സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ കൂടി മിക്‌സഡ് ആകുന്നു; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്ക് പുതിയ ചുവടുവയ്പ്പ്. പുതിയ അധ്യയന വര്‍ഷത്തില്‍ 32 സ്‌കൂളുകള്‍ കൂടി മിക്‌സഡ് സ്‌കൂളുകളാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റമമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ അപേക്ഷകള്‍ പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
സംസ്ഥാനത്തെ സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നത് സംബന്ധിച്ച് 2022 ജൂണ്‍ 21 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം. 2023-24 അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന് 2022 ജൂലൈ 21-ന് സംസ്ഥാന ബാലാവകാശ കമ്മീഷനും ഉത്തരവിട്ടിരിന്നു.
എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നുമായിരുന്നു കമ്മീഷന്‍ ഉത്തരവ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം
സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായും മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വയ്പ്പ് നടത്തുകയാണ് സര്‍ക്കാരിപ്പോള്‍. സംസ്ഥാനത്താകെ 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 32 സ്‌കൂളുകളാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ലിംഗഭേതമന്യേ പഠനം നടത്താന്‍ വഴിതുറക്കുന്നത്.