കളമശ്ശേരിയില്‍ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; 49 ഹോട്ടലുകളുടെ ലിസ്റ്റ് പുറത്തുവിട്ട് നഗരസഭ

കളമശ്ശേരിയില്‍ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; 49 ഹോട്ടലുകളുടെ ലിസ്റ്റ് പുറത്തുവിട്ട് നഗരസഭ

അഴുകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തില്‍ നിന്ന് റോയല്‍ ബാക്കേഴ്‌സ്, ബേക്കറി ബി, കെആര്‍ ബേക്കേഴ്‌സ്, എംആര്‍എ ബേക്കറി എന്നീ സ്ഥാപനങ്ങള്‍ മാംസം വാങ്ങിയിട്ടില്ലെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള

കളമശ്ശേരിയില്‍ 500 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ ഇറച്ചി വാങ്ങിയ ഹോട്ടലുകളുടെ പേരുകൾ പുറത്തുവിട്ട് നഗരസഭ. കൊച്ചിയിലെ ഹോട്ടലുകളും ബേക്കറികളും ഉള്‍പ്പെടെ 49 സ്ഥാപനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പോലീസും നഗരസഭാ വിഭാഗവും സംയുക്തമായ നടത്തിയ റെയ്ഡിൽ കൊച്ചിയിലെ നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിടിച്ചെടുത്ത ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടിരുന്നില്ല. ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി കളമശ്ശേരിയിലെ വീട്ടില്‍ നിന്നും വാങ്ങിയിരുന്ന ഹോട്ടലുകളുടെ പേരുകൾ പുറത്തുവിടണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രതിഷേധത്തിന് പിന്നാലെയാണ് ബില്ലുകളിലെ ഹോട്ടലുകളുടെ പേര് നഗരസഭ പുറത്തുവിട്ടത്.

Attachment
PDF
DocScanner 17-Jan-2023 5-16 pm.pdf
Preview

കളമശ്ശേരിയിലെ ഫലാഫില്‍ ദുബായ്, ചപ്പാത്തി കമ്പനി, ഒബ്രോണ്‍മാള്‍, ഇഫ്താര്‍ തുടങ്ങി 49 ഹോട്ടലുകളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ മുന്‍നിര ബേക്കറി ശൃംഖലകളായ കെ ആർ ബേക്കറി, ബെസ്റ്റ് ബേക്കറി തുടങ്ങിയവയുടെ പേരും പ്രമുഖ മാളുകളും പട്ടികയിലുണ്ട്. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിലാണ് പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഇറച്ചി വില്‍പ്പന നടത്തുന്നതായി നാട്ടുകാരാണ് നഗരസഭയെ അറിയിച്ചത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയുമാണ് ഇറച്ചി സൂക്ഷിച്ചത്. കൂടാതെ 150ലിറ്ററിലധികം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടികൂടിയിരുന്നു.

അതേസമയം, എറണാകുളത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ പറവൂരിലെ കുമ്പാരീസ് ഹോട്ടലിൽ  നിന്നും ഇന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കുഴിമന്തി കഴിച്ച 65 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പറവൂരിലെ തന്നെ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കുകയും 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

അതിനിടെ കളമശേരിയില്‍ അഴുകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തില്‍ നിന്ന് റോയല്‍ ബാക്കേഴ്‌സ്, ബേക്കറി ബി (ബെസ്റ്റ് ബേക്കറി), റോയല്‍ ഫുഡ്, കെആര്‍ ബേക്കേഴ്‌സ്, എംആര്‍എ ബേക്കറി എന്നീ സ്ഥാപനങ്ങള്‍ മാംസം വാങ്ങിയിട്ടില്ലെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള പറഞ്ഞു. എറണാകുളത്ത് നന്നായി പ്രവര്‍ത്തിക്കുന്ന ബേക്കറികളാണിത്. എങ്ങനെയാണ് ഈ ബേക്കറികളുടെ പേരുകള്‍ ലിസ്റ്റില്‍ വന്നതെന്ന് പരിശോധിക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവര്‍ പറഞ്ഞു.

എഫ്എസ്എസ്‌ഐ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ അസോസിയേഷന്റെ കീഴിലുള്ള ബേക്കറികള്‍ മാംസം വാങ്ങാറുള്ളൂ. ബേക്കറികളില്‍ എത്തിക്കുന്ന മാംസത്തിന്റെ ഗൂണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് പ്രൊഡക്ഷന്‍ യൂണിറ്റിലേക്ക് കയറ്റുക. ഇത് സംബന്ധിച്ച എല്ലാ രേഖകളും കൈമാറാന്‍ തയ്യാറാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടക്കുന്ന പരിശോധനകള്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ അത് വ്യവസായത്തെ ദോഷമായി ബാധിക്കും വിധമാകരുതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in