പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടി
പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടി

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയിലെ പരിശീലനം: സസ്പെന്‍ഷനിലായിരുന്ന ഫയര്‍ഫോഴ്‌സ് ഓഫീസറെ തിരിച്ചെടുത്തു

എറണാകുളം ജില്ലാ മുന്‍ ഫയര്‍ ഓഫീസറായ എ എസ് ജോഗിയെയാണ് സര്‍വ്വീസിലേക്ക് തിരിച്ചെടുത്തത്

ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. എറണാകുളം ജില്ലാ മുന്‍ ഫയര്‍ ഓഫീസറായ എ എസ് ജോഗിയെയാണ് സര്‍വ്വീസിലേക്ക് തിരിച്ചെടുത്തത്. സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

മാര്‍ച്ച് 30-ന് ആലുവ ടൗണ്‍ ഹാളില്‍ പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്നിരക്ഷാ സേന പരിശീലനം നല്‍കിയത്. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട വിവിധ രീതികളെക്കുറിച്ചായിരുന്നു പരിശീലനം. ഇത് വിവാദമായി. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്.

സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ എ എസ് ജോഗിയേയും റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈജുവിനേയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പരിശീലനം നല്‍കിയ മൂന്ന് ഫയര്‍മാന്‍മാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. മേലുദ്യോഗസ്ഥര്‍മാരുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് കേരളാ ഫയര്‍ഫോഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മൂന്ന് ഓഫീസര്‍മാര്‍ക്കെതിരെയുള്ള നടപടി സ്ഥലമാറ്റത്തില്‍ ഒതുക്കിയത്.

മത- രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്‌സ് സേനാ അംഗങ്ങള്‍ പരിശീലനം നല്‍കുന്നത് വിലക്കി ഫയര്‍ഫോഴ്‌സ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍, അംഗീകൃത പൊതുജന സേവന പ്രസ്ഥാനങ്ങള്‍ , വ്യാപാരി- വ്യവസായി കൂട്ടായ്മകള്‍ എന്നിവർക്ക് മാത്രം പരിശീലനം നല്‍കിയാല്‍ മതിയെന്നുമായിരുന്നു നിര്‍ദ്ദേശം.

logo
The Fourth
www.thefourthnews.in