അരിക്കൊമ്പൻ പ്രതിഷേധം: ഇടുക്കിയില്‍ ജനകീയ ഹർത്താല്‍ ; കൊച്ചി- ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു

അരിക്കൊമ്പൻ പ്രതിഷേധം: ഇടുക്കിയില്‍ ജനകീയ ഹർത്താല്‍ ; കൊച്ചി- ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു

വിദ്യാർഥികളുടെ പരീക്ഷ പരിഗണിച്ചാണ് മൂന്ന് പഞ്ചായത്തുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്

അരിക്കൊമ്പനെ പിടികൂടാൻ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേവികുളം-ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ജനകീയ ഹർത്താല്‍ തുടരുകയാണ്. ചിന്നക്കനാലിലും പവർഹൗസിലും പൂപ്പാറയിലും കൊച്ചി- ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ബോഡിമെട്ടിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

13 പഞ്ചായത്തുകളിലാണ് ആദ്യം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. പിന്നീട്, രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ പഞ്ചായത്തുകളെ വിദ്യാർഥികളുടെ പരീക്ഷ പരിഗണിച്ച് ഹർത്താലിൽ നിന്ന് ഒഴിവാക്കി. ഇന്നലെ വൈകിട്ട് സിപിഎം പെരിയാകനാലിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. അരമണിക്കൂറോളം പ്രവർത്തകർ റോഡ് ഉപരോധിച്ചു.

അരിക്കൊമ്പൻ പ്രതിഷേധം: ഇടുക്കിയില്‍ ജനകീയ ഹർത്താല്‍ ; കൊച്ചി- ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു
അരിക്കൊമ്പൻ: കോടതിവിധിയിൽ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ആനയെ പിടികൂമെന്ന് ജനങ്ങളോട് വാഗ്ദാനം ചെയ്ത ശേഷം ആന പാർക്ക് നിർമിക്കുന്നതിനുള്ള ഗൂഢ നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സർക്കാരും വനം വകുപ്പും മറുപടി നൽകണമെന്നാണ് ആവശ്യം.

നാട്ടുകാർ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലിരിക്കെ, അരിക്കൊമ്പനെ നിരീക്ഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലയയ്ക്കണമെന്നാണ് വിധി. വിദഗ്ധരെ ഉൾപ്പെടുത്തി കമ്മറ്റിയെ നിയോഗിക്കണം. കമ്മിറ്റി പഠനം നടത്തി റിപ്പോർട്ട് നൽകണം. 

കേസ് പരിഗണിക്കവെ, ചിന്നക്കനാലിലെ 301 കോളനിയിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. ആനയുടെ സഞ്ചാര പാതയിലും ആവാസ മേഖലയിലും എന്തിനാണ് സർക്കാർ മനുഷ്യനെ പാർപ്പിച്ചത്. റീസെറ്റിൽമെന്റ് നടത്തുന്പോൾ ഇത് ആനകളുടെ ആവാസമേഖലയെന്ന് അറിയാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്തുകാര്യം, പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാട്ടുകാർ ഹർത്താലിന് ആഹ്വാനം ചെയ്തത്.

അരിക്കൊമ്പൻ പ്രതിഷേധം: ഇടുക്കിയില്‍ ജനകീയ ഹർത്താല്‍ ; കൊച്ചി- ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു
'അരിക്കൊമ്പനെ നിരീക്ഷിക്കണം, പ്രശ്നമുണ്ടാക്കിയാൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലയയ്ക്കാം': ഹൈക്കോടതി

സർവ സന്നാഹവും മേഖലയിൽ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂന്ന് നാല് ദിവസം കൂടി അത് തുടരട്ടേയെന്നാണ് കോടതി നിലപാടെടുത്തത്.

logo
The Fourth
www.thefourthnews.in