു. പിന്നാലെ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മിഗ് വിമാനം പിൻവലിച്ചു.

മിഗ് 21 ബൈസൺ
മിഗ് 21 ബൈസൺ

പുതിയൊരു യുദ്ധവിമാനത്തെ വ്യോമസേനയുടെ ഭാഗമാക്കാനെടുക്കുന്ന കാലതാമസമാണ് മിഗിന്റെ സേവനം ഇന്നും ഇന്ത്യൻ സേന തുടരുന്നതിനുള്ള പ്രധാന കാരണം. ഇന്ത്യയുടെ വ്യോമാതിർത്തി സംരക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ല എന്നതാണ് വാസ്തവം. തദ്ദേശ വിമാനമായ തേജസിന്റെ നിർമാണത്തിൽ നേരിടുന്ന സമയതാമസവും റഫേൽ വിമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങളുമെല്ലാം മിഗ് തുടരാനുള്ള കാരണങ്ങളാണ്.

നിലവിൽ ഇന്ത്യയുടെ പക്കലുള്ള നാല് മിഗ്-21 ഫൈറ്റർ സ്ക്വാഡ്രണുകളെ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള മൂന്ന് വർഷത്തെ പദ്ധതിക്ക് ഇന്ത്യൻ വ്യോമയാന സേന 2022 ജൂലൈയിൽ രൂപം നൽകിയിരുന്നു. 2025ഓടെ നാല് മിഗ് -21 സ്ക്വാഡ്രണുകളുടെ സർവീസ് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങളുണ്ട്.

അടുത്തിടെ ഉണ്ടായ മിഗ് വിമാനാപകടങ്ങൾ

ജൂലൈ 28, 2022: വ്യോമസേനയുടെ മിഗ്-21 ജെറ്റ് രാജസ്ഥാനിൽ തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു. വിംഗ് കമാൻഡറായിരുന്ന എം റാണയും ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാലുവുമായിരുന്നു കൊല്ലപ്പെട്ടത്.

ഡിസംബർ 24, 2021: വിങ് കമാൻഡർ ഹർഷിത് സിൻഹ പൈലറ്റ് ആയിരുന്ന മിഗ്-21 പരിശീലന പരിപാടിക്കിടെ ജയ്‌സൽമീറിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

2022 ഒക്ടോബർ 12: നാവികസേനയുടെ മിഗ് 29കെ യുദ്ധവിമാനം ഗോവ തീരത്ത് തകർന്നുവീണു.

ഓഗസ്റ്റ് 25, 2021: രാജസ്ഥാനിലെ ബാർമറിൽ മിഗ്-21 ബൈസൺ വിമാനം തകർന്നുവീണെങ്കിലും മരണമൊന്നും ഉണ്ടായില്ല

മെയ് 12, 2021: രാജസ്ഥാനിലെ സൂറത്ത്ഗഡ് എയർബേസിൽ നിന്ന് പറന്നുയർന്ന മിഗ് -21 ബൈസൺ പഞ്ചാബിലെ മോഗയ്ക്ക് സമീപം തകർന്ന് 28 കാരനായ സ്ക്വാഡ്രൺ ലീഡർ അഭിഷേക് ചൗധരി മരിച്ചു.

മാർച്ച് 17, 2021: ഗ്വാളിയോർ എയർബേസിൽ നിന്ന് പറന്നുയർന്ന മിഗ്-21 തകർന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ആശിഷ് ഗുപ്ത കൊല്ലപ്പെട്ടു.

2021 ജനുവരി 5: രാജസ്ഥാനിലെ സൂറത്ത്ഗഡിൽ മിഗ് 21 ബൈസൺ വിമാനം തകർന്നുവീണിരുന്നു

logo
The Fourth
www.thefourthnews.in