ഐഎന്‍എസ് വിക്രാന്ത്
ഐഎന്‍എസ് വിക്രാന്ത്

രാജ്യത്തിന്റെ അഭിമാനം; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നാവികസേനയ്ക്ക് കൈമാറി

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിയിലെ കപ്പൽ ശാലയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് വിക്രാന്ത് ഔദ്യോഗികമായി നാവികസേനയ്ക്ക് കൈമാറി. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ ഹംപിഹോളി, കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് സിഎംഡി മധു എസ്നാ യർ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 43,000 ടൺ ലോഡിങ് ശേഷിയുള്ള ഐഎൻഎസ് വിക്രാന്ത് ലോകത്തിലെ ഏഴാമത്തെ വലിയ വിമാന വാഹിനി കപ്പലാണ്. കപ്പലിന്‍റെ ആകെ നീളം 262 മീറ്ററും ഉയരം 59 മീറ്ററും ആണ്. രണ്ട് ഫുട്ബോൾ കളിക്കളത്തിലെ വലുപ്പമുണ്ട് കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിന്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ ഒരേസമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യമുണ്ട്.

കൊച്ചിയിലെ കപ്പൽ ശാലയിൽ, 2007ൽ തുടങ്ങിയ നിർമാണം, 20,000 കോടി രൂപ ചെലവിൽ 15 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. കപ്പൽ നിർമാണത്തിൽ, 76 ശതമാനവും ഇന്ത്യൻ നിർമിത വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും അഭിമാന നേട്ടമാണ്. 2021 ഓഗസ്റ്റ് മുതൽ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങൾ വിക്രാന്ത് വിജയകരമായി മറികടന്നു. കഴിഞ്ഞ മാസം 28ന് കൊച്ചിൻ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കമ്മീഷൻ ചെയ്തതിനു ശേഷമേ കപ്പൽ ഷിപ്പ് യാർഡിൽ നിന്നും മാറ്റുകയുള്ളു. ഇതോടെ, വിമാനവാഹിനിക്കപ്പലുകൾ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും കഴിവുള്ള യുഎസ്, റഷ്യ, ഫ്രാൻസ്, യുകെ, ചൈന എന്നീ രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പിൽ ഇന്ത്യയും സ്ഥാനമുറപ്പിക്കും.

logo
The Fourth
www.thefourthnews.in