വഴിതെറ്റുമെന്ന് ഇനി പേടിവേണ്ട; കലോത്സവ വേദിയിലെത്താൻ ക്യൂ ആർ കോഡ് സംവിധാനം

വഴിതെറ്റുമെന്ന് ഇനി പേടിവേണ്ട; കലോത്സവ വേദിയിലെത്താൻ ക്യൂ ആർ കോഡ് സംവിധാനം

രാജ്യത്ത് ആദ്യമായാണ് സ്കൂൾ കലോത്സവത്തിന് വഴി കാണിക്കാൻ പോലീസിൻ്റെ ക്യൂ ആർ കോഡ് സംവിധാനം നിലവിൽ വരുന്നത്

വിവിധ സ്ഥലങ്ങളിൽ നിന്ന് സ്‌കൂൾ കലോത്സവം കാണാൻ വരുന്നവർക്ക് ഇനി വഴി തപ്പി നടക്കേണ്ട. കലോത്സവ വേദിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ക്യൂ ആർ കോഡ് വഴിയുള്ള പുതിയ സംവിധാനം ഒരുക്കും. 24 വേദികൾ ഉള്ളത് കൊണ്ട് വിദ്യാർഥികൾക്കും കാണികൾക്കും വഴി തെറ്റാതെ ഇരിക്കാനുമാണ് പുതിയ സംവിധാനം. കോഴിക്കോട് സിറ്റി സൈബർ സെല്ലും (IT cell), സിറ്റി ട്രാഫിക് പോലീസും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കിയത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സ്കൂൾ കലോത്സവത്തിന് വഴി കാണിക്കാൻ ഇത്തരത്തിൽ ക്യൂ ആർ കോഡ് സംവിധാനം നിലവിൽ വരുന്നത്.

ക്യൂ ആർ കോഡ് സ്മാർട് ഫോണിൽ സ്കാൻ ചെയ്യുമ്പോൾ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നമ്പർ അടിസ്ഥാനത്തിൽ സ്കൂളിൻ്റെ പേരോട് കൂടി വേദികൾ, ഫുഡ് കോർട്ട്, പാർക്കിങ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ഒരു പട്ടിക ദൃശ്യമാകും. പോകേണ്ട വേദിയുടെ നമ്പർ അല്ലെങ്കിൽ ഏത് സ്കൂൾ ആണോ ആ പേരിൽ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു മാപ് വിൻഡോ ഫോണിൽ തുറക്കും. അത് വേദിയിലേക്കുള്ള വഴിയാണ് . ലൈവ് മാപ് ആയതു കൊണ്ട് നിൽക്കുന്ന സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് വേദി ഉള്ളതെന്നും ഗതാഗത തടസ്സമില്ലാതെ വളരെ എളുപ്പത്തിൽ വേദിയിലേക്ക് എത്താനുള്ള വഴി കാണിച്ചു തരികയും ചെയ്യുന്നു.

കോഴിക്കോട് സിറ്റി പോലീസിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ കോഴിക്കോട് സിറ്റി പോലീസ്, കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് എന്നീ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലും, ബസ്സ് സ്റ്റാൻഡ്, പോലീസ് വാഹനങ്ങൾ, സിറ്റിയിൽ സർവീസ് നടത്തുന്ന ഓട്ടോ ടാക്സി എന്നിവയിലും കൂടാതെ മത്സരങ്ങൾ നടക്കുന്ന എല്ലാ വേദികൾക്ക് സമീപവും ഈ ക്യൂ ആർ കോഡ് പ്രദർശിപ്പിക്കുന്നതാണ്. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവമായ കേരള സ്കൂൾ കലോത്സവത്തിന്റെ 61-ാമത് വേദിയാകുന്നത് കോഴിക്കോടാണ്. ഏഴ് വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് എത്തുന്നത്. 2023 ജനുവരി 3 മുതൽ 7 വരെയാണ് കലോത്സവം.

logo
The Fourth
www.thefourthnews.in