സുരേഷ്‌ഗോപി
സുരേഷ്‌ഗോപി

വ്യാജരേഖ ചമച്ച് നികുതിവെട്ടിപ്പ് നടത്തിയ കേസ് റദ്ദാക്കണമെന്ന് സുരേഷ്‌ ഗോപി; ഡിസംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും

ജനപ്രതിധികള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതി ഡിസംബര്‍ 12ന് കേസ് വീണ്ടും പരിഗണക്കാനായി മാറ്റി.

വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി കോടതിയെ സമീപിച്ചു. ജനപ്രതിധികള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതി ഡിസംബര്‍ 12ന് കേസ് വീണ്ടും പരിഗണക്കാനായി മാറ്റി. നികുതി വെട്ടിപ്പ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ സുരേഷ് ഗോപി ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പിന്നാലെയാണ് കേസ് റദ്ദാക്കാനുള്ള നീക്കം.

തനിക്കെതിരെ കള്ളക്കേസാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് സുരേഷ് ഗോപിയുടെ വാദം. പുതുച്ചേരിയിലും പരിസരങ്ങളിലും താനും കുടുംബാംഗങ്ങളും കൃഷി നടത്തുന്നുണ്ട്. ഇതിന്റെ ആവശ്യാര്‍ഥം 2009 മുതല്‍ പുതുച്ചേരിയില്‍ വീട് വാടകക്ക് എടുത്തിട്ടുണ്ട്. പുതുച്ചേരി രജിസ്‌ട്രേഷനില്‍ രണ്ട് ഔഡി ക്യൂ ഏഴ് കാറുകളാണ് തനിക്കുള്ളത്. ഇവയൊന്നും കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിച്ചിട്ടില്ല. രാജ്യസഭാ എംപിയായിരുന്നപ്പോള്‍ മുതല്‍ ഒരു വാഹനം ഡല്‍ഹിയിലാണുള്ളത്. 2016 ഒക്ടോബര്‍ 25ന് ശേഷം ഈ വാഹനം കേരളത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. മറ്റൊന്ന് ബെംഗളൂരുവിലാണുള്ളതെന്നുമാണ് സുരേഷ് ഗോപി ഹൈക്കോടതിയില്‍ അവകാശപ്പട്ടത്.

എന്നാല്‍ മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും സുരേഷ് ഗോപി ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. നിയമലംഘനത്തിന് പല തവണ കേരളത്തില്‍ വാഹന ഉടമക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. ഒരു വ്യക്തിക്ക് വാഹനം ഉപയോഗിക്കാനോ സൂക്ഷിക്കാനോ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഏത് വിലാസത്തിലും വാഹനം രജിസ്റ്റര്‍ ചെയ്യാമെന്ന് നടന്റെ അഭിഭാഷകന്‍ പ്രത്യേക കോടതിയില്‍ വാദിച്ചു. വാഹനങ്ങള്‍ കേരളത്തിലെ വിലാസത്തില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ കാണിക്കാന്‍ കഴിഞ്ഞില്ല. കേരളത്തിലെ വിലാസത്തില്‍ നിന്ന് ഒരു വാഹനവും പിടിച്ചെടുത്തിട്ടില്ലെന്നും അതിനാല്‍ നികുതി തട്ടിപ്പ് നടത്തിയിട്ടില്ലന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.

logo
The Fourth
www.thefourthnews.in