യുപിയില്‍ ചുവടുറപ്പിക്കാനോ  റായ്‌ബറേലി; കോണ്‍ഗ്രസ് നൽകുന്ന സന്ദേശമെന്ത്?

യുപിയില്‍ ചുവടുറപ്പിക്കാനോ റായ്‌ബറേലി; കോണ്‍ഗ്രസ് നൽകുന്ന സന്ദേശമെന്ത്?

ലോക്‌സഭ തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കോണ്‍ഗ്രസ് നല്‍കിക്കഴിഞ്ഞു. 2019ല്‍ ഒരു സീറ്റിലൊതുങ്ങിയ യുപിയില്‍ ഉള്‍പ്പെടെ അത് പ്രകടമായി

വിലയിരുത്തലുകള്‍ തെറ്റിയില്ല, രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞിരിക്കുന്നു. ഇനി റായ്‌ബറേലിയുടെ എംപി. പകരം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും.  ലോക്‌സഭയിലേക്ക് പ്രിയങ്കയുടെ കന്നിയങ്കം കൂടിയാണിത്. ഈ തീരുമാനത്തിലൂടെ രാഹുലും കോണ്‍ഗ്രസും നല്‍കുന്ന സന്ദേശമെന്തായിരിക്കും?

ലോക്‌സഭ തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കോണ്‍ഗ്രസ് നല്‍കി കഴിഞ്ഞു. 2019ല്‍ ഒരു സീറ്റിലൊതുങ്ങിയ യുപിയില്‍ ഉള്‍പ്പെടെ അത് പ്രകടമായി.

6.36 ശതമാനം വോട്ട് മാത്രമായിരുന്നു 2019ല്‍ കോണ്‍ഗ്രസിന് യുപിയിലുണ്ടായിരുന്നു. പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വോട്ട് വിഹിതം. റായ്‌ബറേലിയും അമേഠിയും മാത്രം ജയിച്ച 2014ല്‍ 7.53 ശതമാനമായിരുന്നു വോട്ട് വിഹിതം.

ഇത്തവണ യുപിയില്‍ 17 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബാക്കി സീറ്റുകള്‍ ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികള്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു. ആറ് സീറ്റില്‍ വിജയിക്കുക മാത്രമല്ല വോട്ടുവിഹിതം 9.46 ശതമാനമാക്കി ഉയർത്താനും കോണ്‍ഗ്രസിന് സാധിച്ചു. സീറ്റ് ഉപേക്ഷിക്കാതിരുന്നതിലൂടെ കാറ്റ് അനുകൂലമാകുന്ന യുപിയില്‍ രാഹുലിലൂടെ കാലുറപ്പിച്ചേക്കുമെന്ന സന്ദേശം കോണ്‍ഗ്രസിന്റെ നീക്കം നല്‍കുന്നു.

യുപിയില്‍ ചുവടുറപ്പിക്കാനോ  റായ്‌ബറേലി; കോണ്‍ഗ്രസ് നൽകുന്ന സന്ദേശമെന്ത്?
രാഹുല്‍ ഗാന്ധി വയനാട് ഒഴിയും, പകരം പ്രിയങ്ക; റായ്‌ബറേലിയില്‍ തുടരാൻ തീരുമാനം

കോണ്‍ഗ്രസ് മുന്നേറ്റം മാത്രമല്ല ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. സമാജ്‌വാദി പാർട്ടി(എസ്‍പി)യുടെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം വിരല്‍ചൂണ്ടുന്നത് സംസ്ഥാനത്തിന് താമരയോടുള്ള പ്രിയം കുറയുന്നുവെന്നാണ്. 2014ല്‍ 71 സീറ്റിലും 2019ല്‍ 62 സീറ്റിലും വിജയിച്ച ബിജെപി ഇത്തവണ 33 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

രാഹുല്‍ യുപിയില്‍ നിലയുറപ്പിക്കുന്നതിലൂടെ ഹിന്ദിഹൃദയഭൂമിയില്‍ നഷ്ടപ്പെട്ട പ്രതാപം പടിപടിയായി തിരിച്ചുപിടിക്കാമെന്ന ലക്ഷ്യവും കോണ്‍ഗ്രസിന്റെ റായ്ബറേലി പദ്ധതിക്ക് പിന്നിലുണ്ടാകും. പ്രത്യേകിച്ചും യുപി 2027ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍. 2022ൽ 403 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് രണ്ടിടത്ത് മാത്രമായിരുന്നു ജയിക്കാനായത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രിയങ്ക നേതൃത്വം കൊടുത്തിട്ടും വോട്ട് വിഹിതം 2.33 ശതമാനമായി ഇടിഞ്ഞിരുന്നു.

പ്രിയങ്കയ്ക്ക് എന്തുകൊണ്ട് വയനാട്?

2019ൽ അമേഠിയില്‍ ജനം കൈവിട്ടപ്പോള്‍ രാഹുലിന് കൈത്താങ്ങായത് വയനാടായിരുന്നു. കോണ്‍ഗ്രസ് ഒരിക്കലും തോല്‍വി അറിയാത്ത വയനാട് രാഹുലിനും ജയം സമ്മാനിച്ചു. ഏഴ് ലക്ഷത്തിലധികം വോട്ടായിരുന്നു രാഹുലിന് ലഭിച്ചത്. 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിനെ ലോക്‌സഭയിലേക്ക് വയനാട് അയച്ചത്. രാഹുല്‍ തരംഗത്തില്‍ അന്ന് ഇരുപതില്‍ 19 സീറ്റും യുഡിഎഫ് കേരളത്തില്‍ നിന്ന് നേടി.

എന്നാല്‍ 2024ല്‍ ദേശീയ നേതാവ് ആനി രാജയെയായിരുന്നു രാഹുലിന്റെ എതിർ സ്ഥാനാർഥിയായി സിപിഐ അവതരിപ്പിച്ചത്. 2019നേക്കാള്‍ അഞ്ച് ശതമാനം വോട്ട് കുറഞ്ഞെങ്കിലും രാഹുലിന്റെ വിജയത്തിന്റെ തിളക്കം കുറഞ്ഞില്ല. 3.64 ലക്ഷമായിരുന്നു ഭൂരിപക്ഷം. 6.47 ലക്ഷം വോട്ടാണ് രണ്ടാം അങ്കത്തില്‍ രാഹുലിന് ലഭിച്ചത്.

യുപിയില്‍ ചുവടുറപ്പിക്കാനോ  റായ്‌ബറേലി; കോണ്‍ഗ്രസ് നൽകുന്ന സന്ദേശമെന്ത്?
ഇനി പിന്നണിയില്‍ ഒതുങ്ങില്ല; ഫാസിസ്റ്റ് ഭരണത്തിനെതിരേ രാഹുലിനൊപ്പം മുന്നണിയിലുണ്ടാകും പ്രിയങ്ക

ദക്ഷിണേന്ത്യയോട് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്ക് യൂസ് ആൻഡ് ത്രോ മനോഭാവമാണെന്ന ആക്ഷേപം എതിർപക്ഷം പലപ്പോഴും ഉയർത്തിയിട്ടുണ്ട്. വിജയിച്ചുകഴിഞ്ഞാല്‍ മണ്ഡലം ഉപേക്ഷിക്കാനാണ് സാധ്യതയെന്ന് തരത്തില്‍ പ്രചാരണങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ അമേഠിയില്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് രാഹുലിന് വയനാട് ഉപേക്ഷിക്കേണ്ടതായി വരാതിരുന്നത്. ഇത്തരം ആക്ഷേപങ്ങള്‍ക്ക്കൂടി പ്രിയങ്കയിലൂടെ മറുപടി പറയുകയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ്.

നെഹ്റു കുടുംബവും റായ്‌ബറേലിയും

റായ്‌ബറേലിയും നെഹ്റു ഗാന്ധി കുടുംബവുമായുള്ള ബന്ധം 1952ലാണ് ആരംഭിക്കുന്നത്. അന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും മുത്തച്ഛൻ ഫിറോസ് ഗാന്ധിയായിരുന്നു മത്സരിച്ച് വിജയിച്ചത്. 1957ലും വിജയം ആവർത്തിച്ചു ഫിറോസ്. എന്നാല്‍ രണ്ടാം ടേം പൂർത്തിയാക്കും മുൻപ് 1960ല്‍ ഫിറോസ് അന്തരിച്ചു.

പിന്നീട് ഇന്ദിര ഗാന്ധിയിലേക്കാണ് മണ്ഡലം എത്തിയത്. ഇന്ദിര ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചത് റായ്‌ബറേലിയില്‍നിന്നായിരുന്നു, 1967ല്‍. 1971ലും വിജയിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി 75ല്‍ ഇന്ദിരയെ അയോഗ്യയാക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര റായ്‌ബറേലിയില്‍ പരാജയപ്പെടുകയും ചെയ്തു.

1980ല്‍ ആന്ധാപ്രദേശിലെ മേദക്കിലും റായ്‌ബറേലിയിലും ഇന്ദിര മത്സരിച്ചു. രണ്ടിടത്തും വിജയിക്കുകയും ചെയ്തു. എന്നാല്‍ റായ്‌ബറേലി ഇന്ദിര ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ബന്ധുവായ അരുണ്‍ നെഹ്റുവാണ് മത്സരിച്ചതും വിജയിച്ചതും. ഇന്ദിര ഗാന്ധി വധത്തിനുശേഷം 85ലും അരുണ്‍ മണ്ഡലത്തില്‍ ജയം ആവർത്തിച്ചു.

യുപിയില്‍ ചുവടുറപ്പിക്കാനോ  റായ്‌ബറേലി; കോണ്‍ഗ്രസ് നൽകുന്ന സന്ദേശമെന്ത്?
കശ്മീർ മുതൽ ബാബരിക്കുവേണ്ടിയുള്ള പോരാട്ടം വരെ, ഒടുവിൽ അരുന്ധതിക്കൊപ്പം യുഎപിഎ കേസ് പ്രതി; ആരാണ് ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ?

1989, 1991 തിരഞ്ഞെടുപ്പുകളില്‍ ഷീല കൗളായിരുന്നു റായ്‌ബറേലി നിലനിർത്തിയത്. ജവഹർലാല്‍ നെഹ്‌റുവിന്റെ പത്നി കമല നെഹ്‌റുവിന്റെ സഹോദരൻ കൈലാസ് നാഥ് കൗളിന്റെ പത്നിയായിരുന്നു ഷീല. 1996, 98 തിരഞ്ഞെടുപ്പുകളില്‍ അശോക് സിങ്ങിലൂടെ ബിജെപി മണ്ഡലം പിടിച്ചടക്കുകയും നിലനിർത്തുകയും ചെയ്തു.

2004 മുതല്‍ സോണിയ ഗാന്ധിയാണ് മണ്ഡലം കോണ്‍ഗ്രസിനായി നിലനിർത്തിയിരുന്നത്. സോണിയ രാജ്യസഭയിലേക്കു ചുവടുമാറ്റിയതോടെയാണ് 2024ൽ രാഹുല്‍ റായ്‌ബറേലിയിലേക്ക് എത്തുന്നത്.

logo
The Fourth
www.thefourthnews.in