നിയമം 2029 ല്‍ നടപ്പിലാവട്ടെ, 2024ൽ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതകളെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാണോ?

നിയമം 2029 ല്‍ നടപ്പിലാവട്ടെ, 2024ൽ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതകളെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാണോ?

സംവരണം കൊണ്ട് വരുന്ന ബിജെപിയും അവകാശം പറയുന്ന കോണ്‍ഗ്രസും ബില്ലിനെ പിന്തുണക്കുന്ന ഇടതുപക്ഷം ഉള്‍പ്പടെയുള്ള പാര്‍ടികളും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുമോ എന്നതാണ് ചോദ്യം

വനിത സംവരണ ബില്ലിനെ കുറിച്ച് രാജ്യത്ത് വലിയ ചര്‍ച്ചയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വനിത സംവരണ ബില്‍ പ്രഖ്യാപിച്ചത്. ഭരണഘടനയുടെ 128-ാം ഭേദഗതിയിലൂടെയാണ് ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചരിത്രപരമാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വനിത സംവരണ ബില്ല് കൊണ്ടുവന്നത്. 1996 മുതല്‍ പല തവണ അവതരിപ്പിക്കപ്പെടുകയും പിന്നീട് പാസാകാതെ പോവുകയും ചെയ്ത ബില്ല് ഇപ്പോള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ മുന്നില്‍ തിരഞ്ഞെടുപ്പാണ് എന്നതില്‍ സംശയമില്ല.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്ല് പാസായാല്‍ തന്നെ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വനിത സംവരണം നടപ്പാക്കാന്‍ സാധിക്കില്ല. കാരണം ബില്ലില്‍ തന്നെയുള്ള വ്യവസ്ഥ പ്രകാരം പുതിയ മണ്ഡല പുനഃനിര്‍ണയത്തിന് ശേഷമേ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം നിര്‍ബന്ധമാക്കുന്ന നിയമം പ്രാബല്യത്തില്‍ വരികയുള്ളു. മണ്ഡല പുനഃനിര്‍ണയം നടക്കണമെങ്കില്‍ ആദ്യം സെന്‍സസ് നടക്കണം. അതുകൊണ്ട് ബില്ല് പാസായാലും 2029ന് മുമ്പ് പോലും വനിത സംവരണം നടപ്പാക്കുക എളുപ്പമല്ല. അതിന് കടമ്പകള്‍ ഏറെയാണ്.

സംവരണത്തിന് വേണ്ടി വാദിക്കുന്ന എത്ര രാഷ്ട്രീയ പാര്‍ടികള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ വനിത പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ പാര്‍ടികള്‍ മാത്രം എന്നതാണ് ഉത്തരം. അതില്‍ ബിജെപിയോ, കോണ്‍ഗ്രസോ, ഇടതുപക്ഷ പാര്‍ടികളോ ഇല്ല.

പക്ഷെ, ഇവിടെ ഉയരുന്ന വലിയ ചോദ്യമുണ്ട്. വനിതകള്‍ക്ക് സംവരണം ഉറപ്പാക്കാന്‍ നിയമത്തിന് വേണ്ടി എന്തിന് കാത്തിരിക്കണം? വനിത പ്രാതിനിധ്യം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് തീരുമാനിച്ചുകൂടെ? നിയമം മൂലമുള്ള സംവരണത്തിന് വേണ്ടി വാദിക്കുന്ന എത്ര രാഷ്ട്രീയ പാര്‍ടികള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ വനിത പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ പാര്‍ടികള്‍ മാത്രം എന്നതാണ് ഉത്തരം. അതില്‍ ബിജെപിയോ, കോണ്‍ഗ്രസോ, ഇടതുപക്ഷ പാര്‍ടികളോ ഇല്ല.

കേരളത്തില്‍ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എത്ര വനിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും നിര്‍ത്തിയത് രണ്ട് വീതം വനിത സ്ഥാനാര്‍ത്ഥികളെ. ദേശീയ തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 344 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ വനിതകള്‍ക്ക് സീറ്റ് നല്‍കിയത് 47 പേര്‍ക്ക് മാത്രം. വനിതകള്‍ക്ക് കോണ്‍ഗ്രസ് നീക്കിവെച്ച സീറ്റ് 13.7 ശതമാനം. വനിത ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബിജെപി നല്‍കിയ സീറ്റ് പരിശോധിക്കാം. ബിജെപി മത്സരിച്ചത് 374 സീറ്റില്‍. വനിതകള്‍ക്ക് നല്‍കിയത് 45 സീറ്റ്. 12 ശതമാനം സീറ്റുകള്‍.

2019 ലെ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി ശ്രദ്ധേയമായ പാര്‍ടികള്‍ തൃണമൂല്‍ കോണ്‍ഗ്രസും നവീന്‍ പട്നായികിന്റെ ബിജു ജനതാദളുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ച 42 ലോക്സഭ സീറ്റില്‍ 17 ഇടത്ത് വനിതകളായിരുന്നു. 40.5 ശതമാനം സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് വനിതകള്‍ക്കായി നീക്കിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 9 വനിതകളാണ് 2019ലെ തെരഞ്ഞെടുപ്പിലൂടെ ലോക്സഭയില്‍ എത്തിയത്. വിജയിച്ച 23 അംഗങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭയിലെ വനിതാ പ്രാതിന്ധ്യം 40 ശതമാനം. 19 സീറ്റില്‍ മത്സരിച്ച ബിജു ജനതാദള്‍ 7 സീറ്റ് വനിതകള്‍ക്ക് നല്‍കി. 36.8 ശതമാനം.

ലോക്സഭയിലും നിയമസഭകളിലും വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തുക എന്നത് ആത്മാര്‍ത്ഥമായ ലക്ഷ്യമാണെങ്കില്‍ രാഷ്ട്രീയ പാര്‍ടികള്‍ ചെയ്യേണ്ടത് അതാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പേ സ്വന്തം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുക. അതിനുള്ള ധൈര്യവും ആര്‍ജ്ജവും ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാം.

മറ്റ് രാഷ്ട്രീയ പാര്‍ടികള്‍ എത്ര ശതമാനം സീറ്റ് മാറ്റിവെച്ചു എന്ന് പരിശോധിക്കാം- തമിഴ്നാട്ടില്‍ ഡിഎംകെ-10 ശതമാനം, എഐഎഡിഎംകെ 4.8 ശതമാനം, ബിഹാറില്‍ ആര്‍ജെഡി 17.6 ശതമാനം, ജെഡിയു 5.9 ശതമാനം, യുപിയില്‍ സമാജ് വാദി പാര്‍ട്ടി മത്സരിച്ച 29 സീറ്റില്‍ 5 സീറ്റ് മാത്രമാണ് വനിതകള്‍ക്ക് നല്‍കിയത്. 17.2 ശതമാനം. മറ്റ് പാര്‍ടികളുടെ സാഹചര്യം പരിശോധിച്ചാലും ഇതേ അവസ്ഥ തന്നെയാണ്. നിലവിലെ ലോക്സഭയില്‍ പത്ത് അംഗങ്ങളില്‍ ഒരു വനിത അംഗം എന്നതാണ് പ്രാതിനിധ്യം.

2019 ലെ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി ശ്രദ്ധേയമായ പാര്‍ടികള്‍ തൃണമൂല്‍ കോണ്‍ഗ്രസും നവീന്‍ പട്നായികിന്റെ ബിജു ജനതാദളുമാണ്

2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ച 428 സീറ്റില്‍ ആകെ 38 സീറ്റ് മാത്രമാണ് വനിതകള്‍ക്കായി നല്‍കിയത്. കോണ്‍ഗ്രസ് 464 സീറ്റില്‍ 60 സീറ്റും. ഇനി നിയമസഭ സീറ്റുകള്‍ പരിശോധിച്ചാലും മറിച്ചല്ല സാഹചര്യം. അപ്പോള്‍ നിയമം ഇല്ലാത്തതുകൊണ്ടല്ല, കാഴ്ചപ്പാടുകള്‍ തന്നെയാണ് പ്രശ്നം. ഇപ്പോള്‍ നിയമം മൂലം വനിത സംവരണം കൊണ്ട് വന്ന് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന ബിജെപിയും ബില്ലില്‍ അവകാശവാദം ഉന്നയിക്കുന്ന കോണ്‍ഗ്രസും ബില്ലിനെ പിന്തുണക്കുന്ന ഇടതുപക്ഷം ഉള്‍പ്പടെയുള്ള പാര്‍ടികളും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുമോ എന്നതാണ് ചോദ്യം.

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ എന്തുകൊണ്ട് 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കിക്കൂട? കേരളത്തില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ബിജെപിയുടെയും 20 വീതം സ്ഥാനാര്‍ത്ഥികളില്‍ 33 ശതമാനം വനിതകള്‍ ഉണ്ടാകുമോ? ലോക്സഭയിലും നിയമസഭകളിലും വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തുക എന്നത് ആത്മാര്‍ത്ഥമായ ലക്ഷ്യമാണെങ്കില്‍ രാഷ്ട്രീയ പാര്‍ടികള്‍ ചെയ്യേണ്ടത് അതാണ്.

നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പേ സ്വന്തം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുക. അതിനുള്ള ധൈര്യവും ആര്‍ജ്ജവവും ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാം. അതല്ലെങ്കില്‍ എല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രം എന്നേ പറയാനാകു.

logo
The Fourth
www.thefourthnews.in