വായു മലിനീകരണത്തിന് പിന്നാലെ ഡല്‍ഹിയിൽ കുടിവെള്ളവും മുട്ടുമോ?

വായു മലിനീകരണത്തിന് പിന്നാലെ ഡല്‍ഹിയിൽ കുടിവെള്ളവും മുട്ടുമോ?

ഡല്‍ഹിയിലെ കുടിവെള്ള പ്രതിസന്ധി മലിനീകരണം പോലെ തന്നെ വർഷാവർഷം ആവർത്തിക്കുന്ന ഒന്നാണ്. വേനൽ കാലത്ത് കുടവും കുപ്പിയുമായി ടാങ്കറുകൾ കാത്ത് നിൽക്കുന്ന സ്ത്രീകൾ ഡല്‍ഹിയിലെ സ്ഥിരം കാഴ്ചയാണ്

ഡല്‍ഹിയിൽ വരും ദിവസങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമുണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ജലമന്ത്രി അതിഷി മുന്നറിയിപ്പ് നൽകിയത്. വായു മലിനീകരണത്തിൻറെ പേരിൽ പൊറുതി മുട്ടിയ ഡല്‍ഹിക്കാർക്ക് അടുത്ത ആശങ്കയാണ് കുടിവെള്ളം. ഡല്‍ഹി ജൽ ബോർഡിന് ചീഫ് സെക്രട്ടറി ഫണ്ട് നിഷേധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. പക്ഷേ ഡല്‍ഹിയിലെ കുടിവെള്ള പ്രതിസന്ധി മലിനീകരണം പോലെ തന്നെ വർഷാവർഷം ആവർത്തിക്കുന്ന ഒന്നാണ്. വേനൽ കാലത്ത് കുടവും കുപ്പിയുമായി ടാങ്കറുകൾ കാത്ത് നിൽക്കുന്ന സ്ത്രീകൾ ഡല്‍ഹിയിലെ സ്ഥിരം കാഴ്ചയാണ്. ജി -20 നടക്കുന്നത് കുടിവെള്ളക്ഷാമ കാലത്തായിരുന്നെങ്കിൽ പച്ചത്തുണികൾ മതിയാകാതെ വന്നേനെ സർക്കാരിന് ഇവരെ മറച്ച് വെക്കാൻ.

വെള്ളത്തിനായി യമുനയേയാണ് ഡല്‍ഹി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. അതേ യമുനയിലേക്ക് തന്നെയാണ് ഡല്‍ഹിയിലെ മാലിന്യത്തിൻറെ വലിയ പങ്ക് ഒഴുക്കി വിടുന്നതും

താപനില മുപ്പത്തിയഞ്ച് ഡിഗ്രി കടക്കുന്ന കടുത്ത ചൂടുകാലത്താണ് സാധാരണ ഡല്‍ഹിയിൽ ജലക്ഷാമം ഏറ്റവും രൂക്ഷമാകാറുള്ളത്. കഴിഞ്ഞ മാർച്ചിൽ യമുനയിൽ വെള്ളം മൂന്നടി താഴ്ന്നതിനെ തുടർന്ന് വലിയ രീതിയിലുള്ള ജലക്ഷാമം നഗരം നേരിട്ടതാണ്. ഹരിയാനയിൽ വ്യാപകമായി മണലൂറ്റുന്നതാണ് യമുനയിൽ വെള്ളം താഴാൻ ഇടയാക്കുന്നത് എന്നാണ് അന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. മണൽ മാഫിയകൾ യമുനയിൽ നിർമിക്കുന്ന ബണ്ടുകൾ ഡല്‍ഹിയിലേക്കുള്ള വെള്ളത്തിൻറെ ഒഴുക്ക് തടയുന്നുവെന്നാണ് ജൽ ബോർഡ് ചെയർമാനായിരുന്ന സൗരഭ്‌ ബരദ്വാജ് ഒരിക്കൽ പറഞ്ഞത്.

രണ്ട് കോടിക്കടുത്ത് താമസക്കാരുള്ള ഡല്‍ഹിയിൽ 1300 ദശലക്ഷം ഗാലൻ വെള്ളം പ്രതിദിനം ആവശ്യമാണ്. ഇതിൽ ആയിരം ദശലക്ഷം ഗാലൻ വെള്ളമാണ് ജൽ ബോർഡ് നൽകുന്നത്. വരും വർഷങ്ങളിൽ ഇത് 1300 ആക്കി ഉയർത്തുമെന്നാണ് ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ജൽ ബോർഡിന് കീഴിൽ മൂന്ന് ജല സംസ്കരണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. വാസിറാബാദ്, ഓക്ല, ചന്ദ്രവാൾ എന്നിവിടങ്ങളിലാണ് ഈ പ്ലാൻറുകൾ. ഇതിനുപുറമെ കുഴൽ കിണറുകളെയും മറ്റ് ജലസ്രോതസുകളെയും ജൽ ബോർഡ് ആശ്രയിക്കുന്നുണ്ട്.

ജലമന്ത്രി അതിഷി
ജലമന്ത്രി അതിഷി

വളരെ ചെറിയ കാലത്തിനുള്ളിൽ വലിയ രീതിയിലുള്ള കുടിയേറ്റമുണ്ടായതും അശാസ്ത്രീയ വികസന പ്രവർത്തനങ്ങളുമാണ് ഡല്‍ഹിയിലെ കുടിവെള്ള പ്രശ്നത്തിന് പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.1976 ലെ മാസ്റ്റർ പ്ലാൻ അനുസരിച്ച് ഡല്‍ഹിയിൽ 201 ജലസ്രോതസ്സുകൾ ഉണ്ടായിരുന്നു. എന്നാൽ 2017ൽ നടത്തിയ സർവ്വേയിൽ ഇതിൽ 44 എണ്ണം മാത്രമേ കണ്ടെത്താൻ സാധിച്ചിട്ടുള്ളു. ഡല്‍ഹിയിലെ ജലക്ഷാമത്തിൻറെ കാരണങ്ങൾക്ക് രണ്ട് തലങ്ങളുണ്ട് എന്നാണ് സെൻറർ ഫോർ സയൻസ് ആൻറ് എൻവയോൺമെൻറിലെ സീനിയർ പ്രോഗ്രാം മാനേജർ(വാട്ടർ) ആയ സുശ്മിത സെൻ ഗുപ്ത പറയുന്നത്.

ഭൂഗർഭ ജലം സംരക്ഷിക്കുന്നതിനായി കൃത്രിമ തടാകങ്ങളും ജലസ്രോതസ്സുകളുമുണ്ടാക്കാനായി 'സിറ്റി ഓഫ് ലേക്സ്' എന്ന പേരിൽ ഒരു പദ്ധതിക്ക് ജൽബോർഡിപ്പോൾ രൂപം നൽകിയിട്ടുണ്ട്

ഒന്നാമത്തേത് ഡല്‍ഹിയിലെ മലിനീകരണ പ്രശ്നമാണ്. വെള്ളത്തിനായി യമുനയേയാണ് ഡല്‍ഹി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. അതേ യമുനയിലേക്ക് തന്നെയാണ് ഡല്‍ഹിയിലെ മാലിന്യത്തിൻറെ വലിയ പങ്ക് ഒഴുക്കി വിടുന്നതും. വെള്ളം ശുദ്ധീകരിക്കുക എന്നത് അത്ര ചെലവുള്ള കാര്യമല്ല. പക്ഷേ സീവേജ് മാലിന്യം കലർന്ന വെള്ളം ശുദ്ധീകരിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്.

രണ്ടാമത്തേത് ദില്ലിയിലെ ഭൂഗർഭജലം സംരക്ഷിക്കുക എന്നതാണ്. ഔദ്യോഗിക കണക്ക് നോക്കിയാൽ ജൽ ബോർഡ് 20 ശതമാനം മാത്രമേ ഭൂഗർഭജലത്തിനെ ആശ്രയിക്കുന്നുള്ളൂവെന്ന് കാണാം. എന്നാൽ ഈ ഇരുപത് ശതമാനത്തിൽ വലിയ പങ്കും വലിച്ചെടുക്കുന്നത് മെഹ്റോളി ഉൾപ്പെടുന്ന തെക്കൻ ദില്ലിയിൽ നിന്നാണ്. അവിടെ ഇപ്പോൾ തന്നെ ഭൂഗർഭജലം 70 അടിയിലും താഴെ എത്തി. നിലവിലുള്ള ജലസ്രോതസ്സുകളെ സംരക്ഷിക്കുക എന്നതാണ് ഭൂഗർഭ ജലം സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാന മാർഗം. 2013ൽ ഡല്‍ഹിയിലെ തടാകങ്ങളെ കുറിച്ചൊരു കേസ് സുപ്രീംകോടതിയിലെത്തി. അന്ന് കോടതി സർക്കാരിനോട് ഡല്‍ഹിയിലെത്ര തടാകങ്ങളുണ്ട് എന്ന് ചോദിച്ചപ്പോൾ, ആരുടെ പക്കലും കൃത്യമായ കണക്കുണ്ടായിരുന്നില്ല. ഡല്‍ഹി പാർക്ക് ആൻറ് ഗാർഡൻ അസോസിയേഷൻ ഈ അടുത്ത് കാലത്ത് നടത്തിയ പഠനത്തിൽ ഏതാണ്ട് ആയിരത്തിലധികം തടാകങ്ങളുണ്ട് എന്നാണ് കണ്ടെത്തിയത്. എന്നാൽ ഇവയെല്ലാം തന്നെ അങ്ങേയറ്റം മലിനമാണ്. ഇത് സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ തുടങ്ങുന്നത്.”

വായു മലിനീകരണത്തിന് പിന്നാലെ ഡല്‍ഹിയിൽ കുടിവെള്ളവും മുട്ടുമോ?
പുകമൂടുന്ന ഡൽഹി; എയർ പ്യൂരിഫയറുകൾ ഇല്ലാത്ത റിക്ഷാവാലകളും ശുചീകരണ തൊഴിലാളികളും കഴിയുന്നത് എങ്ങനെ?

ഭൂഗർഭ ജലം സംരക്ഷിക്കുന്നതിനായി കൃത്രിമ തടാകങ്ങളും ജലസ്രോതസ്സുകളുമുണ്ടാക്കാനായി 'സിറ്റി ഓഫ് ലേക്സ്' എന്ന പേരിൽ ഒരു പദ്ധതിക്ക് ജൽബോർഡിപ്പോൾ രൂപം നൽകിയിട്ടുണ്ട്. ഇത് കൂടാതെ അടിയന്തരമായ പ്രശ്നപരിഹാരത്തിനായി മറ്റ് വകുപ്പുകളിൽനിന്ന് കൂടി ജൽ ബോർഡിലേക്ക് തുക വകമാറ്റി ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്നും കുടിവെള്ള പ്രശ്നം രൂക്ഷമായ ഇടങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന പൈപ്പുകൾ സജ്ജമാക്കുമെന്നും ആംആദ്മി പാർട്ടി നേരത്തെ പറഞ്ഞിരുന്നു. കൂടാതെ റിവേഴ്സ് ഓസ്മോസിസ് വിദ്യയിലൂടെ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാൻറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ ബജറ്റിൽ അനുവദിച്ചതിന് പുറമെ 1800 കോടി രൂപ അധികമായി ആവശ്യപ്പെട്ടതോടെ ജൽ ബോർഡിന് ഫണ്ട് അനുവദിക്കുന്നത് നിലവില്‍ ചീഫ് സെക്രട്ടറി തടഞ്ഞിരിക്കുകയാണ്. ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലാത്ത സാഹചര്യമാണെന്നാണ് ജലമന്ത്രി അതിഷി വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in