സംസ്ഥാനത്ത് ഇന്ന് 1,801 പേർക്ക് കോവിഡ്; ഗർഭിണികൾക്കും പ്രായമായവർക്കും മാസ്ക് നിർബന്ധമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് 1,801 പേർക്ക് കോവിഡ്; ഗർഭിണികൾക്കും പ്രായമായവർക്കും മാസ്ക് നിർബന്ധമെന്ന് ആരോഗ്യ വകുപ്പ്

പ്രായമായവരോ ജീവിതശൈലീ രോഗങ്ങളുള്ളവരോ വീട്ടിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും മാസ്‌ക് നിര്‍ബന്ധമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി

സംസ്ഥാനത്ത് കോവിഡ് രൂക്ഷകുന്ന സാഹചര്യത്തിൽ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിർദേശം. പ്രായമായവരോ ജീവിതശൈലീ രോഗങ്ങളുള്ളവരോ വീട്ടിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും മാസ്‌ക് നിര്‍ബന്ധമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇന്ന് 1801 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് മരണം കൂടുതലും 60 വയസിന് മുകളിലുള്ളവരിൽ

കോവിഡ് മരണം കൂടുതലും 60 വയസിന് മുകളിലുള്ളവരിലാണെന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 60 വയസിന് മുകളിൽ പ്രായമുള്ളവരിലാണ്. ശേഷിക്കുന്ന 15 ശതമാനം പ്രമേഹം, രക്തസമ്മര്‍ദം അടക്കം മറ്റ് രോഗങ്ങളുള്ളവരാണ്. വീട്ടില്‍ നിന്ന് പുറത്ത് പോകാത്ത അഞ്ച് പേർ കോവിഡ് ബാധിച്ച് മരിച്ചു. അതുകൊണ്ട് തന്നെ പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും പ്രത്യേകം കരുതണമെന്നും കോവിഡില്‍ നിന്നും ഇവരെ സംരക്ഷിക്കുക പ്രധാനമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിർദേശം

പ്രായമായവർക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ മറ്റുള്ളവർ പുറത്ത് പോകുമ്പോൾ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ പ്രായമായവരുമായി അടുത്തിടപഴകരുത്. ഇടയ്ക്കിടയ്ക്ക് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും നിർബന്ധമായി മാസ്ക് ധരിക്കണം. ഇവർക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. മാസ്‌കും മറ്റ് സുരക്ഷാ മാര്‍ഗങ്ങളും ആശുപത്രികളിലും സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മാസ്‌കും മറ്റ് സുരക്ഷാ മാര്‍ഗങ്ങളും ആശുപത്രികളിലും സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ്

കോവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. ഇതിനായി സ്വകാര്യ ആശുപത്രികളുടെ യോഗം പ്രത്യേകമായി വിളിക്കും. എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. ഇവരുമായി ഇടപെടുമ്പോള്‍ ജീവനക്കാർ എന്‍ 95 മാസ്‌ക് ധരിക്കണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത്. പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ചികിത്സതേടി ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികൾ കൂടുന്നുണ്ടെങ്കിലും ആകെ രോഗികളില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കൾ ആവശ്യമായിട്ടുള്ളത്. 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകൾ ആവശ്യം. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in