ലൈഫ് പദ്ധതിയില്‍ 12,313 വീടുകള്‍ കൂടി; ഈ വർഷം 1,06,000 വീടെന്ന ലക്ഷ്യം മറികടക്കും

ലൈഫ് പദ്ധതിയില്‍ 12,313 വീടുകള്‍ കൂടി; ഈ വർഷം 1,06,000 വീടെന്ന ലക്ഷ്യം മറികടക്കും

വീടുകള്‍ നിര്‍മിക്കാനുള്ള 492.52 കോടിയില്‍ 307.83 കോടി സംസ്ഥാന വിഹിതവും 184.69 കോടി കേന്ദ്രവിഹിതവും

പിഎംഎവൈ ലൈഫ് പദ്ധതിയു ടെ ഭാഗമായി 12,313 വീടുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി ലഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വീടുകള്‍ നിര്‍മിക്കാനുള്ള 492.52 കോടിയില്‍ 307.83 കോടി സംസ്ഥാനവിഹിതവും 184.69 കോടി കേന്ദ്രവിഹിതവുമാണ്. ഇതോടെ ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ നിന്ന് ഉടനടി വീട് ലഭിക്കുന്നവരുടെ എണ്ണം 82,000ല്‍ അധികമാകും.

2017ലെ ലൈഫ് പട്ടികയിലെ ഗുണഭോക്താക്കളും 2019ലെ അഡീഷണല്‍ പട്ടികയിലെ ഗുണഭോക്താക്കളുമായ 27,833പേര്‍ ഈ സാമ്പത്തിക വര്‍ഷം കരാറിലേര്‍പ്പെട്ട് വീട് നിര്‍മാണം ഇതിനകം പൂര്‍ത്തായാക്കിയിട്ടുണ്ട്. ഇതിന് പുറമേ 2017, 2019 പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കളുടെ 29,189 വീടുകള്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം സംസ്ഥാനത്ത് 3,14,425 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്

പുതിയതായി 82,000 ലധികം ഗുണഭോക്താക്കള്‍ കൂടി കരാറിലേര്‍പ്പെട്ട് വീട് നിര്‍മാണം ആരംഭിക്കുന്നതോടെ, ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യംവെച്ച 1,06,000 വീട് എന്ന ലക്ഷ്യം മറികടക്കുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം സംസ്ഥാനത്ത് 3,14,425 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ഭൂരഹിതരായ ഭവനരഹിതരുടെ വിഷയം 'മനസോടിത്തിരി മണ്ണ്' പദ്ധതിയിലൂടെ പരിഹരിക്കാനും ഊര്‍ജിത ശ്രമം തുടരുകയാണ്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 1500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കെയുആര്‍ഡിഎഫ്‌സി മുഖേന സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു. ഇതുവഴി പുതിയ പട്ടികയിലെ എഴുപതിനായിരത്തോളം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും.

ഇതിന് പുറമേ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും വീട് നല്‍കിക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍, ഈ വര്‍ഷം ഭവനപദ്ധതിക്കായി വകയിരുത്തിയ വികസന ഫണ്ടും വകയിരുത്താന്‍ സാധിക്കുന്ന പരമാവധി തുകകളും വിനിയോഗിച്ച്, ഭൂമിയും വീടും നല്‍കാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.

2017ലെ പട്ടികയില്‍ നിന്ന് ഫണ്ട് അഭ്യര്‍ത്ഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് പകരം 2020ലെ പട്ടികയിലുള്ളവര്‍ക്ക് അവസരം

ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളെയും അതിദരിദ്ര സര്‍വേയിലൂടെ കണ്ടെത്തിയ ഭവനരഹിതരെയുമാണ് ആദ്യം പരിഗണിക്കുക. 2017ലെ പട്ടികയില്‍ നിന്ന് ഇനിയും കരാര്‍ പ്രകാരം ഫണ്ട് അഭ്യര്‍ത്ഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് പകരം 2020ലെ പട്ടികയിലുള്ളവര്‍ക്ക് അവസരം നല്‍കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഫണ്ട് അഭ്യര്‍ത്ഥന നടത്താത്ത ഗുണഭോക്താക്കളുടെ എണ്ണത്തിന് തുല്യ എണ്ണം ഗുണഭോക്താക്കളെ പുതിയ പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കാം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കള്‍ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ ഭൂമി വാങ്ങിയാലും, ഭൂമി വാങ്ങുന്നതിനും വീട് നിർമിക്കുന്നതിനുമുള്ള തുക ഗുണഭോക്താവിനെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in