കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തി; പിന്നില്‍ ആര്‍എസ്എസ് മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമെന്ന് ആരോപണം

കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തി; പിന്നില്‍ ആര്‍എസ്എസ് മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമെന്ന് ആരോപണം

സംഭവത്തില്‍ ഇന്ന്‌ ഉച്ചയ്ക്ക് 2 മുതല്‍ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഡിവൈഎഫ്ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായ പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടിയാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ്. ആര്‍എസ്എസ് മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘം അമ്പാടിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ഉച്ചയ്ക്ക് 2 മുതല്‍ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഡിവൈഎഫ്ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാല് ബൈക്കുകളിലായി എത്തിയ സംഘം നടുറോഡിലാണ് അമ്പാടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. അമ്പാടിയുടെ കഴുത്തിനും കയ്ക്കും വെട്ടേറ്റിരുന്നു. ഇതില്‍ കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. സംഭവ സ്ഥലത്ത് വച്ച് തന്നെ അമ്പാടി കൊല്ലപ്പെട്ടു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് വിവരം.

ക്വട്ടേഷന്‍ മാഫിയാ സംഘങ്ങള്‍ക്കെതിരെ നാളെ ജില്ലയില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും, ഈ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ഡിവൈഫ് ജില്ലാ ഭാരവാഹികള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in