ദുരഭിമാനക്കൊലയുടെ ഇര; ഇന്ന് അതിജീവനത്തിന്റെ ശബ്ദമായി കൗസല്യ, കൈപിടിച്ച് നടി പാര്‍വതി

ദുരഭിമാനക്കൊലയുടെ ഇര; ഇന്ന് അതിജീവനത്തിന്റെ ശബ്ദമായി കൗസല്യ, കൈപിടിച്ച് നടി പാര്‍വതി

ജാതീയമായ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന ഇരു വിഭാഗക്കാരായിരുന്നു കൗസല്യയുടേയും ശങ്കറിന്റേയും സമുദായക്കാര്‍

ജാതിവെറിയുടെ ജീവിക്കുന്ന തെളിവാണ് കൗസല്യ ശങ്കര്‍. ദുരഭിമാനം തകര്‍ത്തെറിഞ്ഞ ജീവിതം. പ്രിയപ്പെട്ടവനെ കൊലക്കത്തിക്ക് ഇരയാക്കിയവരെ നിയമപോരാട്ടത്തിലൂടെ നേരിട്ട കൗസല്യ പിന്നീട് ആ കുടുംബത്തിന് മകളായി. ഇരയാക്കപ്പെട്ടവളിന്ന് അതിജീവിതത്തിന്റെ പാതയിലാണ്. കോയമ്പത്തൂരില്‍ സ്ത്രീകള്‍ക്കായുള്ള സലൂണ്‍ ആരംഭിച്ച കൗസല്യ വരുമാനമാർഗമെന്നതിനപ്പുറം ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് കൈത്താങ്ങാവാനാണ് ശ്രമിക്കുന്നത്. നടി പാര്‍വതി തിരുവോത്താണ് കൗസല്യയുടെ സ്വപ്‌നത്തിന് തിരിതെളിച്ചത്.

കൗസല്യയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതിനൊപ്പം ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുവിഷയങ്ങളില്‍ നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയെന്ന നിലയിലാണ് തമിഴില്‍ ഒരുപാട് നായികമാര്‍ ഉണ്ടായിട്ടും പാര്‍വതിയെ ക്ഷണിച്ചതെന്ന് പറയുന്നു കൗസല്യ.

കൗസല്യയുടേയും ശങ്കറിന്റേയും പ്രണയം

സമ്പത്തും അധികാരവും രാഷ്ട്രീയവും കൈമുതലായുള്ള തെക്കന്‍ തമിഴ്‌നാട്ടിലെ തേവര്‍ സമുദായത്തിലാണ് കൗസല്യയുടെ ജനനം. തേവര്‍ സമുദായത്തിന്റെ അകങ്ങളില്‍ നിന്ന് കൗസല്യ പുറത്തുകടക്കുന്നത് പൊള്ളാച്ചിയിലെ പിഎ കോളേജില്‍ എത്തിയതില്‍ പിന്നെയാണ്. കോളേജിലെ ആദ്യ ദിനത്തിലാണ് കൗസല്യയും ശങ്കറും പരിചയപ്പെടുന്നത്. സീനിയര്‍ വിദ്യാര്‍ഥിയായ ശങ്കര്‍ ഏറെ വൈകാതെ തന്റെ പ്രണയം കൗസല്യയോട് തുറന്നു പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. ശങ്കര്‍ ഒരു ദളിത് ആണെന്ന് അറിഞ്ഞതോടെ കൗസല്യയുടെ വീട്ടുകാര്‍ ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൗസല്യ കൂട്ടാക്കിയില്ല.

ദേവേന്ദ്ര കുല വെള്ളാളര്‍ സമുദായ അംഗമായിരുന്നു ശങ്കര്‍. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബം. കൗസല്യയുടേയും ശങ്കറിന്റേയും സമുദായക്കാര്‍ തമ്മില്‍ ജാതീയമായ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. പ്രണയബന്ധം അറിഞ്ഞതോടെ ക്രൂര മര്‍ദ്ദനമായിരുന്നു കൗസല്യക്ക് ഏല്‍ക്കേണ്ടി വന്നത്. തുടർന്നായിരുന്നു ശങ്കറുമായുള്ള വിവാഹം. വീടും പഠനവും ഉപേക്ഷിച്ച് ശങ്കറിന്റെ ഗ്രാമത്തിലേക്ക് എത്തിയ കൗസല്യ ശങ്കറിനെ പഠിപ്പിക്കുന്നതിനായി കൂലിപ്പണിയെടുക്കാന്‍ തയ്യാറായി. പ്ലസ്ടു പരീക്ഷയില്‍ ആയിരത്തി ഇരുന്നൂറില്‍ ആയിരം മാര്‍ക്ക് കരസ്ഥമാക്കിയ പെണ്‍കുട്ടി ഇഷ്ടികക്കളത്തിലെ ജോലിക്കാരി ആയി

ജാതീയതയുടെ എതിര്‍ശബ്ദമായി കൗസല്യ

ശങ്കറിന് കോളേജ് ഡേയ്ക്ക് ഇടാനുള്ള ഷര്‍ട്ട് വാങ്ങുന്നതിനായാണ് 2016 മാര്‍ച്ച് 13ന് ഉദുമല്‍പേട്ട ടൗണില്‍ ഇരുവരും എത്തുന്നത്. എന്നാല്‍ പെട്ടെന്നായിരുന്നു രണ്ടു ബൈക്കുകളിലായി വടിവാളുമായി എത്തിയ സംഘം ശങ്കറിനേയും കൗസല്യയേയും ആക്രമിക്കുന്നത്. വെട്ടേറ്റ ശങ്കര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു. ആശുപത്രി കിടക്കയിലായ കൗസല്യ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് നടന്ന സംഭവങ്ങളോട് പൊരുത്തപ്പെട്ടത്. പിന്നീട് ശങ്കറിനെ ഇല്ലാതാക്കിയ തന്റെ കുടുംബത്തോടുള്ള നിയമപോരാട്ടത്തിലായിരുന്നു കൗസല്യ. കേസില്‍ കൗസല്യയുടെ പിതാവ് പി ചിന്നസ്വാമി അടക്കം 6 പേര്‍ക്ക് വിചാരണാ കോടതി വധശിക്ഷ നല്‍കി. എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി മദ്രാസ് കോടതി ചിന്നസ്വാമിയുടെ വധശിക്ഷ റദ്ദാക്കി. മറ്റ്‌ അഞ്ചുപേരുടേയും ശിക്ഷ 25 വര്‍ഷമായി ചുരുക്കുകയും ചെയ്തു.

ശങ്കറിന്റെ കൊലപാതകത്തെ തുടർന്ന് തമിഴ്നാട് സർക്കാര്‍ കൗസല്യക്ക് ജോലി നല്‍കിയെങ്കിലും ജാതിവിവേചനത്തിനെതിരായ കൗസല്യയുടെ പ്രവർത്തനങ്ങള്‍ സസ്പെന്‍ഷനിലേക്ക് വരെ അധികൃതരെ എത്തിച്ചു. തുടർന്ന് ജോലിയില്‍ നിന്ന് രാജിവെച്ചാണ് സലൂണ്‍ തുടങ്ങാന്‍ കൗസല്യ തീരുമാനിച്ചത്. സർക്കാര്‍ ജോലിയേക്കാള്‍ തനിക്ക് വലുത് ജാതീയതയ്ക്കെതിരായ പോരാട്ടമാണെന്നായിരുന്നു കൗസല്യയുടെ നിലപാട്

ശങ്കറിന്റെ പേരിലുള്ള ട്രസ്റ്റ് രൂപീകരിച്ച് മുന്നോട്ടുള്ള യാത്രയാരംഭിച്ച കൗസല്യ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പറൈ കലാകാരന്‍ ശിവയും കൗസല്യക്കൊപ്പമുണ്ട്. 2019 ലാണ് കൗസല്യയുടെ ജീവിതത്തിലേക്ക് ശിവയെത്തുന്നത്. ജാതീയതയ്ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായ പറൈ വാദക കൂടിയാണിന്ന് കൗസല്യ. കോയമ്പത്തൂര്‍ വെള്ളല്ലൂരില്‍ ആരംഭിച്ച 'Zha' എന്ന സലൂണ്‍ കൗസല്യയുടെ വലിയ പ്രതീക്ഷയാണ്. സലൂണ്‍ ആരംഭിച്ച സ്ഥലത്തിന് പത്തുമീറ്റര്‍ ചുറ്റളവില്‍ മറ്റു സലൂണുകള്‍ ഒന്നും ഇല്ലെന്നുള്ളത് വലിയ സാധ്യതയായിട്ടാണ് കാണുന്നത്. പുതിയ സംരംഭത്തിലൂടെ കുറച്ച് സ്ത്രീകള്‍ക്കെങ്കിലും ജോലി നല്‍കാന്‍ ആവുമെന്നതാണ് പ്രതീക്ഷയിലാണ് ഇന്ന് കൗസല്യ.

logo
The Fourth
www.thefourthnews.in