പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സുഹൃത്ത് ദയാവധത്തിനായി യൂറോപ്പിലേക്ക് പോകുന്നത് തടയണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യുവതി

നോയിഡ സ്വദേശിയ്ക്ക് എമി​ഗ്രേഷൻ ക്ലിയറൻസ് നൽകിയത് റദ്ദാക്കണമെന്നാവശ്യം

അസാധാരണമായൊരു ഹർജിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബം​ഗളൂരു സ്വദേശിയായ 48കാരി. ക്രോണിക് ഫാറ്റി​ഗ് സിൻഡ്രം (ഒരിക്കലും വിട്ടുമാറാത്ത ക്ഷീണം) ബാധിച്ച് ദയാവധം തേടി യൂറോപ്പിലേക്ക് പോകുന്ന സുഹൃത്തിനെ തടയണമെന്നാണ് ഹർജിയിലെ ആവശ്യം. രോഗം ജീവിതാവസാനം വരെ വിട്ടുമാറില്ലെന്ന തിരിച്ചറിവിലാണ് നോയിഡ സ്വദേശിയായ 49കാരൻ യൂറോപ്പിലേക്ക് പോകുന്നതെന്ന് ഹർജിക്കാരി പറയുന്നു. എമി​ഗ്രേഷൻ ക്ലിയറൻസ് നൽകിയ നടപടി റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

2014ലാണ് യുവാവിന് ക്രോണിക് ഫാറ്റി​ഗ് സിൻഡ്രം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടുവർഷത്തിനിടെ രോ​ഗം മൂർച്ഛിച്ചു. അമിതമായ ക്ഷീണം മൂലം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത സാഹചര്യമാണ്. എയിംസിൽ ഫെക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്‍റേഷൻ എന്ന ചികിത്സയ്ക്ക് വിധേയനായിരുന്നുവെങ്കിലും കോവിഡ് മഹാമാരിയിൽ ദാതാക്കളെ ലഭിക്കാതായതോടെ ചികിത്സ തുടരാൻ കഴിഞ്ഞില്ല.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഡി​ഗ്നിറ്റാസ് എന്ന സംഘടനയുടെ സഹായത്തോടെയാണ് യുവാവ് ദയാവധത്തിന് ശ്രമിക്കുന്നത്. വേദനരഹിത മരണത്തിനായി ഫിസിഷ്യന്റെ സഹായം ലഭ്യമാക്കുന്ന എൻജിഒ ആണ് ​ഡി​ഗ്നിറ്റാസ്. സംഘടനയുടെ സഹായത്തോടെ യുവാവ് ജൂൺ 11 മുതൽ 18 വരെ സൂറിച്ചിൽ വൈദ്യപരിശോധനയ്ക്കായി പോയിരുന്നു. വിദ​ഗ്ധ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിന്റെ ദയാവധ അപേക്ഷ ഡി​ഗ്നിറ്റാസ് അം​ഗീകരിച്ചതെന്നും ഹർജിക്കാരി വിശദീകരിക്കുന്നു. ഓ​ഗസ്റ്റ് അവസാനത്തോടെ വേദനരഹിത മരണത്തിന്റെ അവസാന തയ്യാറെടുപ്പുകൾ ​ഡി​ഗ്നിറ്റാസ് പൂർത്തിയാക്കുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നതെന്നും യുവതി കോടതിയെ അറിയിച്ചു. സുഹൃത്ത് ദയാവധം സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ പ്രായമായ രക്ഷിതാക്കൾ മാനസികമായി തകരുമെന്നും ഹർജിക്കാരി പറയുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എന്താണ് ക്രോണിക് ഫാറ്റി​ഗ് സിൻഡ്രം ?

ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം(സിഎഫ്എസ്) അഥവാ മയാള്‍ജിക് എന്‍സെഫെലോമൈലിറ്റിസ് എന്നാൽ അമിതമായ ക്ഷീണം അനുഭവപ്പെടുന്ന രോ​ഗാവസ്ഥയാണ്. ക്ഷീണം മൂലം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത രോഗാവസ്ഥ. എന്താണ് രോ​ഗമെന്ന് നിർണയിക്കാൻ വൈകുന്നുവെന്നത് രോ​ഗം മൂർച്ഛിക്കുന്നതിന് ഇടയാക്കും. ശാരീരികമോ മാനസികമോ ആയി അധ്വാനിച്ചാൽ രോ​ഗം വർധിക്കും. ഉറങ്ങിയാലോ വിശ്രമിച്ചാലോ ഒന്നും ഈ ക്ഷീണം മാറില്ല എന്നതാണ് സിഎഫ്എസിന്‍റെ പ്രത്യേകത.

രോ​ഗ കാരണങ്ങൾ ഇതുവരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ രോ​ഗനിർണയവും എളുപ്പമല്ല. നേരത്തെ മാനസികമായ തോന്നലായി സിഎഫ്എസിനെ തള്ളിക്കളഞ്ഞിരുന്നെങ്കിൽ, വികസിത രാജ്യങ്ങളിലെല്ലാം രോ​ഗത്തെപറ്റി ബോധവത്കരണമുൾപ്പെടെ നടന്നുവരുന്നുണ്ട് ഇപ്പോള്‍. പുരുഷന്മാരെ അപേക്ഷിച്ച് 25 വയസ് പിന്നിട്ട സ്ത്രീകളിലാണ് കൂടുതലായി രോ​ഗം കണ്ടുവരുന്നത്. കോവിഡിന് ശേഷം ഈ രോ​ഗാവസ്ഥ അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in