കണ്ടത് ട്രെയ്‌ലര്‍, ഇനിയാണ് പോരാട്ടം; ബാരാമതിയില്‍ അജിത് പവാറിനെ വീഴ്ത്താന്‍ അനന്തരവന്‍ വരുമോ?

കണ്ടത് ട്രെയ്‌ലര്‍, ഇനിയാണ് പോരാട്ടം; ബാരാമതിയില്‍ അജിത് പവാറിനെ വീഴ്ത്താന്‍ അനന്തരവന്‍ വരുമോ?

ബാരാമതിയില്‍ അജിത് പവാറിനെ നേരിടാന്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു എതിരാളി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു മഹാരാഷ്ട്രയിലെ ബാരാമതി. ഇരു എന്‍സിപി പക്ഷങ്ങളും പരസ്പരം ഏറ്റുമുട്ടിയ മണ്ഡലം. മഹാരാഷ്ട്രയിലെ പ്രബല രാഷ്ട്രീയ കുടുംബമായ പവാര്‍ കുടുംബത്തിലെ രണ്ടു വനിതകള്‍ നേര്‍ക്കുനേര്‍ പോരാടിയ പോര്‍ക്കളം. എന്‍സിപി അതികായന്‍ ശരദ് പവാറിന് ബാരാമതിയില്‍ ജയിച്ചേ മതിയാകുമായിരുന്നുള്ളു. കാരണം, മകള്‍ സുപ്രിയ സുലെ ആയിരുന്നു പോര്‍ക്കളത്തില്‍. പിണങ്ങിയിറങ്ങിപ്പോയി ബിജെപി ക്യാമ്പില്‍ ചേര്‍ന്ന അനന്തരവന്‍ അജിത് പവാറിനും ബാരാമതി പിടിക്കല്‍ അഭിമാനപോരാട്ടമായിരുന്നു. ഭാര്യ സുനേത്ര പവാറിനെ ഇറക്കിയായിരുന്നു അജിത് അമ്മാവന്റെ മകളെ തോല്‍പ്പിക്കാനൊരുങ്ങിയത്. കാടിളക്കിയുള്ള പ്രചാരണമായിരുന്നു ബാരാമതി കണ്ടത്. സുപ്രിയക്ക് വേണ്ടി രാഹുല്‍ ഗാന്ധി മുതല്‍ അഖിലേഷ് യാദവ് വരെയുള്ളവര്‍ രംഗത്തിറങ്ങി. സുനേത്രയ്ക്ക് വേണ്ടി നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും വരെ. ഫലം വന്നപ്പോള്‍, സുപ്രിയ സുലെ സുനേത്രയെ ഒന്നര ലക്ഷം വോട്ടിന് തോല്‍പ്പിച്ചു. ബാരാമതി വീണ്ടും ചര്‍ച്ചകളില്‍ നിറയാന്‍ പോവുകയാണ്. കണ്ടത് ട്രെയ്‌ലര്‍ മാത്രമാണ്. ഇനി കാണാന്‍ പോകുന്നതാണ് ശരിക്കുള്ള യുദ്ധം.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആലസ്യത്തിലേക്കല്ല മഹാരാഷ്ട്ര പോകുന്നത്. ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മുന്നണികള്‍ അണിയറയില്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പിലും മുന്നണിയായി തന്നെ മത്സരിക്കുമെന്ന് മഹാവികാസ് അഘാഡിയിലെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍സിപിയും ശിവസേന (യുബിടി)യും സംയുക്ത പ്രസ്താവന ഇറക്കിക്കഴിഞ്ഞു. പത്രസമ്മേളനം വിളിച്ചു ചേര്‍ത്തായിരുന്നു ഉദ്ധവ് താക്കറെയും ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും ഇക്കാര്യം അറിയിച്ചത്. മറുവശത്ത് ബിജെപിയും എന്‍സിപി അജിത് പവാര്‍ പക്ഷവും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോക്‌സഭയിലേറ്റ കനത്ത തിരിച്ചടി മറികടക്കാന്‍ നിയമസഭയില്‍ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനുള്ള നീക്കങ്ങള്‍ എന്‍ഡിഎ ക്യാമ്പിലും ആരംഭിച്ചുകഴിഞ്ഞു. ഇവിടെയാണ്, അജിത് പവാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ട് പവാര്‍ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ രംഗപ്രവേശം ചെയ്യുന്നത്, യുഗേന്ദ്ര പവാര്‍.

ബാരാമതി നിയമസഭ മണ്ഡലത്തില്‍ യുഗേന്ദ്ര പവാര്‍ സജീവ പ്രചാരണം നടത്തിയിരുന്നു. ഇവിടെ സുപ്രിയയ്ക്ക് ലഭിച്ചത് 1.44 ലക്ഷം വോട്ടാണ്. സുനേത്രയ്ക്ക് 96,000 വോട്ടാണ് ലഭിച്ചത്

1991 മുതല്‍ തോല്‍വിയറിയാതെ അജിത് പവാര്‍ കൈവശം വെച്ചുപോരുന്ന മണ്ഡലമാണ് ബാരാമതി. 2019-ല്‍ അജിത് ഇവിടെ ജയിച്ചത് 1,65,265 വോട്ടിന്. 70 ശതമാനം വോട്ടായിരുന്നു അജിത് പവാറിന് ലഭിച്ചത്. ഇത്തവണ അജിത് പവാറിനെ ബാരാമതിയില്‍ വീഴ്ത്തുക എന്നത് ശരദ് പവാറിന്റെ ഏറ്റവും വലിയ ആവശ്യമാണ്. അജിത് പവാറിനെ വീഴ്ത്താന്‍ ശരദ് പവാര്‍ പക്ഷം കണ്ടെത്തിയ പുതിയ ആയുധമാണ് യുഗേന്ദ്ര പവാര്‍. 33-കാരനായ യുഗേന്ദ്ര അജിത് പവാറിന്റെ സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ മകനാണ്. ബാരാമതി നിയമസഭ മണ്ഡലത്തില്‍ യുഗേന്ദ്ര പവാര്‍ സജീവ പ്രചാരണം നടത്തിയിരുന്നു. ഇവിടെ സുപ്രിയയ്ക്ക് ലഭിച്ചത് 1.44 ലക്ഷം വോട്ടാണ്. സുനേത്രയ്ക്ക് 96,000 വോട്ടാണ് ലഭിച്ചത്. യുഗേന്ദ്ര പവാര്‍ നടത്തിയ പ്രചാരണം സുപ്രിയ സുലെയെ ഏറെ സഹായിച്ചു എന്നാണ് എന്‍സിപി (ശരദ് പവാര്‍) വിലയിരുത്തുന്നത്.

കണ്ടത് ട്രെയ്‌ലര്‍, ഇനിയാണ് പോരാട്ടം; ബാരാമതിയില്‍ അജിത് പവാറിനെ വീഴ്ത്താന്‍ അനന്തരവന്‍ വരുമോ?
ലോക്‌സഭ നൽകിയ ആത്മവിശ്വാസം; യുപിയില്‍ വീണ്ടും ഒരുമിച്ചിറങ്ങാൻ എസ്‌പിയും കോണ്‍ഗ്രസും, 9 സീറ്റുകളില്‍ യോഗിക്ക് അഗ്നിപരീക്ഷ

യുഗേന്ദ്രയുടെ കുടുംബം നടത്തുന്ന എന്‍ജിഎ സരയു ഫൗണ്ടേഷന്‍ ബാരാമതിയില്‍ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ശരദ് പവാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപന ഗ്രൂപ്പായ വിദ്യ പ്രതിസ്ഥാന്റെ ട്രസ്റ്റിയും ട്രഷററും കൂടിയായ യുഗേന്ദ്ര പവാര്‍ യുവാക്കള്‍ക്കിടയില്‍ സുപരിചിതനാണ്.

''ശരദ് പവാറിന്റെ ആശയങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ബാരാമതിയില്‍ പ്രചാരണം നടത്തിയത്. അത്തരം വെല്ലുവിളികള്‍ വരുമ്പോഴെല്ലാം ഞാനത് തടയും, പക്ഷെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല'', യുഗേന്ദ്ര പവാര്‍.
ശരദ് പവാറിനൊപ്പം യുഗേന്ദ്ര പവാര്‍
ശരദ് പവാറിനൊപ്പം യുഗേന്ദ്ര പവാര്‍

രാഷ്ട്രീയ കേന്ദ്രങ്ങളില്‍ യുഗേന്ദ്ര പവാറിന്റെ സാന്നിധ്യം ഇതിന് മുന്‍പ് വിരളമായിരുന്നു. പക്ഷേ വിദ്യാഭ്യാസ, വ്യവസായ, കാര്‍ഷിക, കായിക മേഖലകളില്‍ യുഗേന്ദ്ര സജീവമാണ്. എന്‍സിപി പിളര്‍ന്നതിന് ശേഷം, പാര്‍ട്ടി ഓഫീസില്‍ സ്ഥിരമായി എത്തിയ യുഗേന്ദ്രയ്ക്ക്, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. സരയു ഫൗണ്ടേഷനിലൂടെ കര്‍ഷകര്‍ക്ക് സൗജന്യ വിത്തുകള്‍ നല്‍കിയും കാര്‍ഷിക മേഖലയില്‍ സഹായങ്ങള്‍ നല്‍കിയും യുഗേന്ദ്ര കളം പിടിച്ചു. സ്‌പോര്‍ട്‌സിനോടും സംരഭകത്വത്തിനോടും കമ്പമുള്ളയാളെന്ന പ്ര തിച്ഛായ യുവാക്കള്‍ക്കിടയില്‍ യുഗേന്ദ്രയ്ക്ക് സ്ഥാനം നേടിക്കൊടുത്തു. ഇപ്പോള്‍, യുഗേന്ദ്രയെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നതില്‍ ഭൂരിപക്ഷവും യുവാക്കളും കര്‍ഷകരുമാണ്. നിലവില്‍ വരള്‍ച്ച ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ശരദ് പവാറിനൊപ്പം സന്തതസഹചാരിയായി യുഗേന്ദ്രയുമുണ്ട്.

കണ്ടത് ട്രെയ്‌ലര്‍, ഇനിയാണ് പോരാട്ടം; ബാരാമതിയില്‍ അജിത് പവാറിനെ വീഴ്ത്താന്‍ അനന്തരവന്‍ വരുമോ?
എരിതീയില്‍ എണ്ണയൊഴിച്ച് ആര്‍എസ്എസ്; മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി പോര് കടുക്കുന്നു

മുംബൈയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ യുഗേന്ദ്ര, യുഎസിലെ ബൂസ്റ്റണില്‍ നിന്നാണ് ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സില്‍ ഡിഗ്രി നേടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ യുഗേന്ദ്ര പവാറിന്റെ പ്രവര്‍ത്തനങ്ങളെ സുപ്രിയ സുലെ എടുത്തു പറഞ്ഞ് പ്രശംസിച്ചിരുന്നു.

യുഗേന്ദ്ര പവാര്‍ അജിത് പവാറിന് നല്‍കുന്ന സൂചന വ്യക്തമാണ്. ഒന്നുങ്കില്‍ തിരികെ വരിക, അല്ലെങ്കില്‍ പോരാട്ടത്തിന് തയാറെടുത്തുകൊള്ളുക
അജിത് പവാര്‍
അജിത് പവാര്‍
''ഞങ്ങളുടെ ലോക്സഭാ പ്രകടനത്തില്‍ ആവേശഭരിതരായ പ്രവര്‍ത്തകര്‍ എന്നെ ബാരാമതി നിയമസഭയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍സിപി മേധാവിയോട് അഭ്യര്‍ഥിച്ചു. പക്ഷേ, പവാര്‍ കുടുംബത്തിനുള്ളില്‍ ഒരു കലഹം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു?', യുഗേന്ദ്ര പവാര്‍.

യുഗേന്ദ്ര പവാര്‍ അജിത് പവാറിന് നല്‍കുന്ന സൂചന വ്യക്തമാണ്. ഒന്നുങ്കില്‍ തിരികെ വരിക, അല്ലെങ്കില്‍ പോരാട്ടത്തിന് തയാറെടുത്തുകൊള്ളുക. ശരദ് പവാറെന്ന രാഷ്ട്രീയ അതികായനെ പാര്‍ട്ടിക്കുള്ളില്‍ ആയിരുന്നപ്പോഴും ഇപ്പോള്‍ പുറത്തായപ്പോഴും നിരന്തരം വെള്ളം കുടിപ്പിക്കുന്ന അനന്തരവനായിരുന്നു അജിത് പവാര്‍. ഇപ്പോള്‍, അജിത് പവാര്‍ ഒരനന്തരവനാല്‍ പോരാട്ടം പ്രതീക്ഷിച്ചു തുടങ്ങുന്നു, കാലത്തിന്റെ കാവ്യനീതി ആവര്‍ത്തിക്കുന്നു.

logo
The Fourth
www.thefourthnews.in