ഓഫീസിന് അകത്തേക്കും പുറത്തേക്കും പോകുന്നത് രേഖപ്പെടുത്തും; സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വരുന്നു

ഓഫീസിന് അകത്തേക്കും പുറത്തേക്കും പോകുന്നത് രേഖപ്പെടുത്തും; സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വരുന്നു

സെക്രട്ടേറിയറ്റിലെ എല്ലാ സര്‍വീസ് സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്

സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഒരുങ്ങുന്നു. ജീവനക്കാര്‍ ജോലിസമയത്ത് ഫ്‌ളോര്‍ വിട്ട് പുറത്തുപോകുന്നത് തടയാന്‍ ആണ് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പിലാക്കുന്നത്. പഞ്ച് ചെയ്ത ശേഷം ജീവനക്കാര്‍ മറ്റ് ഫ്‌ളോറുകളിലേക്ക് പോകുന്നുവെന്നും അത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ സെക്രട്ടറി തല യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഏപ്രില്‍ ഒന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പിലാക്കുന്നത്. ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. രണ്ട് മാസത്തിനു ശേഷം ബയോമെട്രിക് പഞ്ചിങ്ങിനോടൊപ്പം ആക്‌സസ് കണ്‍ട്രോള്‍ സംയോജിപ്പിക്കുമെന്ന‍ും ഉത്തരവില്‍ പറയുന്നു.

പൊതുഭരണ (രഹസ്യവിഭാഗം) വകുപ്പിനാണ് ആക്‌സസ് കണ്ട്രോള്‍ സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല. സംവിധാനം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ജീവനക്കാര്‍ പുറത്തുപോകുകയും തിരികെ വരികയും ചെയ്യുന്ന സമയം അറിയാന്‍ സാധിക്കും.

അതേസമയം, സെക്രട്ടറിയേറ്റിലെ എല്ലാ സര്‍വീസ് സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംവിധാനം അശാസ്ത്രീയമാണെന്നാണ് യൂണിയനുകളുടെ വാദം. ഇതിനെതിരെ സംഘടനകള്‍ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in