പേവിഷ വാക്‌സിൻ തദ്ദേശീയമായി നിർമിക്കും, ക്യാൻസറിനെ നേരിടാൻ പ്രത്യേക പാക്കേജ്; ബജറ്റിൽ ആരോഗ്യമേഖലയ്ക്ക്  
2828. 33 കോടി

പേവിഷ വാക്‌സിൻ തദ്ദേശീയമായി നിർമിക്കും, ക്യാൻസറിനെ നേരിടാൻ പ്രത്യേക പാക്കേജ്; ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 2828. 33 കോടി

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കും

സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പൊതുജനാരോഗ്യമേഖലയ്ക്ക് 2828.33 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയത്. മുൻവർഷത്തേക്കാൾ 196.5 കോടി രൂപയുടെ അധികം വർധനയാണ് ഇത്.

ക്യാൻസർ പ്രതിരോധത്തിനായി പ്രത്യേക പാക്കേജും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിനായി 81 കോടിയും കൊച്ചി ക്യാന്‍സര്‍ സെന്ററിന് 14.5 കോടിയും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നവീകരണത്തിന് 28 കോടിയുമാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

പേവിഷ വാക്സിന്‍ വികസിപ്പിക്കാന്‍ 5 കോടി രൂപ

കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. പേവിഷ വാക്സിന്‍ വികസിപ്പിക്കാന്‍ 5 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടക്കം സഹായത്തോടെയായിരിക്കും വാക്‌സിന്‍ വികസിപ്പിക്കുക.

പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടി രൂപയും സാംക്രമികേതര രോഗപദ്ധതി വിപുലീകരിക്കാന്‍ 10 കോടിയും വകയിരുത്തി. തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി. ഗോത്ര-തീരദേശ-വിദൂര മേഖലകളിലെ ആശുപത്രികളിലെയും ആരോഗ്യപരിചരണ സംവിധാനങ്ങളുടെയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പതിനഞ്ച് കോടി എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങൾ.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 574.5 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 74.5 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വർധിപ്പിച്ചത്. ഇ-ഹെല്‍ത്ത് പദ്ധതിക്കായി 30 കോടി രൂപയും വകയിരുത്തിട്ടുണ്ട്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഡിമെന്‍ഷ്യ, അള്‍ഷൈമേഴ്‌സ് മെമ്മറി സ്‌ക്രീനിംഗ് ക്ലിനിക് എന്ന പുതിയ പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു . ഈ വര്‍ഷം 1 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

കനിവ് പദ്ധതിയില്‍ 315 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തന ചെലവുകള്‍ക്കായി 75 കോടി രൂപ നീക്കി വച്ചു. കാസര്‍ഗോഡ് ടാറ്റാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യ പരിചരണം, ഹെല്‍ത്ത് ടൂറിസം എന്നിവയിലെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഒരു ഹെല്‍ത്ത് ഹബ്ബാക്കി മാറ്റാന്‍ കഴിയും

ചെലവ് കുറഞ്ഞ ചികിത്സാ രീതിയും ആരോഗ്യ പരിചരണങ്ങളും വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. ആരോഗ്യ പരിചരണം, ഹെല്‍ത്ത് ടൂറിസം എന്നിവയിലെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഒരു ഹെല്‍ത്ത് ഹബ്ബാക്കി മാറ്റാന്‍ കഴിയും. നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഹെല്‍ത്ത് കെയര്‍ പോളിസി നടപ്പിലാക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

ലോകത്തിന്റെ ആരോഗ്യമേഖലാ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ കഴിയുന്ന മനുഷ്യ വിഭവശേഷിയും ആരോഗ്യ ശൃംഖലയും സംസ്ഥാനത്തിനുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. വികസന രാജ്യങ്ങളിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. വികസിത രാജ്യങ്ങളില്‍ ചികിത്സാ ചെലവ് വളരെ കൂടുതലാണ്. ഇത് നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടയിൽ സഭയിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in