ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേർന്ന് ലോകം; അനുശോചനമറിയിച്ച് ലോക നേതാക്കൾ

ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേർന്ന് ലോകം; അനുശോചനമറിയിച്ച് ലോക നേതാക്കൾ

ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു

.ഒഡിഷയിലെ ബാലസോറിൽ 261 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കൾ. ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അറിയിച്ചു. അപകടത്തിൽ പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുടിൻ തന്റെ അനുശോചനം അറിയിച്ചതായി ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചു. ദാരുണമായ അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. പരുക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹിക്കുന്നു" റഷ്യൻ പ്രസിഡന്റ് പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റും അപകടത്തിൽ തന്റെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മാക്രോണിന്റെയും പ്രതികരണം. "ഒഡിഷയിലുണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ പ്രസിഡന്റ് ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും എന്റെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നു. ഫ്രാൻസ് ഒറ്റക്കെട്ടാണ്. എന്റെ ചിന്തകൾ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണ്" മാക്രോൺ ട്വീറ്റ് ചെയ്തു.

അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയായിരുന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻഡർലെയുടെ പ്രതികരണം. ഇന്ത്യയിൽ നിന്ന് നടുക്കുന്ന വിവരം. ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ദുഃഖത്തിൽ യൂറോപ്പും വിലപിക്കുന്നുവെന്ന് ഉർസുല വോൻഡർലെ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ വിലപ്പെട്ട നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തതിൽ വളരെ ദുഃഖിതനാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. ജാപ്പനീസ് സർക്കാരിനും പൗരന്മാർക്കും വേണ്ടി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രിക്കയച്ച സന്ദേശത്തിൽ കിഷിദ പറഞ്ഞു.

ഈ ദുഷ്‌കരമായ സമയത്ത് കാനഡയിലെ ജനങ്ങൾ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. “ ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും എന്റെ ഹൃദയം തകർക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്റെ അനുശോചനം അയയ്ക്കുന്നു” ട്രൂഡോ ട്വീറ്റ് ചെയ്തു.

“ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ ദുഃഖിതനാണെന്ന് നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി 'പ്രചണ്ഡ' ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ട്രെയിൻ അപകടത്തിൽപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നതായി തായ്വാൻ പ്രസിഡന്റ് സായ് ഇങ് വെൻ അറിയിച്ചു.

logo
The Fourth
www.thefourthnews.in