മത പരിവർത്തന നിരോധന നിയമമവും കശാപ്പ് നിരോധന നിയമവും 
റദ്ദാക്കുന്നത് അംഗീകരിക്കില്ല: ഹിന്ദു മഠങ്ങൾ

മത പരിവർത്തന നിരോധന നിയമമവും കശാപ്പ് നിരോധന നിയമവും റദ്ദാക്കുന്നത് അംഗീകരിക്കില്ല: ഹിന്ദു മഠങ്ങൾ

കോൺഗ്രസ് സർക്കാർ നീക്കം ഹിന്ദു വിരുദ്ധം , അനിശ്ചിതകാല നിരാഹാര സമര ഭീഷണിയുമായി മഠാധിപതികൾ

മുൻ ബിജെപി സർക്കാർ പാസാക്കിയ മത പരിവർത്തന നിരോധന നിയമമവും കന്നു കാലി കശാപ്പ് നിരോധന നിയമവും പിൻവലിക്കരുതെന്ന ആവശ്യവുമായി കർണാടകയിലെ ഹിന്ദു മഠങ്ങൾ രംഗത്ത്. ദക്ഷിണ കന്നഡ ജില്ലയിലുള്ള പത്തോളം മഠങ്ങളാണ് ആവശ്യവുമായി കർണാടക സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് നേരെ അതിക്രമത്തിന് നിയമം മറയാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാർ ഇവ പിൻവലിക്കാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. എന്നാൽ ഇത് ഹൈന്ദവ മത വിശ്വാസികളുടെ താല്പര്യം ഹനിക്കുന്നതാണെന്നാണ് വിവിധ മഠാധിപതികളുടെ വാദം . നിയമം റദ്ദാക്കുന്നത് ദക്ഷിണ കന്നഡ പോലുള്ള ജില്ലകളിൽ ഉൾപ്പടെ സ്പർദ്ധയുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.

രണ്ടു നിയമങ്ങളും ഏറെ കൂടിയാലോചനകൾക്കു ശേഷമാണു മുൻ ബിജെപി സർക്കാർ പാസാക്കിയത് . മത പരിവർത്തനം തടയുന്നത് വിശ്വാസ സംരക്ഷണത്തിനാണ്. എല്ലാ മത വിശ്വാസികളുടെയും വിശ്വാസ സംരക്ഷണം ഉറപ്പാക്കാൻ പ്രലോഭനങ്ങളിൽ കുടുക്കിയുള്ള മത പരിവർത്തനം തടയാനാണ് ബിജെപി സർക്കാർ ശ്രമിച്ചത്.

നിയമം പിൻ വലിക്കുന്നതോടെ വിശ്വാസ സംരക്ഷണം ഉറപ്പാക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകുമെന്നും മഠാധിപതിമാർ ചൂണ്ടിക്കാട്ടി . സർക്കാർ ഹൈന്ദവ വിരുദ്ധമായി നീങ്ങുകയാണെങ്കിൽ മഠാധിപതികൾ ഒന്നടങ്കം അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കുമെന്നു ഒഡിയൂരു മഠാധിപതി ഗുരുദേവാനന്ദ മുന്നറിയിപ്പു നൽകി .

മതപരിവർത്തനം തടയാൻ ഇറങ്ങിയവർക്കെതിരെ സദാചാര പോലീസിങ് ആരോപിച്ചു കേസെടുക്കുന്ന രീതിയിൽ നിന്ന് കർണാടക പോലീസ് പിന്മാറണമെന്നും നിയമങ്ങൾ പിൻവലിക്കുന്നതിനെതിരെ ഹിന്ദു സമുദായത്തെ അണി നിരത്താൻ മഠങ്ങളും സന്യാസി സമൂഹവും വിവിധ ഹിന്ദു സംഘടനകളും ഒറ്റകെട്ടായി രംഗത്ത് വരണമെന്നും കർണാടക ബിജെപി ആവശ്യപ്പെട്ടിരുന്നു . ഇതേ തുടർന്നാണ് ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള മഠങ്ങൾ സിദ്ധരാമയ്യ സർക്കാരിനോട് അഭ്യർത്ഥനയുമായി രംഗത്ത് വന്നത് .

logo
The Fourth
www.thefourthnews.in