ഇനി 'കേരളാ ടൂറിസം 2.0 ': 'വർക് ഫ്രം ഹോളിഡേ ഹോം' പദ്ധതി നടപ്പിലാക്കും

ഇനി 'കേരളാ ടൂറിസം 2.0 ': 'വർക് ഫ്രം ഹോളിഡേ ഹോം' പദ്ധതി നടപ്പിലാക്കും

സഞ്ചാരികൾക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ അവരുടെ ദൈനംദിന ജോലികളിൽ ഏർപ്പെടാൻ കഴിയുന്ന 'വർക്ക് ഫ്രം ഹോളിഡേ ഹോം' പദ്ധതി.

കേരളത്തിലെ ടൂറിസം മേഖലയെ മെച്ചപ്പെടുത്താൻ 'കേരളാ ടൂറിസം 2.0 ' പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേക്കൽ, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അനുഭവേദ്യ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും. ലോകോത്തര നിലവാരത്തിലേക്ക് ഈ പ്രദേശങ്ങൾ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതികൾ ടൂറിസം മേഖലയിലും നടപ്പിലാക്കും. സഞ്ചാരികൾക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ അവരുടെ ദൈനംദിന ജോലികളിൽ ഏർപ്പെടാൻ കഴിയുന്ന 'വർക്ക് ഫ്രം ഹോളിഡേ ഹോം' പദ്ധതി. ഇതിന്റെ പ്രാഥമിക തയ്യാറെടുപ്പുകൾക്കായി പത്ത് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഏഴ് ടൂറിസം ഇടനാഴികൾ കണ്ടെത്തി ടൂറിസം മേഖലയിലെ വികസിപ്പിക്കും. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ദേശീയ ഇടനാഴി, ജലപാത- കനാല് ഇടനാഴി, റെയിൽവേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽ ഹൈവേ ഇടനാഴി എന്നിവയുടെ വികസനത്തിനായി 50 കോടി രൂപ മാറ്റിവച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനവുമായി കൈകോർത്തായിരിക്കും ഇടനാഴിയുടെ പ്രവർത്തനങ്ങൾ. കൂടാതെ വിനോദ സഞ്ചാരം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, അന്തർ ജില്ലാ വിമാനയാത്ര എന്നിവ സജീവമാക്കാനായി നോ-ഫ്രിൽ എയർ സ്ട്രിപ്പുകളും അനുവദിക്കും. പ്രാഥമിക ഘട്ടത്തിലാണെന്നും ഇടുക്കി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ നടപ്പിലാക്കാനുള്ള പഠനങ്ങൾ നടത്തി വരികയാണെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പുകൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന്റെ ഇക്വിറ്റി പിന്തുണ രൂപത്തിൽ 20 കോടി രൂപയും ബജറ്റിൽ നീക്കി വെച്ചു.

logo
The Fourth
www.thefourthnews.in