സംസ്ഥാനത്ത് ആറു വർഷത്തിനിടെ രണ്ടരലക്ഷത്തിനടുത്ത് റോഡപകടങ്ങൾ; പിഴവ് സംഭവിക്കുന്നത് എവിടെ?

സംസ്ഥാനത്ത് ആറു വർഷത്തിനിടെ രണ്ടരലക്ഷത്തിനടുത്ത് റോഡപകടങ്ങൾ; പിഴവ് സംഭവിക്കുന്നത് എവിടെ?

സംസ്ഥാനത്ത് 2016 മുതൽ 2022 ആഗസ്ത് വരെ റോഡപകടങ്ങളിൽ മരിച്ചത് 26,407 പേർ
Published on

സംസ്ഥാനത്ത് റോഡപകടങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞ ദിവസം കേരളം ഉണർന്നതും ഒമ്പത് പേരുടെ മരണവാർത്തയുടെ ഞെട്ടലിലാണ്. അപകടത്തിന്റെ മുറിവുണങ്ങുന്നതിന് മുൻപ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും പതിവുപോലെ ഉയരുകയും ചെയ്തു. അപകടത്തെ പ്രതിരോധിക്കാനുള്ള ആസൂത്രണം മുതൽ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വരെയുണ്ടാകുന്ന വീഴ്ചയാണ് കേരളത്തിലെ റോഡുകളെ കുരുതിക്കളമാക്കുന്നത്.

സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2016 മുതൽ 2022 ആഗസ്ത് വരെ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളിൽ മരിച്ചത് 26,407 പേരാണ്. ഇക്കാലയളവിൽ കേരളത്തിൽ വിവിധയിടങ്ങളിലായി 2, 49,231 റോഡപകടങ്ങളാണ് നടന്നത്.

റോഡപകടം സംബന്ധിച്ച് സർക്കാർ പുറത്തുവിട്ട കണക്കുകൾ
റോഡപകടം സംബന്ധിച്ച് സർക്കാർ പുറത്തുവിട്ട കണക്കുകൾ

നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി കണക്കുകൾ അക്കമിട്ട് നിരത്തുമ്പോഴും അപകടങ്ങൾ അവർത്തിക്കപ്പെടാതിരിക്കാൻ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നത് വിമർശനാത്മകമാണ്.

വീഴ്ച ആരുടേത്?

അപകടങ്ങള്‍ കൂടുന്നതിൽ ജനങ്ങൾക്കും ട്രാഫിക് അധികൃതർക്കും ഒരുപോലെ പങ്കുണ്ടെന്നതാണ് യാഥാർഥ്യം. അമിത വേഗതയും അശ്രദ്ധയും തുടങ്ങി നിർദേശങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിങ് അപകടങ്ങളുടെ തോത് കൂട്ടുന്നു. ട്രാഫിക് പരിശോധനയിലെ വീഴ്ചയും ബോധവത്ക്കരണം ഫലപ്രദമല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണം.

റോഡ് നിർമ്മാണം-സുരക്ഷാ പദ്ധതികൾ എന്ന പേരിൽ എല്ലാ ബജറ്റിലും ഫണ്ട് വകയിരുത്താറുണ്ട്. പക്ഷെ, റോഡിലെ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് മാത്രം അറുതി വരുന്നില്ല. റോഡ് അപകടങ്ങൾ വർധിക്കുന്നതിൽ ഏറ്റവും പ്രധാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരുത്തരവാദിത്തപരമായ സമീപനമോ, അറിവില്ലായ്മയോ ആണെന്നാണ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റ് ഷബീർ മുഹമ്മദ് പറയുന്നത്. '' അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അതേ കുറിച്ച് ചിന്തിക്കുന്നത്. അപകടങ്ങൾ തുടർക്കഥയാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. റോഡപകടങ്ങളെ സർവ സാധാരണമായി കണ്ടാൽ സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടും. സർക്കാരിന്റെ നോട്ടം പതിയേണ്ടത് അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളിലേക്കാണ്. കൃത്യമായ മാർഗ നിർദേശങ്ങൾ നിഷ്കർഷിക്കുകയും അവ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. '' - ഷബീര്‍ മുഹമ്മദ് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

പൂട്ടിടാൻ മോട്ടോർ വാഹനവകുപ്പ് മറക്കുന്നുവോ?

ദിനംപ്രതി റോഡിൽ വാഹനങ്ങൾ വർധിക്കുന്നത് പോലെ തന്നെയാണ് അപകടങ്ങളും വർധിക്കുന്നത്. വടക്കഞ്ചേരി അപകടത്തിൽ നാട് ഒന്നടങ്കം വിറച്ചെങ്കിലും അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന് സമാനമായ രീതിയില്‍ നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങൾ നിരത്തില്‍ സ്ഥിരം കാഴ്ചയാണ്.

വാഹനങ്ങള്‍ മരണപ്പാച്ചില്‍ നടത്തുമ്പോള്‍ തടയേണ്ടതിന്റെ ഉത്തരവാദിത്തം മോട്ടോർ വാഹനവകുപ്പിനാണ്. നിരത്തുകളിലെ വാഹനങ്ങൾക്കും ജീവനും അപകടമില്ലാതെ സംരക്ഷിക്കുന്നതിന് മുന്‍കരുതല്‍നടപടികള്‍ സ്വീകരിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പാണ്. നിയന്ത്രണം നിരത്തുകളിൽ ചുരുക്കാതെ ലൈസൻസിങ് മുതൽ മോട്ടോർ വാഹനവകുപ്പ് ശരിയായ മാർഗനിർദേശങ്ങൾ നൽകണം.

പ്രശ്നം നിയമത്തിന്റെ അപര്യാപ്തതയോ?

സാങ്കേതിക വിദ്യയിലുള്ള അഭിവൃദ്ധി നിയമലംഘനങ്ങളെ കയ്യോടെ കണ്ടെത്താനുള്ള മാർഗമൊരുക്കുന്നു. റോഡുകളിൽ ഘടിപ്പിച്ചിരിക്കുന്ന കാമറ, ബയോ മെട്രിക് സംവിധാനം തുടങ്ങിയവയുടെ സഹായത്താൽ നിയമലംഘനം കണ്ടെത്തൽ വളരെ എളുപ്പമാണ്. സംവിധാനങ്ങൾ ഇത്രയധികം ലളിതമായിരിക്കെ വീഴ്ചകൾക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതാണ് ഗുരുതരം.

വാഹനങ്ങൾ നിയമം പാലിക്കാതെ ഓടുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കി കേസെടുക്കണം. ഈ രീതി അപകടകരമായ ഡ്രൈവിംഗ് പ്രവണതയെ നിയന്ത്രിക്കുവാൻ സഹായിക്കുമെങ്കിലും അത്തരത്തിൽ ഒരുവാച്ച് ഡോഗ് ആയി പ്രവർത്തിക്കുവാൻ പോലീസിനും നിയമത്തിനും കഴിയുന്നില്ലെന്നും വിമർശനമുണ്ട്.

കേരളത്തിൽ നടക്കുന്നത് അപകടം നടന്നാൽ ഉടൻ പരിഹരിക്കുന്ന രീതിയായ ഇഷ്യൂ ബേസ്ഡ് എൻഫോഴ്‌സ്‌മെന്റാണ്. എന്നാൽ നടപ്പിലാക്കേണ്ടത് വാർഷിക എൻഫോഴ്‌സ്‌മെന്റ് പ്ലാൻ ആണെന്ന് ഷബീര്‍ മുഹമ്മദ് പറയുന്നു. അതായത് ഓരോ വാഹനത്തിനും അതുവഴിയുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും പ്ലാനിങ് ആവശ്യമാണ്. അതുപ്രകാരം ഓരോ വർഷവും മരണങ്ങൾ, അപകടങ്ങൾ തുടങ്ങിയവയുടെ നിരക്ക് വിലയിരുത്തുകയും അപകട കാരണത്തിനൊപ്പം ഏത് വാഹനം മൂലമാണ് അപകടമുണ്ടായതെന്ന് പരിശോധിക്കുകയും ചെയ്യുന്നു. നിയമലംഘനങ്ങൾ കൂടുതലുള്ളയിടങ്ങളിൽ പരിശോധന വ്യാപിപ്പിക്കുകയും എൻഫോഴ്‌സ്‌മെന്റിനെ വിന്യസിപ്പിക്കുകയും ചെയ്യാം.

അതേസമയം, അപകടങ്ങൾ നിയന്ത്രിക്കുവാൻ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം റോഡിലിറങ്ങുന്നവരുടെ സഹകരണത്തോടെ കൂട്ടായ യജ്ഞവും അനിവാര്യമാണ്

logo
The Fourth
www.thefourthnews.in