കേരളീയത്തിനായി പിരിച്ചത് 10.5 കോടി; പക്ഷേ, പണം വന്ന വഴി അറിയില്ല

കേരളീയത്തിനായി പിരിച്ചത് 10.5 കോടി; പക്ഷേ, പണം വന്ന വഴി അറിയില്ല

ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കിയത് ആരാണെന്ന് അറിയില്ലെന്ന് സ്‌പോണ്‍സര്‍ഷിപ്പ് കണ്‍വീനറായ ലോട്ടറി ഡയറക്ടര്‍ ഏബ്രഹാം റെന്‍

കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് സര്‍ക്കാര്‍ അനുവദിച്ചത് 27 കോടി രൂപയായിരുന്നു. സ്‌പോണ്‍സര്‍മാര്‍ വഴി 10.81 കോടി രൂപയും പിരിച്ചു. ഇതില്‍ 10.66 കോടി രൂപ ചെലവാക്കുകയും ചെയ്തു. എന്നാല്‍, 10.81 കോടി നല്‍കിയ സ്‌പോണ്‍സര്‍മാര്‍ ആരൊക്കെയാണ് എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാരിന്റെ കൈയില്‍ ഉത്തരമില്ല.

സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പണത്തിന്റെ വിവരങ്ങള്‍ തേടി ടൂറിസം ഡയറക്ടറെയാണ് വിവരാവാകാശ നിയമപ്രകാരം അഡ്വ. സി ആര്‍ പ്രാണകുമാര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ഈ വിവരങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് കണ്‍വീനര്‍ കൂടിയായ ലോട്ടറി വകുപ്പ് ഡയറക്ടറും ജിഎസ്ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറുമായ ഏബ്രഹാം റെന്നിന്റെ പക്കലാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് ലോട്ടറി ഡയറക്ടറേറ്റിലേക്ക് വിവരം തേടി അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് ലോട്ടറി ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ചത്.

ബാങ്ക് അക്കൗണ്ട് വഴി സ്വീകരിച്ച 10.81 കോടി രൂപ ആര് തന്നുവെന്ന് കണ്ടെത്താന്‍ സ്‌പോണ്‍സര്‍ഷിപ്പ് കണ്‍വീനര്‍ക്ക് നിഷ്പ്രയാസം കഴിയും. അതുകൊണ്ട് തന്നെ വിവരങ്ങള്‍ കൈമാറാത്തതില്‍ ദുരൂഹതയുണ്ട്. ക്വാറി-ബാര്‍- വിവാദ കമ്പനികള്‍ എന്നിവയില്‍ നിന്നാണ് ഭൂരിഭാഗം പണവും പിരിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പണം നല്‍കിയവരുടെ വിവരങ്ങള്‍ പുറത്ത് വിടാത്തത്. കേരളീയത്തിന്റെ വരവ്-ചെലവ് കണക്ക് ചോദിച്ചപ്പോഴും ആദ്യഘട്ടത്തില്‍ അത് നല്‍കാന്‍ തയാറായിരുന്നില്ല. വിവരാവകാശ കമ്മീഷണറെ സമീപിച്ച് വിവരങ്ങള്‍ തേടാനാണ് സിആര്‍ പ്രാണകുമാറിന്റെ തീരുമാനം.

സര്‍ക്കാര്‍ നല്‍കിയ 27 കോടി രൂപയില്‍ വിവിധ പ്രദര്‍ശനങ്ങള്‍ക്കായി 9.39 കോടി ചെലവഴിച്ചു. ദീപാലങ്കാരത്തിന് 2.97 കോടിയും സാംസ്‌ക്കാരിക പരിപാടിക്കായി 3.14 കോടിയും ചെലവായി. പരസ്യങ്ങള്‍ക്കായി ചെലവാക്കിയത് 3.98 കോടിയാണ്. താമസത്തിനായി 1.81 കോടിയാണ് മുടക്കിയത്.

logo
The Fourth
www.thefourthnews.in